സ്ഥിരമായി കഞ്ചാവുകടത്തുന്നയാൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

 

konnivartha.com /പത്തനംതിട്ട : പത്തുവർഷത്തോളമായി കഞ്ചാവ് കടത്തലിൽ ഏർപ്പെടുകയും നിരവധി തവണ പിടിക്കപ്പെടുകയും ചെയ്തയാൾ ഉൾപ്പെടെ മൂന്നുപേരെ ഡാൻസാഫ് സംഘവും വെച്ചൂച്ചിറ പോലീസും ചേർന്ന് പിടികൂടി. വെച്ചൂച്ചിറ ചെമ്പനോലി തകിടിയിൽ വീട്ടിൽ കിട്ടന്റെ മകൻ മണിയപ്പൻ (65), കൊല്ലമുള മണ്ണടിശാല കുന്നനോലിൽ വീട്ടിൽ ലംബോധരന്റെ മകൻ ഷെനിൽകുമാർ (40), അത്തിക്കയം നാറാണം മൂഴി പുത്തൻപുരയിൽ വീട്ടിൽ സത്സൻ ഡിക്രൂസിന്റെ മകൻ സന്തോഷ്‌ എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ ഡിക്രൂസ് (47) എന്നിവരാണ് വെച്ചൂച്ചിറ പോലീസുമായി ചേർന്ന് സംയുക്തമായി നടന്ന പരിശോധനയിൽ കൂത്താട്ടുകുളത്തു വച്ച് രാത്രി 11 മണികഴിഞ്ഞ് പിടിയിലായത്.

222 ഗ്രാം  കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു. ഇവർ സഞ്ചരിച്ച ഓട്ടോയും പിടിച്ചെടുത്തു.മൂന്നാം പ്രതി സെബാസ്റ്റ്യൻ ഡിക്രൂസ് ആണ് ഓട്ടോ ഓടിച്ചത്, ഇയാളുടെ
ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. ഒന്നാം പ്രതിയുടെ മടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. മൂന്നു മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഒന്നാം പ്രതി
മണിയപ്പൻ വെച്ചൂച്ചിറ കൂടാതെ റാന്നി വെച്ചൂച്ചിറ, റാന്നി, പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് കടത്തിയതിന് കേസിൽ പ്രതിയാണ്.

മേഖലയിൽ വിൽക്കുന്നതിനുവേണ്ടി കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. കൂത്താട്ടുകുളം മടന്തമൺ പാതയിൽ കാക്കനാട്ടുപടിയിൽ വച്ച് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോയോളം കഞ്ചാവ് കഴിഞ്ഞയിടെ ഡാൻസാഫ് സംഘം
പിടികൂടിയിരുന്നു. അറസ്റ്റിലായ പ്രതികളായ ബിജുമോൻ, സാബു എന്നിവരെ ചോദ്യം ചെയ്തപ്പോൾ, അന്ന് കടത്തിയ കഞ്ചാവ് മണിയപ്പനുവേണ്ടി കൊണ്ടുവന്നതാണെന്നും
പ്രതികൾ സമ്മതിച്ചിരുന്നു.കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ അന്നെടുത്ത കേസിൽ മണിയപ്പനെയും പ്രതിയായി ഉൾപ്പെടുത്തും. രണ്ടുമാസത്തോളം തുടർന്ന നിരീക്ഷണത്തിനൊടുവിലാണ് അന്ന് കഞ്ചാവ് പിടികൂടാനായത്. ഇതിനുശേഷം കഞ്ചാവിന്റെ ജില്ലയിലേക്കുള്ള വരവ് കുറഞ്ഞതാണ്. തമിഴ് നാട്ടിൽ നിന്നും സംഘടിപ്പിച്ചുകൊണ്ടുവന്നതാണ് ഇപ്പോൾ പിടിച്ചെടുത്ത കഞ്ചാവ്. ബിജുമോനും സാബുവും അറസ്റ്റിലായതറിഞ്ഞു
മുങ്ങിയ മണിയപ്പനുവേണ്ടി അന്നുമുതൽ ഡാൻസാഫ് സംഘം വലവിരിച്ച് കാക്കുകയായിരുന്നു.

ഇയാൾ തമിഴ് നാട്ടിൽനിന്നും കഞ്ചാവുമായി എത്തുന്നുണ്ടെന്ന രഹസ്യ വിവരം ജില്ലാ പോലീസ് മേധാവി കൈമാറിയത്തിനെതുടർന്ന് പരിശോധന ശക്തമാക്കിയപ്പോൾ കൂട്ടാളികൾക്കൊപ്പം പോലീസിന്റെ വലയിൽ വീണ്ടും കുടുങ്ങുകയാണുണ്ടായത്. കഴിഞ്ഞമാസം 22 ന് 36 ഗ്രാം കഞ്ചാവുമായി മണിയപ്പനെ ഡാൻസാഫ് സംഘം പിടികൂടിയിരുന്നെങ്കിലും ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും സജീവമായി. അളവ് ഒരു കിലോഗ്രാമിൽ താഴെയുള്ളൂവെങ്കിൽ കോടതിയിൽ ജാമ്യം കിട്ടുമെന്നറിയാവുന്നതിനാൽ, കഞ്ചാവ് കുറേശ്ശേയായി പലസ്ഥലങ്ങളിൽ സൂക്ഷിച്ചുവച്ചശേഷം കടത്തിക്കൊണ്ടുവരികയാണ് പതിവ്.

ഡാൻസാഫ് സംഘത്തിലെ എസ് ഐ അജി സാമൂവലിനെ കൂടാതെ അംഗങ്ങളായ അജികുമാർ,
സി പി ഓമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, എന്നിവരും, വെച്ചൂച്ചിറ എസ് ഐ
സണ്ണിക്കുട്ടിയ്ക്കൊപ്പം എസ് സി പി ഓ ജോസ്, സി പി ഓ അലക്സ്‌ എന്നിവരുമാണ് റെയ്‌ഡിൽ പങ്കെടുത്തത്.

error: Content is protected !!