യോഗയിലൂടെ തെളിയുന്നത് മാനവികത: ജില്ലാ കളക്ടര്‍

മാനവികതയുടെ മുഖമാണ് യോഗയിലൂടെ തെളിയുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗ പരിശീലനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.  യോഗ മനസില്‍ വെളിച്ചം പകരുവാനും മറ്റുള്ളവരെ വെളിച്ചത്തിലേക്ക് നയിക്കാനും സഹായിക്കും. മറ്റുള്ളവരുമായുള്ള നിര്‍മല ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാന്‍ യോഗ സഹായകരമാകും. ജോലിയുടെ ഭാരം മാനസിക സംഘര്‍ഷത്തിലേക്ക് കൊണ്ടെത്തിക്കുന്നു.

 

 

ആവശ്യമില്ലാത്ത ഭയം മാനസികസംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കി നിറപുഞ്ചിരിയോടെ എല്ലാ പ്രശ്‌നത്തെയും നേരിടാനും ധൈര്യമായിട്ട് അവയെ അഭിമുഖീകരിക്കാനും യോഗ സ്വായത്തമാക്കുന്നതിലൂടെ സാധ്യമാകും. മനസ്, ആത്മാവ്, ശരീരം, ഇന്ദ്രിയം എന്നിവയുടെ ലയനമാണ് യോഗ പ്രദാനം ചെയ്യുന്നത്. ജീവിതചര്യയെ മെച്ചപ്പെടുത്തുന്നതിനൊപ്പം പുത്തന്‍ ഉണര്‍വും നന്മയുമാണ് യോഗയിലൂടെ നമ്മുടെ ഉള്ളിലേക്കെത്തുന്നതെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡേ. പി.എസ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.ഡി.ബിജുകുമാര്‍ യോഗാദിന സന്ദേശത്തില്‍ മനുഷ്യന് മനസിനെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ യുദ്ധങ്ങളും കലാപങ്ങളും ലോകത്തുണ്ടാവുകയില്ലായിരുന്നുവെന്ന്  പറഞ്ഞു. തുടര്‍ന്ന് യോഗാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഓംനാഥ് നേതൃത്വം നല്‍കിയ യോഗാ പരിശീലനത്തില്‍ കളക്ടറും ആയുഷ് വകുപ്പിലെ പ്രവര്‍ത്തകരും ഒത്താരുമിച്ച് പങ്കാളികളായി.

 

ജില്ല വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നിം, ദേശീയ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എസ്. സുനിത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനൂപ, ജില്ലാ മെഡിക്കല്‍ ഓഫീസ്(ആയുര്‍വേദം)സീനിയര്‍ സൂപ്രണ്ട് കെ.സി. അലക്‌സാണ്ടര്‍ എന്നിവരെ കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!