കോന്നിയില്‍ ജലം മലിനമാക്കുന്ന പാറമടയ്ക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം

Spread the love

 

 

konnivartha.com : ജനങ്ങളുടെ പരാതിക്ക് പരിഗണനല്കാത്ത ഉദ്യോഗസ്ഥർക്കെതിരെയും സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി നടപടി സ്വീകരിക്കും.

കോന്നി:ജനങ്ങളുടെ കുടിവെള്ളം മലിനമാക്കുന്ന ക്രഷർ യൂണിറ്റിനെതിരെ കർശന നടപടി സ്വീകരിക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. കോന്നി പഞ്ചായത്ത് ഏഴാം വാർഡിൽ പ്രവർത്തിക്കുന്ന അടുകാട് ഇൻഡസ്ട്രീസിൽ നിന്നും, വിനായക ഗ്രാനൈറ്റ്സിൽ നിന്നും അടുകാട് തോട്ടിലൂടെ മാലിന്യം ഒഴുക്കിവിട്ട് പഞ്ചായത്ത് തടയണയിലും, കുടിവെള്ള ഓലിയിലുമുള്ള ജലം മലിനമാക്കുന്നതിനെതിരെ പ്രദേശവാസികളായ അറുപത് കുടുംബങ്ങൾ എം.എൽ.എയ്ക്ക് പരാതി നല്കിയിരുന്നു.

മാലിന്യം നിറഞ്ഞ കുടിവെള്ളമാണ് ഓലിയിൽ നിന്നും ജനങ്ങൾക്ക് ലഭിക്കുന്നത്. തടയണയിലെ ജലത്തിൽ കുളിച്ചാൽ ജനങ്ങൾക്ക് ചൊറിച്ചിലും, മറ്റ് അസ്വസ്ഥതകളും പതിവാണ്. ഈ വിഷയങ്ങൾ ശ്രദ്ധയിൽ പെട്ട എം.എൽ.എ പോലിസ് ,റവന്യൂ, പഞ്ചായത്ത്, ആരോഗ്യ, മൈനിങ്ങ് ആൻ്റ് ജിയോളജി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരേയും കൂട്ടിയാണ് പ്രദേശത്ത് സന്ദർശനം നടത്തിയത്.

പാറമട സൃഷ്ടിക്കുന്ന വിവിധ പ്രശ്നങ്ങൾ ജനങ്ങൾ ഉദ്യോഗസ്ഥമേധാവികളുടെ മുൻപാകെ വിശദമായി ബോധ്യപ്പെടുത്തി. കുടിവെള്ളം മലിനമാകുന്ന നിലയിൽ മാലിന്യം പുറന്തള്ളുന്നത് എം.എൽ.എയ്ക്കും, ഉദ്യോഗസ്ഥർക്കും ബോധ്യമാക്കി നല്കാൻ സ്ത്രീകൾ അടക്കമുള്ള പ്രദേശവാസികൾക്കു കഴിഞ്ഞു.

മാലിന്യം സംസ്കരിക്കുന്നതിന് സംവിധാനം ഒരുക്കും വരെ സ്ഥാപനത്തിൻ്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കാൻ എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.തടയണയിലെ ജലം പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ശേഖരിക്കണം. മലിനീകരണ നിയന്ത്രണ ബോർഡ് മാലിന്യ സംസ്കരണ സംവിധാനം സ്ഥാപനത്തിൽ അടിയന്തിരമായി ഒരുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം.

പാറമടയുടെ പ്രവർത്തനം മൈനിംഗ്‌ ആൻ്റ് ജിയോളജി വിഭാഗം അടിയന്തിര പരിശോധനയ്ക്ക് വിധേയമാക്കണമെന്നും എം.എൽ.എ പറഞ്ഞു. മൈനിംഗ് ഏരിയ വിശദ പരിശോധനയ്ക്ക് വിധേയമാക്കണം.

പുതിയ പാറമടകൾ കോന്നി നിയോജക മണ്ഡലത്തിൽ വേണ്ട എന്ന നിലപാട് നിലവിലുള്ള പാറമടകളിൽ എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല എന്ന് എം.എൽ.എ പറഞ്ഞു. നിലവിൽ പ്രവർത്തിക്കുന്ന പാറമടകൾക്കും കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണ്. പാറമടകൾ പ്രവർത്തിപ്പിക്കുമ്പോൾ ജനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ പ്രഥമ പരിഗണന നല്കി പരിഹരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെങ്കിൽ അവർക്കെതിരെ സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തി കർശന നടപടി സ്വീകരിപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.

എം.എൽ.എയോടൊപ്പം കോന്നി തഹസീൽദാർ പി സുദീപ്,കോന്നി ഡി വൈ എസ് പി ബൈജു കുമാർ,പത്തനംതിട്ട അസിസ്റ്റന്റ് ജിയോളജിസ്റ് എസ് ആദർശ്, പൊല്യൂഷൻ കണ്ട്രോൾ ബോർഡ് അസി. എക്സികുട്ടീവ് എൻജിനീയർ പി. എൻ.പ്രവിതമോൾ, ആരോഗ്യ വകുപ്പ് ഹെൽത് സൂപ്പർ വൈസർ ചാക്കോ, കോന്നി ഡെപ്യുട്ടി തഹസിൽദാർ സജീവ്,കോന്നി പഞ്ചായത്ത്‌ അസി.സെക്രട്ടറി സി പി മുരളികൃഷ്ണൻ കോന്നി ഹെൽത് ഇൻസ്‌പെക്ടർ എൻ ബാബു എന്നിവർ പങ്കെടുത്തു.

error: Content is protected !!