മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അര്‍ഹരായവര്‍ക്ക് നല്‍കും

 

അര്‍ഹരായവര്‍ക്ക് അര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ നല്‍കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അഡ്വ.കെ യു ജനീഷ് കുമാര്‍ എം എല്‍ എപറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം എല്‍ എ. കോന്നി സ്വദേശി കല്യാണി തങ്കപ്പന് കാര്‍ഡ് നല്‍കിയായിരുന്നു ജില്ലാതല വിതരണോദ്ഘാടനം.

സംസ്ഥാനതലത്തില്‍ നടന്ന പരിപാടിയിലൂടെ ഒരു ലക്ഷം കുടുംബങ്ങള്‍ക്കാണ് മുന്‍ഗണനാ കാര്‍ഡുകള്‍ ലഭ്യമാക്കിയത്. കോന്നി മണ്ഡലത്തില്‍ അഞ്ഞൂറിലധികം കാര്‍ഡുകള്‍ വിതരണം ചെയ്തു കഴിഞ്ഞു. ഏറെ കാലമായിട്ടുള്ള ജനങ്ങളുടെ പരാതികള്‍ക്കാണ് ഇതോടെ പരിഹാരമായതെന്നും എംഎല്‍എ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് അര്‍ഹരായ മുന്‍ഗണനാ വിഭാഗക്കാര്‍ക്കും എഎവൈ(മഞ്ഞ), പിഎച്ച്എച്ച്( പിങ്ക്) റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 120 പിങ്ക് കാര്‍ഡുകളും, 12 മഞ്ഞ കാര്‍ഡുകളുമാണ് ചടങ്ങില്‍ വിതരണം ചെയ്തത്. പൊതുവിതരണ സംവിധാനം ഏറ്റവും കൃത്യമായി നടക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് അധ്യക്ഷത വഹിച്ച് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. പൊതുവിതരണ രംഗം സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ മികച്ച അഞ്ചുറേഷന്‍ കടകള്‍ കെ- സ്റ്റോറുകളാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പി.എച്ച്.എച്ച് കാര്‍ഡുകളുടെ വിതരണം നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ഹുസൈന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ എന്നിവര്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ജില്ലാ സപ്ലൈ ഓഫീസര്‍ എം.അനില്‍, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജോസി സെബാസ്റ്റ്യന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!