കോന്നി നാരായണപുരം ചന്തയ്ക്ക് ഉള്ളിൽ മാലിന്യം: നീക്കം ചെയ്തെന്ന് കളവു പറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് എതിരെ നടപടി ഉണ്ടാകും

Spread the love

കോന്നി നാരായണപുരം ചന്തയ്ക്ക് ഉള്ളിൽ മാലിന്യം ഇല്ലെന്നു പഞ്ചായത്ത്‌ സെക്രട്ടറി. ഉണ്ടെന്നു കോന്നി എം എൽ എ അഡ്വ. കെ യു. ജനീഷ് കുമാർ.

എങ്കിൽ നേരിട്ട് ബോധ്യപ്പെടുത്താൻ അങ്ങോട്ട് പോകാം എന്ന് എംഎൽഎ.

KONNIVARTHA.COM  :– കോന്നി നാരായണപുരം ചന്തയിൽ മാലിന്യം ഉണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നും അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ എംഎൽഎ ആരോഗ്യജാഗ്രത ജില്ലാതല യോഗത്തിൽ ആവശ്യപ്പെട്ടു. ആരോഗ്യമന്ത്രി വീണ ജോർജ് അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. യോഗത്തിൽ ജില്ലയിലെ എംഎൽഎമാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാർ സെക്രട്ടറിമാർ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരാണ് പങ്കെടുത്തത്.

 

കോന്നിയിൽ കഴിഞ്ഞ കുറെ നാളുകളായി നിലനിൽക്കുന്ന മാലിന്യപ്രശ്നമാണ് എം എല്‍ എ അഡ്വ ജനീഷ് കുമാര്‍ ഉന്നയിച്ചത്. വലിയ നിലയിലുള്ള മാലിന്യമാണ് കുന്നുകൂടി കിടക്കുന്നത്. മാലിന്യസംസ്കരണ പ്ലാന്റ് നിരവധി നാളുകളായി പ്രവർത്തനരഹിതമാണ്.

പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന മാലിന്യം മാർക്കറ്റിനുള്ളിൽ കുന്നു കൂട്ടിയിട്ടിരിക്കുകയാണ്. ഇത് കച്ചവടക്കാർക്കും പൊതുജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ദുർഗന്ധം കൊണ്ട് ചന്തയ്ക്ക് ഉള്ളിൽ പ്രവേശിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്.

താലൂക്ക് വികസന സമിതി യോഗത്തിൽ ഈ വിഷയം ഉയർന്നുവരികയും മാലിന്യം ഉടൻ നീക്കം ചെയ്യണമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. ചന്തയുടെ പലഭാഗത്തായി കൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരം നിരവധിതവണ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎ ആരോഗ്യജാഗ്രത ജില്ലാ യോഗത്തിൽ വിഷയം ഉന്നയിച്ചത്.

 

യോഗത്തിൽ പങ്കെടുത്ത കോന്നി പഞ്ചായത്ത് സെക്രട്ടറി മറുപടി പറയണമെന്ന് നിർദ്ദേശിച്ചപ്പോൾ കോന്നി മാർക്കറ്റിൽ ഇപ്പോൾ മാലിന്യം ഇല്ലെന്നും അത് നീക്കം ചെയ്തു എന്നുമാണ് അദ്ദേഹം യോഗത്തിൽ അറിയിച്ചത്. വീണ്ടും എംഎൽഎ ഇടപെട്ട് മാലിന്യം നീക്കം ചെയ്തിട്ടില്ല എന്ന് ധരിപ്പിച്ചപ്പോൾ. പൂർണ്ണമായും മാലിന്യം നീക്കം ചെയ്തു എന്ന് യോഗത്തിൽ വീണ്ടും ആവർത്തിക്കുകയാണ് കോന്നി പഞ്ചായത്ത്‌ സെക്രട്ടറി ചെയ്തത്. തുടർന്ന് എംഎൽഎ അരമണിക്കൂറിനകം മാർക്കറ്റിൽ എത്തിച്ചേരുമെന്നും യോഗത്തിൽ പങ്കെടുത്ത പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോട് മാർക്കറ്റിലുടനെ എത്തിച്ചേരണമെന്നും നിർദ്ദേശിച്ചു. തുടർന്ന് അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎയും ഡിഡിപി.കെ ആർ സുരേഷ്, കോന്നി പഞ്ചായത്തു സെക്രട്ടറി ജയബാലൻ എന്നിവരടങ്ങുന്ന സംഘം മാർക്കറ്റിൽ എത്തി.മാർക്കറ്റിനുള്ളിൽ പ്രവേശിക്കാൻ കഴിയാത്ത തരത്തിലുള്ള മാലിന്യകൂമ്പാരമാണ് ഇവരെ വരവേറ്റത്. തുടർന്ന് എംഎൽഎയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി നിന്ന പഞ്ചായത്ത് സെക്രട്ടറിയാണ് പിന്നീട് കണ്ടത്. മാർക്കറ്റിലെ കച്ചവടക്കാരും സമീപവാസികളും എല്ലാം പരാതിയുടെ പ്രളയവുമായി എംഎൽഎ യുടെ മുന്നിൽ എത്തിച്ചേർന്നു.

മാലിന്യം നീക്കം ചെയ്യാൻ കഴിഞ്ഞ കുറേ നാളുകളായി ഒരു നടപടിയും ഉണ്ടാകുന്നില്ല എന്ന് എംഎൽഎയ്ക്ക് ബോധ്യപ്പെട്ടു. ഡി ഡിപി യോടൊപ്പം മാർക്കറ്റിന്റെ പലഭാഗങ്ങളിൽ എംഎൽഎ നേരിട്ട് കണ്ടു ബോധ്യപ്പെടുത്തി. എംഎൽഎയുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ പഞ്ചായത്ത് സെക്രട്ടറിക്ക് കഴിഞ്ഞില്ല. ദുർഗന്ധം കാരണം മാർക്കറ്റിന് പലഭാഗങ്ങളിലും ഇവർക്ക് എത്തിച്ചേരാൻ സാധിച്ചില്ല.

മാർക്കറ്റിലെ വിവിധഭാഗങ്ങളിലായി നിർമ്മിച്ചിട്ടുള്ള ഒരു ഒരു ടോയ്‌ലറ്റുകളും പ്രവർത്തനക്ഷമമല്ല. വനിതകളായിട്ടുള്ള കച്ചവടക്കരുൾപ്പെടെ എം എൽ എ യ്ക്കു മുന്നിൽ പരാതിയുമായെത്തി. തെരുവ് നായ്ക്കളും കൊതുകുകളും ഇഴ ജന്തുക്കളും ഉൾപ്പെടെ വൃത്തിഹീനമായ സാഹചര്യമാണ് മാർക്കറ്റിനുള്ളിൽ കാണാൻ കഴിഞ്ഞത്.

നാളെ 2 മണിക്ക് മുമ്പായി എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യുമെന്നും. ഇപ്പോൾ തന്നെ മാലിന്യം നീക്കം ചെയ്യാൻ ആവശ്യമായ നടപടി ആരംഭിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഈ വിവരം ഡിഡിപി കെ.ആർ. സുമേഷ് എംഎൽഎക്ക് ഉറപ്പ് നൽകി. നാളെ മൂന്നുമണിക്ക് വീണ്ടും ഡിഡിപി യോടൊപ്പം മാർക്കറ്റ് സന്ദർശിക്കുമെന്ന് എംഎൽഎ അറിയിച്ചു.

മന്ത്രിയും എം എൽ എ മാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വിവരം നൽകിയ പഞ്ചായത്ത് സെക്രട്ടറിക്ക് എതിരെ ആവശ്യമായ നടപടി ഉണ്ടാകുമെന്നു എംഎൽഎ അറിയിച്ചു. നിലവിലുള്ള മാലിന്യം നീക്കം ചെയ്തതിനുശേഷം ഈ വിഷയം ശാശ്വതമായി പരിഹരിക്കുന്നതിനു വേണ്ടി പ്രത്യേക യോഗം വിളിക്കുമെന്നും എംഎൽഎ അറിയിച്ചു.

ജില്ലയിലെ പഴക്കംചെന്ന മാർക്കറ്റ് ആണ് കോന്നി നാരായണപുരം മാർക്കറ്റ്. കഴിഞ്ഞകാലങ്ങളിൽ ധാരാളം ജനം ക്രയ വ്യക്രയങ്ങൾക്ക് എത്തിച്ചേർന്നിരുന്ന ഇടമാണ്. എന്നാൽ ഇപ്പോൾ ഇവിടെ മാലിന്യ പ്രശ്നവും ദുർഗന്ധം കാരണം ജനം ചന്തയിലേക്ക് എത്താത്ത സാഹചര്യമാണ്.

കോടികൾ മുടക്കി നിർമ്മിച്ച ആധുനിക മത്സ്യ മാർക്കറ്റും പുതിയതായി നിർമ്മിച്ച ടോയ്ലറ്റ് സമുച്ചയവും ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവയെല്ലാം പരിഹരിക്കണമെന്ന് ദീർഘനാളുകളായി പഞ്ചായത്ത് അധികാരികളോട് പൊതുജനം ആവശ്യപ്പെടുകയാണ്.

 

 

കോന്നി ചന്തയിലെ മാലിന്യപ്രശ്നം:ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് എംഎല്‍എയുടെ പരസ്യശാസന
മാലിന്യസംസ്‌കരണം നടത്തിയെന്ന് ആരോഗ്യമന്ത്രിയുടെ യോഗത്തെ സെക്രട്ടറി തെറ്റിദ്ധരിപ്പിച്ചു

KONNIVARTHA.COM : കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ പരസ്യശാസന. ആരോഗ്യമന്ത്രി വീണാജോര്‍ജിന്റെ അധ്യക്ഷതയില്‍ മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലയിലെ എംഎല്‍എമാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ജില്ലാതലത്തിലുള്ള ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത ആരോഗ്യജാഗ്രതാ യോഗം ഓണ്‍ലൈനായി ഇന്നലെ ചേര്‍ന്നിരുന്നു. കോന്നി നാരായണപുരം ചന്തയിലെ മാലിന്യപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ യോഗത്തില്‍ ആവശ്യപ്പെട്ടു. മാലിന്യസംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതിനാല്‍ കെട്ടുകണക്കിന് മാലിന്യമാണ് ചന്തയില്‍ കുന്നുകൂടി കിടക്കുന്നത്. ഇത് കച്ചവടക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ദുര്‍ഗന്ധം കാരണം ചന്തയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്.

 

 

 

താലൂക്ക് വികസന സമിതി യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്യുകയും മാലിന്യസംസ്‌കരണം അടിയന്തരമായി നടപ്പാക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു നടപടികളും ഉണ്ടാകാതിരുന്ന സാഹചര്യത്തിലാണ് എംഎല്‍എ ആരോഗ്യജാഗ്രത ജില്ലാ യോഗത്തില്‍ വിഷയം ഉന്നയിച്ചത്. എന്നാല്‍, ചന്തയിലെ മാലിന്യമെല്ലാം സംസ്‌കരിച്ചുവെന്നായിരുന്നു കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയബാലന്‍ യോഗത്തെ അറിയിച്ചത്. സത്യാവസ്ഥ നേരിട്ട് ബോധ്യപ്പെടാന്‍ യോഗം അവസാനിച്ച ഉടന്‍ തന്നെ കോന്നി ചന്തയില്‍ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.

 

 

മാലിന്യങ്ങള്‍ കുന്നുകൂടി അതിരൂക്ഷഗന്ധം പടര്‍ത്തി പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി എംഎല്‍എ നേരില്‍ക്കണ്ട് ബോധ്യപ്പെട്ടു. കൂടാതെ, ചന്തയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ശൗചാലയങ്ങളും പ്രവര്‍ത്തനക്ഷമമല്ലെന്ന് എംഎല്‍എ പരിശോധനയില്‍ കണ്ടെത്തി. എംഎല്‍എ മിന്നല്‍ പരിശോധനയ്ക്കെത്തിയപ്പോഴേക്കും ചന്തയെ കുറിച്ചുള്ള നിരവധി പരാതികളുമായി പ്രദേശവാസികളും എത്തി.

 

ആരോഗ്യമന്ത്രിയുടെ യോഗത്തെ മാലിന്യസംസ്‌കരണം നടത്തിയെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിന് കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയബാലനെതിരെ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷിന് എംഎല്‍എ നിര്‍ദേശം നല്‍കി.

ജനങ്ങളോട് പരമപുച്ഛത്തോടെയും ധാര്‍ഷ്ട്യത്തോടെയും പെരുമാറുന്ന ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇതുപോലുള്ള അവസ്ഥയ്ക്ക് കാരണമെന്നും ഇത്രയും ഭീകരമായ അവസ്ഥ കേരളത്തിലെ മറ്റൊരു ചന്തയ്ക്കുമില്ലെന്നും മേയ് 21ന് ഉച്ചകഴിഞ്ഞ് രണ്ടിനു മുന്‍പ് മാലിന്യങ്ങള്‍ ചന്തയില്‍ നിന്നും നീക്കം ചെയ്യാമെന്ന് ഡിഡിപി കെ.ആര്‍. സുമേഷ് ഉറപ്പ് നല്‍കിയെന്നും എംഎല്‍എ അറിയിച്ചു. നിലവിലുള്ള മാലിന്യം നീക്കം ചെയ്തതിനുശേഷം ഈ വിഷയം ശാശ്വതമായി പരിഹരിക്കുന്നതിനു വേണ്ടി പ്രത്യേക യോഗം വിളിക്കുമെന്നും എംഎല്‍എ അറിയിച്ചു.

error: Content is protected !!