മഴ നൂലുകളെ പ്രണയിക്കാന്‍ കോന്നി മഴമാപിനി” വാ” തുറക്കുന്നു

 

ന്യൂസ്‌ ഡസ്ക് കോന്നി
…………………………………….
konnivartha.com : മഴ തുള്ളികള്‍ കോന്നിക്ക് മുകളില്‍ നിന്നും ഭൂമിയില്‍ പതിച്ചാല്‍ വാ പിളര്‍ന്നിരിക്കുന്ന ഈ “കാമുകന്‍ “ഓരോ തുള്ളി മഴയുടെയും അളവ് കോല്‍ പറഞ്ഞു തരും .വര്‍ഷങ്ങളായി അക്കങ്ങളും കണക്കുകളും കൊണ്ട് കാലാവസ്ഥാ അഭിപ്രായം പറയാന്‍ അധികാരം ഉള്ള ഈ കാമുകന്റെ പേരാണ് മഴമാപിനി .അഥവാ മഴവെള്ളം അളക്കുവാനുള്ള സ്കെയില്‍.അങ്ങനെ ഒരെണ്ണം നമ്മുടെ കോന്നിയില്‍ ഉണ്ട് .അത് വനം വകുപ്പ് ഐ .ബി (ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ )യിലാണ് ഉള്ളത് .കോന്നിയില്‍ പെയ്യുന്ന മഴയുടെ അളവ് എത്രയാണ് എന്ന് എന്നും രേഖ പെടുത്താന്‍ ഒരു ജീവനക്കാരനും ഉണ്ട്.മഴയുടെ തോത് അതാതു ദിവസം തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ വിളിച്ചു പറയും .ഇവിടെ നിന്നുമാണ് കോന്നിയില്‍ പെയ്ത മഴയുടെ സ്ഥിതി വിവര കണക്കുകള്‍ മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിയുന്നത് .

മഴ മാപിനി
ഒരു പ്രദേശത്ത്‌, ഒരു നിശ്ചിത സമയത്തിനുള്ളിൽ എത്രമാത്രം അളവ്‌ മഴ ലഭിച്ചു എന്നത്‌ അളക്കുവാനുപയോഗിക്കുന്ന ഉപകരണമാണ്‌ മഴ മാപിനി (Standard Rain Gauge). ഒരു നിശ്ചിത വായ് വട്ടമുള്ള ഒരു ചോർപ്പും (Funnel) , അതിനടിയിൽ മഴവെള്ളം ശേഖരിക്കാനായി ഘടിപ്പിച്ചിരിക്കുന്ന ഒരു കുഴൽപ്പാത്രവുമാണ് (cylinder) മഴമാപിനിയുടെ പ്രധാന ഭാഗങ്ങൾ. കുഴല്പാത്രത്തിന്റെ ഒരു വശത്ത് തഴെനിന്ന് മുകളിലേക്കുള്ള ഉയരം മില്ലീമീറ്ററിൽ രേഖപ്പെടുത്തിയിരിക്കും.മഴമാപിനിയിൽ, ചോർപ്പിന്റെ വായ്‌വട്ടത്തിന്റെ (diameter) പത്തിലൊന്ന് വായ്‌വട്ടമായിരിക്കും കുഴൽപ്പാത്രത്തിന്റെ വ്യാസം. ഉദാഹരണത്തിന്, ചോർപ്പിന്റെ വായയ്ക് 10 സെന്റീമീറ്റർവ്യാസമുണ്ടെങ്കിൽ കുഴലിന്റെ വ്യാസം അതിന്റെ പത്തിലൊന്ന്, അതായത്‌ ഒരു സെന്റീമീറ്റർ, ആയിരിക്കും. ചെറിയ വർഷപാതം പോലും കൃത്യമായി അളക്കുന്നതിനായിട്ടാണ്‌ ഇങ്ങനെ ഒരു ഘടന ഉപയോഗിക്കുന്നത്. ഈ വ്യാസവ്യത്യാസം കൊണ്ട്, ചോർപ്പിൽ വീഴുന്ന ഒരു മില്ലീ മീറ്റർ മഴ, കുഴല്പാത്രത്തിൽ വീഴുമ്പോൾ അതിന്റെ ഉയരം പത്തു മില്ലീമീറ്ററായി പെരുപ്പിക്കപ്പെടുന്നു. ഉയരത്തിൽ ശേഖരിക്കപ്പെടുന്നു. മഴയളക്കുന്നതിൽ വരാവുന്ന പിശക് കുറയ്ക്കുവനായിട്ടാണ് ഇങ്ങനെ ഒരു പെരുപ്പിച്ച‌തോത് (exaggerated scale) ഉപയോഗിക്കുന്നത്‌.
250 മില്ലിമീറ്റർ ഉയരമുള്ള മാപിനിക്ക്‌ 25 മില്ലീമീറ്റർ (2.5 സെന്റീമീറ്റർ) മഴ അളക്കുവാൻ സാധിക്കും (കുഴലിൽ കാണുന്ന അളവിന്റെ പത്തിലെന്നായിരിക്കുമല്ലോ ചോർപ്പിൽ വീണ മഴ). അതിൽ കൂടുതൽ മഴപെയ്താൽ അതും കൃത്യമായി അളക്കാൻ വേണ്ടിയുള്ള സംവിധാനമാണ്‌ മാപിനിയുടെ പുറംകുഴൽ‍. കൂടുതൽ മഴപെയ്താൽ, കുഴലിലെ വെള്ളം മുകളറ്റത്തുള്ള ഒരു ദ്വാരം വഴി (Overflow Orifice) പുറത്തെ വലിയ കുഴലിൽ ശേഖരിക്കപ്പെടും, ഇങ്ങനെ ശേഖരിക്കപ്പെടുന്ന വെള്ളം, മഴയ്ക്കുശേഷം, ചെറിയകുഴലുപയോഗിച്ച്‌ അളന്നുതിട്ടപ്പെടുത്തുന്നു.
തുറസ്സായ ഒരു സ്ഥലത്താണ്‌ മഴ അളക്കുന്നതിനായി മഴമാപിനി വയ്ക്കേണ്ടത്‌. മരങ്ങളിൽനിന്നും, കെട്ടിടങ്ങളിൽനിന്നും മറ്റുമുള്ള വെള്ളം ഫണലിൽ പതിക്കാനിടവരരുത്‌. ഈ രീതിയിലുള്ള മഴമാപിനി കൂടാതെ, Tipping bucket gauge, weighing precipitation gauge, optical gauge എന്നീയിനം മാപിനികളും ഉപയോഗത്തിലുണ്ട്‌.
ഒരു മണിക്കൂറോളം തോരാതെപെയ്യുന്ന മഴയുടെ അളവ് ഏകദേശം പതിനഞ്ചു മില്ലീമീറ്ററോളം വരും.
അങ്ങനെ മഴയെ പ്രണയിക്കുന്ന ഈ കാമുകനെ കാണാന്‍ ചില അവസരങ്ങളില്‍ സ്കൂള്‍ കുട്ടികളും എത്തും.കഴിഞ്ഞ വര്‍ഷം കൂടുതല്‍ മഴ പെയ്ത സ്ഥലം കോന്നിയാണ് എന്ന് നാം അറിഞ്ഞത് ഈ മഴമാപിനിയുടെ മിടുക്ക് കൊണ്ടാണ് .

error: Content is protected !!