കോന്നി ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

 

konnivartha.com /തിരുവനന്തപുരം: ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിനു കീഴില്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ പുതുതായി ആരംഭിച്ച ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയില്‍ 14 തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

 

അനലിസ്റ്റ് ഗ്രേഡ് I – 1, അനലിസ്റ്റ് ഗ്രേഡ് II – 3, അനലിസ്റ്റ് ഗ്രേഡ് III – 3, ടെക്നിക്കൽ അസിസ്റ്റൻ്റ് – 2, ടെക്നിക്കൽ സ്റ്റോർ കീപ്പർ – 1, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് – 1, സീനിയർ സൂപ്രണ്ട് – 1, ക്ലർക്ക് – 2 എന്നിങ്ങനെ തസ്തികകൾ സൃഷ്ടിക്കാനാണ് അനുമതി ലഭിച്ചത്. എത്രയും വേഗം നടപടിക്രമങ്ങൾ പാലിച്ച് പി.എസ്.സി.യ്ക്ക് റിപ്പോർട്ട് ചെയ്ത് നിയമനങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

 

സംസ്ഥാനത്തെ നാലാമത്തെ മരുന്ന് പരിശോധനാ ലബോറട്ടറിയാണ് പത്തനംതിട്ട കോന്നിയില്‍ പ്രവർത്തന സജ്ജമാക്കിയത്. 10 കോടി രൂപ മുടക്കിയാണ് അത്യാധുനിക ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറി സജ്ജമാക്കിയത്.

 

ലബോറട്ടറി പ്രവര്‍ത്തന ക്ഷമമാക്കുന്നതോടെ പ്രതിവര്‍ഷം ഏകദേശം 4500 മരുന്നുകള്‍ പരിശോധിക്കുവാന്‍ സാധിക്കുന്നതാണ്. ഇതോടെ സംസ്ഥാനത്ത് മൊത്തം പ്രതിവര്‍ഷം പരിശോധിക്കുന്ന മരുന്നുകളുടെ എണ്ണം 15,000 ആയി വര്‍ദ്ധിക്കുന്നതാണ്. കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വിതരണം നടത്തുന്ന മരുന്നുകളുടെ ഗുണനിലവാര പരിശോധന നടത്തുവാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.

 

കോന്നി നെടുംപാറയില്‍ ഗവ. മെഡിക്കല്‍ കോളജിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിര്‍മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അഡ്മിനിസ്ട്രേഷന്‍ വിഭാഗം, ലൈബ്രറി, സ്റ്റോര്‍, ഡൈനിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് പ്രവര്‍ത്തിക്കുക.

error: Content is protected !!