എന്റെ കേരളം മേളയില്‍ ജില്ലയുടെ വൈവിധ്യങ്ങളാല്‍ സമ്പന്നമായ കൂട്ടായ്മ ദൃശ്യമാകും: മന്ത്രി വീണാ ജോര്‍ജ്

വൈവിധ്യങ്ങളാല്‍ സമ്പന്നമായ പത്തനംതിട്ട ജില്ലയുടെ കൂട്ടായ്മ മേയ് 11 മുതല്‍ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൂടെ ദൃശ്യമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

 

എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അങ്കണത്തില്‍ നടന്ന നാട്ടരങ്ങ് കലാ സാംസ്‌കാരിക സന്ധ്യയും 2021-22 ല്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിക്കുന്ന ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

 

വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെയും സേവനങ്ങളുടെയും പ്രദര്‍ശനമാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേള. അതിന്റെ ഒരു പ്രഖ്യാപനം കൂടി ആണ് നാട്ടരങ്ങ് പരിപാടി. വിപുലമായ സജ്ജീകരണങ്ങളാണ് എന്റെ കേരളം മേളയ്ക്കായി ഒരുക്കുന്നത്. കോവിഡിനു ശേഷം കൂട്ടായ്മകള്‍ സജീവമായി വരുകയാണ്. അതിനു മുന്നോടിയായി പത്തനംതിട്ടയില്‍ നടന്ന എംജി സര്‍വകലാശാലാ കലോത്സവം ഒരു ഉത്സവം പോലെ ജില്ല ആഘോഷിച്ചു.

72-ാം മത് സന്തോഷ് ട്രോഫി കേരളം നേടിയ സന്തോഷത്തിലാണ് നമ്മള്‍ ഇപ്പോഴുള്ളതെന്നും ലോകത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച ഉത്സവമാണ് ഫുട്‌ബോളെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ 2021-22 ല്‍ സോഫ്റ്റ് ബോള്‍, നെറ്റ് ബോള്‍ മത്സരങ്ങളില്‍ മെഡല്‍ നേടിയ കായിക താരങ്ങളെ ആദരിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, മുന്‍ അന്തര്‍ദേശീയ ഫുട്‌ബോള്‍ താരം കെ.ടി. ചാക്കോ, പ്രസ് ക്ലബ് സെക്രട്ടറി ബിജു കുര്യന്‍, അഭിനേത്രി അരുണിമ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സുമേഷ് കൂട്ടിക്കല്‍ നയിച്ച ഫയര്‍ബാന്‍ഡ് അരങ്ങേറി.

error: Content is protected !!