പത്തനംതിട്ട ജില്ലയിലെ എംഎല്‍എമാരുമായി വ്യവസായ മന്ത്രി കൂടിക്കാഴ്ച്ച നടത്തി

 

konnivartha.com : ജില്ലയിലെ എംഎല്‍എമാരുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പത്തനംതിട്ട ഗവ ഗസ്റ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തി. ജില്ലയുടെ വാണിജ്യ വ്യവസായ മേഖലകളുടെ വികസനത്തിന് ഉതകുന്ന ആശയങ്ങളും അഭിപ്രായങ്ങളും എംഎല്‍എമാര്‍ മന്ത്രിയെ അറിയിച്ചു.

വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്വകാര്യമേഖലയ്ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കണമെന്നും സംയുക്ത പ്രവര്‍ത്തനത്തിലൂടെ ജില്ലയെ പുരോഗതിയിലേക്ക് നയിക്കാന്‍ കഴിയുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

ആറന്മുള മണ്ഡലത്തില്‍ ജിയോളജി ഓഫീസ് ആരംഭിക്കണമെന്ന് ആറന്മുള എംഎല്‍എയും ആരോഗ്യമന്ത്രിയുമായ വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീകളെ ഉള്‍പ്പെടുത്തി ആറന്മുളയില്‍ കുടില്‍ വ്യവസായങ്ങള്‍ക്ക് തുടക്കം കുറിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

കോന്നി മണ്ഡലത്തില്‍ മലഞ്ചരക്ക് വിപണന സംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നത് കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉപകാരപ്രദമായ കാര്യമാണെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. വലിയ മുതല്‍ മുടക്കില്ലാതെ ആരംഭിക്കാന്‍ കഴിയുന്ന സംരംഭമാണിതെന്നും കോലിഞ്ചിയുടെ വിപണനത്തിന് വലിയ സാധ്യതയുള്ള സ്ഥലമാണ് കോന്നിയെന്നും എംഎല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

റാന്നി മണ്ഡലത്തില്‍ നോളജ് വില്ലേജ് എന്ന ആശയത്തിന്റെ ചുവട് പിടിച്ച് ഒരു സ്‌കില്‍ ഹബ്ബ്, തൊഴിലന്വേഷകര്‍ക്കായി ഒരു അപ് സ്‌കില്‍ സെന്റര്‍ എന്നിവയ്ക്ക് തുടക്കമിടുന്നത് വളരെ മികച്ച ഒരു മുന്നേറ്റമായിരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. ടൂറിസത്തെ വ്യവസായത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പുറത്ത് നിന്നുള്ള ആളുകളെ നിക്ഷേപ മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പാല്‍ ഉത്പാദനത്തിന് ഏറ്റവും കൂടുതല്‍ പെരുമ കേട്ട് സ്ഥലമാണ് വെച്ചൂച്ചിറ ഗ്രാമം. എന്നാല്‍ അവിടെ പാല്‍ ഉത്പാദനം കേന്ദ്രീകരിച്ച് യാതൊരു വ്യവസായവും ഇല്ല. അവിടെ വനിതകളെ കേന്ദ്രീകരിച്ച് ഒരു വ്യവസായം തുടങ്ങണമെന്നും അദ്ദേഹം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

അടൂര്‍ മണ്ഡലത്തില്‍ മുന്‍പ് കെല്‍ട്രോണ്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന രണ്ടരയേക്കര്‍ സ്ഥലം ഉപയോഗ ശൂന്യമായി കിടക്കുകയാണെന്നും, ആ സ്ഥലം കേന്ദ്രീകരിച്ച് ഏതെങ്കിലും വ്യവസായത്തിന്റെ യൂണിറ്റ് ആരംഭിക്കാന്‍ സാധിച്ചാല്‍ ഉപകാരപ്രദമാണെന്നും ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെ പ്രതിനിധീകരിച്ച് എത്തിയ അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി പറഞ്ഞു.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി, വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലയില്‍ സ്വകാര്യ നിക്ഷേപ പാര്‍ക്ക് ഉടന്‍ ആരംഭിക്കും: മന്ത്രി പി. രാജീവ്

ജില്ലയില്‍ സ്വകാര്യ നിക്ഷേപ പാര്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പത്തനംതിട്ട ഗവ.ഗസ്റ്റ് ഹൗസില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

വ്യവസായ വകുപ്പ് മാറ്റത്തിന്റെ പാതയിലാണ്. സ്വകാര്യ വ്യവസായ സംരംഭങ്ങള്‍ ജില്ലയില്‍ ശക്തിപ്പെടുത്തും. പത്ത് ഏക്കര്‍ ഭൂമിയുള്ളവര്‍ക്ക് സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ അപേക്ഷ നല്‍കാം. ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ആക്ടിന്റെ പരിധിക്കുള്ളില്‍ നിന്ന് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിനുള്ള ഒരു നിശ്ചിത ശതമാനം തുക സര്‍ക്കാര്‍ നല്‍കും. ഇപ്പോള്‍ രണ്ട് അപേക്ഷകളാണ് പരിഗണനയിലുള്ളതെന്നും രണ്ട് മാസത്തിനുള്ളില്‍ അതിന്റെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ല വ്യാവസായികമായി ശക്തിപ്പെടണമെങ്കില്‍ പഞ്ചായത്തുകളില്‍ താഴേത്തട്ടിലെ ഉദ്യോഗസ്ഥരുടെ മനോഭാവവും ചില ബാങ്കുകളുടെ നിഷേധാത്മക സമീപനത്തിലും മാറ്റമുണ്ടാകണമെന്നും സംരംഭകര്‍ക്ക് അനുകൂലമായ രീതിയിലുള്ള നിലപാട് സ്വീകരിക്കണമെന്നും മന്ത്രി പറഞ്ഞു. ചില ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇല്ലാത്ത അധികാരങ്ങള്‍ ഉപയോഗപ്പെടുത്തുണ്ടെന്നും അത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നിലപാട് സ്വീകരിക്കമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ നോക്കുകൂലിയെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. അതൊരു ക്രിമിനല്‍ കുറ്റമാണ്. ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കെ.സി. സണ്ണി അധ്യക്ഷനായ കമ്മിഷന്‍ കാലഹരണപ്പെട്ട നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച പരാതികളെ കുറിച്ചുള്ള റിപ്പോര്‍ട്ട് സമയബന്ധിതമായി സമര്‍പ്പിച്ചിരുന്നു. വ്യവസായ മേഖലകളിലെ പ്രശ്നങ്ങള്‍ നേരിട്ട് സര്‍ക്കാരിനെ അറിയിക്കാനുള്ള സോഫ്റ്റ് വെയറിന്റെ രൂപീകരണം അവസാനഘട്ടത്തിലാണ്. അത് പ്രവര്‍ത്തനസജ്ജമായാല്‍ സംരംഭകരുടെ പരാതികള്‍ നേരിട്ട് അപ്‌ലോഡ് ചെയ്യാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

വ്യവസായ മേഖലയിലെ നിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ സംരംഭകര്‍ മുന്നോട്ട് വരുന്നുവെന്നത് സന്തോഷകരമായ കാര്യമാണ്. മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിലേക്ക് ജില്ലയെ മാറ്റണമെന്നും ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസിന് പ്രാധാന്യം നല്‍കണമെന്നും എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് എം എസ് എം ഇ മേഖലയില്‍ 48% വളര്‍ച്ചയാണ് ഉണ്ടായത്. ഇപ്പോള്‍ അതിലും വലിയ മാറ്റമുണ്ട്. ഒരു ലക്ഷം സംരംഭങ്ങള്‍ എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംരംഭകരെ പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്റേണ്‍സുകളെ നിയമിക്കുന്നുണ്ട്.

പഞ്ചായത്ത് തലത്തില്‍ ഒന്ന്, മുനിസിപ്പാലിറ്റിയില്‍ രണ്ട്, കോര്‍പ്പറേഷനുകളില്‍ അഞ്ച് എന്നിങ്ങനെയായിരിക്കും നിയമനം. വ്യവസായങ്ങള്‍ തുടങ്ങാന്‍ താത്പര്യമുള്ള സംരംഭകരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുക എന്നതാണ് ഇവരുടെ ചുമതല. അതേ പോലെ താലൂക്ക് തലത്തില്‍ 59 ഫെസിലിറ്റേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്.

സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപം കൂട്ടാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. അതിന്റെ ഭാഗമായാണ് ദുബായ് എക്സ്പോയില്‍ പങ്കെടുത്തത്. അതിലൂടെ നിക്ഷേപകരെ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ തന്നെ പ്രവാസികളേയും ഓണ്‍ലൈനായി പങ്കെടുപ്പിച്ചു കൊണ്ട് സംരംഭക സംഗമങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രവാസി നിക്ഷേപം ഉത്പാദനപരമായി ഉപയോഗിക്കുമെന്നും പതിനാല് ജില്ലകളിലും ഒരു വര്‍ഷത്തിനുള്ളില്‍ ഒരു സ്വകാര്യ പാര്‍ക്ക് എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിക്കൊപ്പം വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

error: Content is protected !!