മലയാലപ്പുഴയില്‍ വെച്ച് സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു

 

 

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി. രാജീവ് റാന്നി റസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു.

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ മെയ് നാല്, അഞ്ച് തീയതികളിലാണ് സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം മറ്റു ജില്ലകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചാമ്പ്യന്‍ഷിപ്പ് മെയ് മാസത്തിലേക്ക് മാറ്റിയത്. മലയാലപ്പുഴ മുസലിയാര്‍ കോളജില്‍ നടക്കുന്ന മത്സരങ്ങളില്‍ 28 ടീമുകളിലായി 400 കുട്ടികള്‍ പങ്കെടുക്കും.

ലോഗോ പ്രകാശനത്തില്‍ റാന്നി മുന്‍ എംഎല്‍ എ രാജു എബ്രഹാം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, എന്‍.പി. മോഹനന്‍, അഷ്‌റഫ് അലങ്കാര്‍, പി.ആര്‍. ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചാമ്പ്യന്‍ഷിപ്പിന് എത്തുന്നവര്‍ക്കുള്ള താമസസൗകര്യവും ഭക്ഷണ കാര്യങ്ങളും തീരുമാനിച്ചു. യോഗത്തില്‍ സുവനിയര്‍ കമ്മിറ്റി കണ്‍വീനര്‍ മലയാലപ്പുഴ മോഹനന്‍, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് അലങ്കാര്‍, അഡ്വ. ഹരി, പി.ആര്‍. ഗിരീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വോളിബോള്‍ കോച്ച് തങ്കച്ചന്‍, അമൃത്, മലയാലപ്പുഴ ഗോപാലകൃഷ്ണന്‍, ഡോ. ആര്‍.എസ്. സിന്ധു തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!