സന്തോഷ് ട്രോഫി 16 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

Spread the love

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലപ്പുറം മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളിലായി 16 മുതൽ മേയ് രണ്ടു വരെയാണു മത്സരങ്ങൾ. കേരളം ഉൾപ്പെടെ 10 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഞ്ചു ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കേരളം എ ഗ്രൂപ്പിലാണ്.  ഗ്രൂപ്പ്ഘട്ടത്തിൽ ഒരു്യു ടീമിന് ആകെ നാലു മത്സരമുണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിലെത്തും. ഈ മത്സരങ്ങളിലെ വിജയികൾ ഫൈനലിൽ ഏറ്റുമുട്ടും.

കോട്ടപ്പടി സ്റ്റേഡിയത്തിൽ പകൽ മാത്രമാണ് മത്സരങ്ങൾ. പയ്യനാട് എല്ലാ മത്സരങ്ങളും രാത്രി 8ന് തുടങ്ങും. കോട്ടപ്പടിയിൽ രാവിലെ 9.30 നും വൈകിട്ട് 4 നും കളി നടക്കും. മെയ് 2ന് രാത്രി 8ന് പയ്യനാട് ഫൈനൽ നടക്കും.

 

ടൂർണമെന്റിനായി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങൾ മൂന്നു മാസം മുമ്പ് കായിക വകുപ്പിന് കീഴിലെ സ്‌പോട്‌സ് കേരള ഫൗണ്ടേഷൻ ഏറ്റെടുത്തിരുന്നു. നവീകരണത്തിലൂടെ സ്റ്റേഡിയങ്ങളും അനുബന്ധ സൗകര്യങ്ങളും മത്സരം നടത്താൻ അനുയോജ്യമാക്കി. രണ്ട് മൈതാനങ്ങളും നല്ല നിലവാരമുള്ളതാണെന്ന് ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ വ്യക്തമാക്കിയിട്ടുണ്ട്.

 

 

പയ്യനാട് സ്റ്റേഡിയത്തിലെ ഫ്‌ളഡ് ലൈറ്റ് ടെലിക്കാസ്റ്റിങ്ങിന് ഉൾപ്പെടെ പര്യാപ്തമായ നിലവാരമുള്ളതാണ്. രണ്ട് സ്റ്റേഡിയങ്ങളിലും ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങളും മീഡിയ, വി ഐ പി, വി വി ഐ പി പവലിയനുകളും ഒരുക്കിയിട്ടുണ്ട്. ടെലിക്കാസ്റ്റിങ്ങ് ടവറുകളും ഒരുക്കിയിട്ടുണ്ട്. ഫൈനലും സെമിഫൈനലുകളും നടക്കുന്ന പയ്യനാട് വിപുലമായ പാർക്കിങ്ങ് സൗകര്യം സജ്ജമാക്കിയിട്ടുണ്ട്.

 

 

ടീമുകൾക്ക് പരിശീലനത്തിനായി നിലമ്പൂർ മാനവേദൻ സ്‌കൂൾ ഗ്രൗണ്ട്, എടവണ്ണ സീതിഹാജി സ്റ്റേഡിയം, കലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മത്സരവേദികളുടെ ചുമതല ജില്ലാ സ്‌പോട്‌സ് കൗൺസിലിനാണ്.

 

 

മത്സരങ്ങളുടെ ടിക്കറ്റ് വിതരണത്തിന് ഓൺലൈൻ ടിക്കറ്റിങ്ങ് പ്ലാറ്റ്‌ഫോം ഒരുക്കിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞു. മഞ്ചേരിയിൽ ആറ് കൗണ്ടറുകളും കോട്ടപ്പടിയിൽ രണ്ട് കൗണ്ടർ വഴിയും ടിക്കറ്റ് നേരിട്ട് വാങ്ങാം. സീസൺ ടിക്കറ്റുകൾ തെരഞ്ഞെടുത്ത സഹകരണ ബാങ്കുകൾ വഴി വിൽപ്പന നടത്തും. പയ്യനാട് ഒരു കളി കാണാൻ ഗാലറിക്ക് 100 രൂപയും കസേരയ്ക്ക് 250 രൂപയുമാണ്.

 

 

സീസൺ ടിക്കറ്റിന് ഗാലറി 1000 രൂപയും കസേര 2500 മാണ്. വി ഐ പി ടിക്കറ്റിന് 1000 രൂപയാണ്. വി ഐ പി സീസൺ ടിക്കറ്റ് 10,000 രൂപയും. കോട്ടപ്പടിയിൽ ഗാലറി ടിക്കറ്റ് മാത്രമാണുള്ളത്. ഒരു മത്സരത്തിന് 50 രൂപയും സീസൺ ടിക്കറ്റിന് 400 രൂപയുമാണ്.

error: Content is protected !!