പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍

ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ജില്ലയില്‍ സമ്പൂര്‍ണ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കെല്‍ട്രോണുമായി ചേര്‍ന്ന് ഹരിതകേരളം മിഷനും ശുചിത്വമിഷനും വികസിപ്പിച്ചെടുത്ത ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പിന്റെ പരിശീലകര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ നല്ല പശ്ചാത്തലം ആണ്. ഈ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സമ്പൂര്‍ണ ശുചിത്വനേട്ടം കൈവരിക്കാനാകണം. ഖര, ദ്രവ മാലിന്യ സംസ്‌കരണ നടപടികള്‍, ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍, പഞ്ചായത്തുകളില്‍ ക്രിമീറ്റോറിയം നിര്‍മാണം, ശൗചലയങ്ങള്‍ സ്ഥാപിക്കുക തുടങ്ങിയ പരിപാടികളിലൂടെയാണ് ജില്ലാ പഞ്ചായത്ത് സമ്പൂര്‍ണ ശുചികരണം ലക്ഷ്യം വയ്ക്കുന്നത്. ഹരിതകര്‍മ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനം എല്ലാ ബ്ലോക്കുകളിലും വരണമെന്നും അവിടെ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കാനുള്ള ഒരു ശൃംഖല ജില്ലയില്‍ നടപ്പാക്കാന്‍ പദ്ധതി ഉണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഖര, ദ്രവ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ മുന്നൊരുക്കമാണ് കുന്നന്താനം കിന്‍ഫ്രാ പാര്‍ക്കിലെ പ്ലാസ്റ്റിക് പാഴ്വസ്തു സംസ്‌കരണ പ്ലാന്റ് എന്നും പ്രസിഡന്റ് പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയി ഡയറക്ടര്‍ എന്‍. ഹരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം പങ്കെടുത്തു. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്മാന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി. ദിലീപ് കുമാര്‍, കെല്‍ട്രോണ്‍ സ്റ്റേറ്റ് മാനേജര്‍ റ്റി. ശിവന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ് തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു.

 

വണ്‍വേ തെറ്റിക്കുന്നവരെ പിടികൂടാന്‍ ആര്‍ടിഒയുടെ
നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി
വണ്‍വേ തെറ്റിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പത്തനംതിട്ട നഗരത്തില്‍ ആര്‍ടിഒ എ.കെ. ദിലുവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തി. പത്തനംതിട്ട നഗരത്തില്‍ വണ്‍വേ തെറ്റിച്ച് വാഹനങ്ങള്‍ ഓടുന്നെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ക്യാമറ ഉപയോഗിച്ചു മഫ്തിയിലും അല്ലാതെയുമായി നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 17 വാഹന ഉടമകള്‍ക്കെതിരേ കേസെടുത്തു. ക്യാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിരവധി നിയമ ലംഘനങ്ങള്‍ക്കെതിരേ ഇ ചലാന്‍ തയാറാക്കി നല്‍കും.

മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത്, തീവ്രതയേറിയ ലൈറ്റുകള്‍, ലൈറ്റുകളുടെ നിയമവിരുദ്ധ ഉപയോഗം എന്നിവയ്‌ക്കെതിരേ രാത്രികാല വാഹന പരിശോധന ഏപ്രില്‍ നാലു മുതല്‍ 13 വരെ ഓപ്പറേഷന്‍ ഫോക്കസ് എന്ന പേരില്‍ നടന്നു വരുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലും രാത്രികാല പരിശോധന നടത്തി വരുകയാണെന്ന് ആര്‍ടിഒ പറഞ്ഞു. തുടര്‍ച്ചയായി വണ്‍വേ തെറ്റിച്ചു വാഹനമോടിക്കുന്നവര്‍ക്കെതിരേ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ പറഞ്ഞു. പത്തനംതിട്ട എംവിഐ യു. സുനില്‍കുമാര്‍, എഎംവിഐമാരായ എസ്. വാഗീശ്വരന്‍, എ. സമീര്‍ എന്നിവര്‍ പങ്കെടുത്തു.

 

കുടുംബശ്രീ മിഷന്‍ തൊഴില്‍ നൈപുണ്യ പരിശീലനം
ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ കുടുംബശ്രീ മിഷന്‍ വഴി ഉടന്‍ ആരംഭിക്കുന്ന തൊഴില്‍ നൈപുണ്യ പരിശീലന പദ്ധതിയിലേക്ക് പഞ്ചായത്തില്‍ താമസിക്കുന്ന ബിരുദധാരികളും തൊഴില്‍ രഹിതരുമായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കോഴ്സുകള്‍: 1) മെഡിക്കല്‍ റിക്കോര്‍ഡ് അസിസ്റ്റന്റ്. ദൈര്‍ഘ്യം-ഏഴ് മാസം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത ബിരുദം (ബി.എസ്.സി ബോട്ടണി അല്ലെങ്കില്‍ സുവോളജി അല്ലെങ്കില്‍ പ്ലസ്ടു ബയോളജി സയന്‍സും ഏതെങ്കിലും ബിരുദവും ഉള്ളവര്‍ക്ക് മുന്‍ഗണന, മെഡിക്കല്‍ കോഡിംഗ്, സ്‌ക്രൈബിംഗ്, ട്രാന്‍സ്‌ക്രിപ്ഷന്‍ എന്നിവ ഉള്‍പ്പെട്ടിട്ടുള്ള കോഴ്സ് ആണിത്.

2) ലോണ്‍ പ്രോസസിംഗ് ഓഫീസര്‍. ദൈര്‍ഘ്യം മൂന്നു മാസം. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത :ഏതെങ്കിലും വിഷയത്തില്‍ ഉള്ള അംഗീകൃത ബിരുദം (ഏതെങ്കിലും സ്ഥാപനങ്ങളില്‍, അക്കൗണ്ടിംഗ്, ഫിനാന്‍സിംഗ്, സംബന്ധമായ ജോലികള്‍ ചെയ്തിട്ടുള്ളവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതയില്‍ ഇളവ് ലഭിക്കും.) ബാങ്കിംഗ് മേഖലയില്‍ ജോലി നേടാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കായുള്ള കോഴ്സ് ആണിത്. എല്ലാ കോഴ്സുകള്‍ക്കും ഇന്‍ഡസ്ട്രി ട്രെയിനിംഗ് ഉണ്ടായിരിക്കും. കോഴ്സ്ഫീ, ഹോസ്റ്റല്‍ ഫീ, എന്നിവയും പരിശീലന കാലയളവിലെ ഭക്ഷണം, പുസ്തകം പഠന ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള ചെലവും സര്‍ക്കാര്‍ വഹിക്കും.
കോഴ്സുകള്‍ തിരുവനന്തപുരം ജില്ലയിലെ എംഇഎസ് സെന്ററില്‍ നടത്തപ്പെടും. വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് അന്തര്‍ ദേശീയ തലത്തില്‍ അംഗീകാരമുള്ള എസ്.എസ്.സി സര്‍ട്ടിഫിക്കറ്റും കൂടാതെ പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പേര്, പഞ്ചായത്ത്, ജില്ല, വിദ്യാഭ്യാസ യോഗ്യത എന്നിവ 9142041102 എന്ന നമ്പറിലേക്ക് മെസേജ് ചെയ്യുകയോ ഇതേ നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.
നേരിട്ട് അപേക്ഷിക്കാനുള്ള ലിങ്ക് https://forms.gle/7h9LpHuNGgUp4T8h6. കേന്ദ്രഗ്രാമ വികസനമന്ത്രാലയത്തിനു കീഴിലുള്ള പദ്ധതി ആയതിനാല്‍ പഞ്ചായത്തില്‍ താമസിക്കുന്ന വര്‍ക്ക് മാത്രമേ കോഴ്സില്‍ ചേരാന്‍ അവസരം ലഭിക്കുകയുള്ളു.

 

ഔഷധ-ഫല വൃക്ഷ തൈകളുടെ വിതരണം
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും പത്തനംതിട്ട ജില്ലാ പഞ്ചായത്തും ചേര്‍ന്ന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കി വരുന്ന പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജ്ജീവന പദ്ധതിലെ നദിതീര പ്രദേശത്തെ വീട്ടുവളപ്പികളിലെ ജൈവവൈവിധ്യം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ചെറുകോല്‍ ഗ്രാമപഞ്ചായത്തില്‍ ഔഷധ-ഫല വൃക്ഷ തൈകളുടെ വിതരണം നടത്തി. ബുധനാഴ്ച രാവിലെ വാഴക്കുന്നത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍. സന്തോഷ് വൃക്ഷ തൈ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കൃഷ്ണകുമാരി, രാധാകൃഷ്ണന്‍, സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍ എന്നിവര്‍ സംബന്ധിച്ചു.

 

കെഎസ്ടിപി അദാലത്ത്
പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനത്തിനായി ചേത്തോങ്കര വലിയ തോടിന്റെ സി.എച്ച് 53/900 മുതല്‍ 54/650 വരെ ഏറ്റെടുത്ത സ്ഥലം പൂര്‍ണമായി വിനിയോഗിച്ച് തോടിന്റെ വീതി വര്‍ധിപ്പിക്കും. ഇതിനായി ഏറ്റെടുത്ത വസ്തുവിലെ മരങ്ങള്‍ മുറിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ തോടിന്റെ വീതി കൂട്ടല്‍ പ്രവൃത്തികള്‍ ആരംഭിക്കും. പുനലൂര്‍- മൂവാറ്റുപുഴ റോഡിന്റെ (ഡിപിആര്‍) വിശദ പദ്ധതി രേഖ പ്രകാരം എല്ലാ പ്രവൃത്തികളും കൃത്യമായി പൂര്‍ത്തിയാക്കുമെന്നും റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിഹരിക്കുന്നതിന് ആദാലത്ത് സംഘടിപ്പിക്കുമെന്നും കെഎസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നടത്തി വരുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
സര്‍ക്കാര്‍ അംഗീകാരമുളള ഡി.സി.എ (ആറുമാസം), വേഡ് പ്രോസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി (മൂന്ന് മാസം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ലാപ് ടോപ്പ് ടെക്നോളജീസ് എന്ന അഡ്വാന്‍സ്ഡ് കോഴ്സിലേക്കും അപേക്ഷിക്കാം. ഫോണ്‍ : 8547632016.
വിലാസം : ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടവര്‍ ഇ പാസ് ബില്‍ഡിംഗ്, ഗവ. ഹോസ്പിറ്റലിനു പുറകുവശം, അടൂര്‍.

 

ഓടകള്‍ക്ക് മേല്‍മൂടി സ്ഥാപിച്ച് അപകടാവസ്ഥ ഒഴിവാക്കണം: നഗരസഭ ചെയര്‍മാന്‍
മേല്‍മൂടി ഇല്ലാത്ത ഓടകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നതു പരിഗണിച്ച് സ്ലാബുകള്‍ സ്ഥാപിക്കണമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു. കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടകരമായി റോഡില്‍ നില്‍ക്കുന്ന ഇലക്ട്രിക്ക് പോസ്റ്റുകള്‍ മാറ്റണം. അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണം. വേനല്‍ക്കാലത്ത് കുടിവെളളം പാഴാക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും ചെയര്‍മാന്‍ പറഞ്ഞു.

വാട്ടര്‍ അതോറിറ്റി, കെഎസ്ഇബി, പൊതുമരാമത്ത് (നിരത്ത്), വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും താലൂക്ക് വികസന സമിതി യോഗത്തില്‍ പങ്കെടുക്കണം.
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തണം. അബാന്‍ ജംഗ്ഷനില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കുമ്പോള്‍ ഉണ്ടാകാനിടയുളള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം. കുടിവെളളക്ഷാമം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ താലൂക്ക് വികസന സമിതി യോഗത്തില്‍ ഉയര്‍ന്നു.
കോഴഞ്ചേരി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍ അധ്യക്ഷത വഹിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി അബ്ദുള്‍ ഷുക്കൂര്‍, എന്‍സിപി സംസ്ഥാന സമിതി അംഗം സുബിന്‍ വര്‍ഗീസ്, കോഴഞ്ചേരി താലൂക്ക് വികസന സമിതി കണ്‍വീനറും തഹസില്‍ദാരുമായ കെ. ജയ്ദീപ്, എല്‍.ആര്‍. തഹസില്‍ദാര്‍ വി.എസ്. വിജയകുമാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. ബാബുലാല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് പ്രായോഗിക പരീക്ഷ
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പൂകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എല്‍ഡിവി) (കാറ്റഗറി നം.074/2020) (പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു മാത്രമായുളള പ്രത്യേക തെരഞ്ഞെടുപ്പ്) തസ്തികയുടെ 15/01/2022 തീയതിയില്‍ നിലവില്‍ വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായുളള ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ ഏപ്രില്‍ 20 ന് രാവിലെ ആറു മുതല്‍ കൊല്ലം ആശ്രാമം ഗ്രൗണ്ടില്‍ നടത്തും. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികള്‍ക്കും പ്രൊഫൈല്‍ മെസേജ്, എസ്.എം.എസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ രാവിലെ ആറിന് തന്നെ ഗ്രൗണ്ടില്‍ എത്തണം. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍ 0468 2222665.

 

 

അനധികൃത കശാപ്പിനെതിരെ ശക്തമായ നടപടി സ്വീകരിക്കും : നഗരസഭ ചെയര്‍മാന്‍
പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള അറവുശാലയുടെ ലേല നടപടികള്‍ പൂര്‍ത്തിയായി. അറവുശാല ഇന്ന് (7/4/22) തുറന്നു കൊടുക്കും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാത്തതിനാല്‍ അറവുശാലയുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. ഇതോടെ നഗരത്തില്‍ അനധികൃത കശാപ്പുകള്‍ വ്യാപകമായി.
നിയമവിരുദ്ധമായി കശാപ്പ് നടത്തുന്നവര്‍ പലപ്പോഴും രാത്രി കാലങ്ങളില്‍ നഗരത്തിന്റെ പല ഭാഗങ്ങളിലും അറവ് മാലിന്യങ്ങള്‍ തള്ളുന്നതും പതിവായിരുന്നു. പുതിയ ഭരണസമിതി നിലവില്‍ വന്നതിനെ തുടര്‍ന്നു നടത്തിയ നിരന്തരമായ ഇടപെടലുകളെ തുടര്‍ന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി ലഭ്യമായത്. അനധികൃത കശാപ്പ് നടത്തുന്നവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ അടക്കമുള്ള കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

error: Content is protected !!