ലോകനിലവാരത്തിലുള്ള ബോട്ട് സര്‍വീസുമായി വാട്ടര്‍ മെട്രോ ഒരുങ്ങുന്നു

 

KONNI VARTHA.COM : ലോകനിലവാരത്തിലുള്ള ബോട്ട് സര്‍വീസുമായി കൊച്ചി വാട്ടര്‍ മെട്രോ ഒരുങ്ങുന്നു. ഇന്ത്യയില്‍ ഒരിടത്തും ലഭിക്കാത്ത മികച്ച യാത്രാ സൗകര്യങ്ങളോടെയാണ് കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ കൊച്ചിയില്‍ യഥാര്‍ഥ്യമാകുന്നത്.

 

ഗതാഗതക്കുരുക്കിന്റെ ബുദ്ധിമുട്ടുകള്‍ നന്നായി അറിയുന്ന കൊച്ചിക്കാര്‍ക്ക് വെയിലും മഴയും പൊടിയുമേല്‍ക്കാതെ, കാതടിപ്പിക്കുന്ന ഹോണടി ശബ്ദം ഇല്ലാതെ, എയര്‍ കണ്ടീഷന്റെ ശീതളിമയില്‍, ശാന്തമായി കുറഞ്ഞ ചിലയില്‍ യാത്ര ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള ബോട്ടാണ് രൂപകല്പന ചെയ്തിരിക്കുന്നത്. തീര്‍ത്തും സുരക്ഷിതമായ യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ലൈഫ് ജാക്കറ്റ് ബോട്ടിലുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായല്‍ കാഴ്ചകള്‍ പൂര്‍ണമായും ആസ്വദിച്ച് യാത്രചെയ്യാം.

 

ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച ആദ്യ പവേര്‍ഡ് ഇലക്ടിക് ബോട്ടായ മുസ്‌രിസ് എന്ന് പേരിട്ടിരിക്കുന്ന ബോട്ടാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി ഉപയോഗിക്കുന്നത്. ട്രയല്‍റണ്‍ പൂര്‍ത്തിയാക്കിയ ബോട്ട് മാധ്യമപ്രവര്‍ത്തകര്‍ക്കായി വൈറ്റിലയില്‍ നിന്ന് കാക്കനാട്‌വരെയും തിരിച്ചും സര്‍വീസ് നടത്തി. ദേശീയ ജലപാത 3-ല്‍ ചമ്പക്കര കനാലിലൂടെ അര മണിക്കൂര്‍ സമയമാണ് ഒരു ഭാഗത്തേക്ക് യാത്രയ്ക്ക് വേണ്ടിവരുന്നത്.

 

വാട്ടര്‍ മെട്രോയ്ക്ക് വേണ്ടി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ആണ് ബോട്ട് നിര്‍മിച്ചിരിക്കുന്നത്. വാട്ടര്‍ മെട്രോയുടെ ഭാഗമായി നിര്‍മിക്കുന്ന 23 ബോട്ടുകളില്‍ ആദ്യത്തേതാണ് ഈ ബോട്ട്. ബാക്കിയുള്ളവ നവംബറോടെ കൈമാറുമെന്നാണ് ഷിപ്പ് യാര്‍ഡ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. നാലു ബോട്ടുകള്‍ കൂടി ലഭിച്ചാല്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേസമയം യാത്ര ചെയ്യാന്‍ കഴിയും. പാസഞ്ചര്‍ കൗണ്ടിങ് സിസ്റ്റം ഉപയോഗിച്ചാകും യാത്രക്കാര്‍ക്ക് പ്രവേശനം. 100 പേര്‍ക്ക് കയറാവുന്ന ബോട്ടില്‍ കൂടുതല്‍ പേര്‍ പറ്റില്ലെന്ന് സാരം.

 

ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയുമുണ്ട് ഇതിന്.

ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല. വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി, ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. എട്ട് നോട്ട് (നോട്ടിക്കല്‍ മൈല്‍ പെര്‍ അവര്‍) ആണ് ബോട്ടിന്റെ വേഗത. പരമ്പരാഗത ബോട്ടിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും.

അലൂമിനിയം കട്ടമരന്‍ ഹള്ളിലാണ് നിര്‍മിതി. ഫ്‌ളോട്ടിംഗ് ജെട്ടികളായതിനാല്‍ ബോട്ടും ജെട്ടിയും എപ്പോഴും ഒരേനിരപ്പിലായിരിക്കും. അതിനാല്‍ ഏറ്റവും സുരക്ഷിതമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വരെ കയറുകയും ഇറങ്ങുകയും ചെയ്യാം. കായല്‍പരപ്പിലൂടെ വേഗത്തില്‍ പോകുമ്പോഴും പരമവാധി ഓളം ഉണ്ടാക്കുന്നത് കുറയ്ക്കുന്ന രീതിയിലാണ് ബോട്ടിന്റെ ഘടന.
വൈറ്റില ഹബിലെ ഓപ്പറേറ്റിംഗ് കണ്‍ട്രോള്‍ സെന്ററില്‍ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. രാത്രി യാത്രയില്‍ ബോട്ട് ഓപ്പറേറ്റര്‍ക്ക് സഹായമാകുന്നതിന് തെര്‍മല്‍ കാമറയും സജ്ജീകരിച്ചിട്ടുണ്ട്. ബോട്ടിന് ചുറ്റുമുള്ള കാഴ്ചകള്‍ ഓപ്പറേറ്റര്‍ക്ക് കാണുവാന്‍ കഴിയും. മാത്രമല്ല ബോട്ടുകളില്‍ റഡാര്‍ സംവിധാനവുമുണ്ടാകും. ബാറ്ററി ചാര്‍ജ് തീര്‍ന്നാല്‍ യാത്ര തുടരാന്‍ ഡീസല്‍ ജനറേറ്റര്‍ സൗകര്യവുമുണ്ട്. ഇതുരണ്ടും ഒരുമിച്ച് ഉപയോഗിച്ച് കൂടുതല്‍ വേഗത്തില്‍ പോകാനുള്ള സൗകര്യവുമുണ്ട്.

76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ. വാട്ടര്‍മെട്രോ ടെര്‍മിനലുകളുടെയും ബോട്ടുകളുടെയും നിര്‍മാണം വളരെ വേഗം പുരോഗമിക്കുകയാണ്. 38 ടെര്‍മിനലുകളില്‍ മൂന്നെണ്ണത്തിന്റെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു.

 

കാക്കനാട്, വൈറ്റില, ഏലൂര്‍ ടെര്‍മിനലുകളാണ് പൂര്‍ത്തിയായിരിക്കുന്നത്. വൈപ്പിന്‍, ബോള്‍ഗാട്ടി, ഹൈക്കോര്‍ട്ട്, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍ എന്നിവയുടെ നിര്‍മാണം ജൂണോടെ പൂര്‍ത്തിയാകും. വൈറ്റില-കാക്കനാട് റൂട്ടില്‍ ഡ്രഡ്ജിംഗ് പൂര്‍ത്തിയായി. ഹൈക്കോര്‍ട്ട്-വൈറ്റില റൂട്ടില്‍ ഡ്രഡ്ജിംഗ് പുരോഗമിക്കുന്നു.

error: Content is protected !!