കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഓക്സിജൻ നിർമ്മാണ പ്ലാൻ്റ് നാളെ ഉദ്ഘാടനം ചെയ്യും

 

konnivartha.com:കോന്നി ഗവ.മെഡിക്കൽ കോളേജിലെ ഓക്സിജൻ നിർമ്മാണ പ്ലാൻ്റ് നാളെ (26-02-2022)വൈകിട്ടു 4.30 നു ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും.അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ അധ്യക്ഷനാകും. മെഡിക്കൽ കോളേജ് ആശുപത്രിയിലെ 240 കിടക്കകളിൽ പ്ലാൻ്റിൽ നിന്ന് നേരിട്ട് ഓക്സിജൻ എത്തും.

 

ഒരു മിനിറ്റിൽ 1500 ലിറ്റർ ഉല്പാദന ശേഷിയുള്ള ഓക്സിജൻ പ്ലാൻ്റിൻ്റെ നിർമ്മാണമാണ് പൂർത്തിയായത് . 2021 മെയ് മാസത്തിലാണ് 1.60 കോടി രൂപ ചെലവഴിച്ച് പ്ലാൻ്റ് നിർമ്മിക്കാൻ അനുമതി ലഭിച്ചത്.ആരോഗ്യ മന്ത്രി വീണാ ജോർജിൻ്റെ ഇടപെടലാണ് പ്ലാൻ്റ് കോന്നി ഗവ.മെഡിക്കൽ കോളേണ്ടിൽ ലഭ്യമാകുന്നതിനും, വേഗത്തിൽ നിർമ്മാണം നടത്തുന്നതിനും സഹായകമായത്.

പിഎസ് എ ടെക്നോളജി ഉപയോഗിച്ചാണ് പ്ലാൻ്റ് പ്രവർത്തിക്കുന്നത്.കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കോന്നിയ്ക്ക് ലഭ്യമായ പുതിയ ഓക്സിജൻ പ്ലാൻ്റ് റെക്കോഡ് വേഗത്തിലാണ് നിർമ്മാണം പൂർത്തിയാക്കിയത്.ഓക്സിജൻ പ്ലാൻ്റ് നിർമ്മാണം പൂർത്തീകരിച്ചതോടെ മെഡിക്കൽ കോളേജിൽ ഓക്സിജൻ സ്വയം പര്യാപ്തത കൈവരിക്കാൻ കഴിയും.

മെഡിക്കൽ കോളേജിൽ ഓക്സിജൻ സൗകര്യമുള്ള 240 കിടക്കകളും, 30 ഐ.സി.യു കിടക്കകളും ഉൾപ്പടെ 270 കിടക്കകളാണ് ഉള്ളത്.കേരളാ മെഡിക്കൽ സർവ്വീസസ് കോർപ്പറേഷനാണ് ഓക്സിജൻ പ്ലാൻ്റ് സജ്ജമാക്കുന്നതിൻ്റെ ചുമതല നിർവ്വഹിച്ചത്. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർമാണ പ്രവർത്തികൾ ഏറ്റെടുത്തത്.

ഓക്സിജൻ്റെ ഗുണനിലവാര പരിശോധന പൂർത്തിയാക്കി ലൈസൻസ് ലഭ്യമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഓമല്ലൂർ ശങ്കരൻ,കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് രേഷ്മ മറിയം റോയ് , മെഡിക്കൽ വിദ്യാഭ്യാസ ഡയരക്ടർ ഡോ റംല ബീവി, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.മിന്നി മേരി മാമ്മൻ,മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സിവി രാജേന്ദ്രൻ, എന്നിവരും ചടങ്ങിൽ പങ്കെടുക്കും

error: Content is protected !!