ഒമിക്രോണ്‍ പ്രതിരോധം: പത്തനംതിട്ട ജില്ല സി കാറ്റഗറിയില്‍;നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഉത്തരവായി

 

konnivartha.com : കോവിഡ് 19 വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.

സി കാറ്റഗറിക്ക് ബാധകമായ നിയന്ത്രണങ്ങള്‍

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ, സാമുദായിക, പൊതുപരിപാടികള്‍ ഉള്‍പ്പെടെ യാതൊരുവിധ കൂടിചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്.
വിവാഹം, മരണാന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കുകയുളളു. സിനിമ തിയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.

ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെ) ഒരാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കുകയുള്ളൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ജനുവരി 30(ഞായറാഴ്ച) അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കുകയുള്ളു.

പൊതുമാര്‍ഗനിര്‍ദേശങ്ങള്‍

സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗ ബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാന്‍ സര്‍ക്കാര്‍ ഡോക്ടറുടെ (അലോപ്പതി) സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കാവുന്നതാണ്.

മാളുകള്‍, കല്യാണഹാളുകള്‍, തീം പാര്‍ക്കുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സാനിറ്റെസര്‍ ഉപയോഗം, സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ കോവിഡ് 19 മാനദണ്ഡങ്ങളും പാലിക്കുന്നുവെന്നുള്ള കാര്യം ഉറപ്പാക്കുന്നത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്വമായിരിക്കും.

ഒന്‍പതാം ക്ലാസ് വരെയുള്ള അധ്യയനം ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. എന്നാല്‍, തെറാപ്പി അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല.

error: Content is protected !!