Trending Now

ശബരിമല : ഭക്തിയുടെ നിറവില്‍ അമ്പലപ്പുഴ,ആലങ്ങാട് സംഘത്തിന്‍റെ ശീവേലി

 

 

സന്നിധാനത്ത് ഭക്തി നിര്‍ഭരമായി അമ്പലപ്പുഴക്കാരുടെ ശീവേലി എഴുന്നള്ളത്ത് നടന്നു. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് മാളികപ്പുറം മണി മണ്ഡപത്തില്‍ നിന്നും സന്നിധാനത്തേയ്ക്കാണ് എഴുന്നള്ളത്ത് നടന്നത്. മണി മണ്ഡപത്തില്‍ നിന്നും മാളികപ്പുറം മേല്‍ശാന്തി പൂജിച്ച് നല്‍കിയ തിടമ്പ് ജീവകയില്‍ എഴുന്നള്ളിച്ചു വാദ്യമേളങ്ങള്‍ അകമ്പടിയേകി.

പന്തളത്ത് നിന്നും തിരുവാഭരണത്തോടൊപ്പം വന്ന കൊടിക്കൂറ തിടമ്പിനൊപ്പം എഴുന്നള്ളിച്ചു. സ്വാമിമാരും മാളികപ്പുറങ്ങളും കര്‍പ്പൂരതാലം ഏന്തി എഴുന്നള്ളത്തില്‍ പങ്കെടുത്തു. എഴുന്നള്ളത്ത് പതിനെട്ടാം പടിക്കല്‍ എത്തിയപ്പോള്‍ പടി കഴുകി വൃത്തിയാക്കി പടിയില്‍ കര്‍പ്പൂരാരതി നടത്തി. തുടര്‍ന്ന് ക്ഷേത്രം പ്രദക്ഷിണം ചെയ്ത് മാളികപ്പുറത്ത് എത്തി ഇറക്കി എഴുന്നള്ളിച്ചു.

 

മാളികപ്പുറത്തുനിന്നും തിരികെ എത്തി തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പവിഗ്രഹം ദര്‍ശിച്ച് വിരിയില്‍ എത്തി കര്‍പ്പൂരാഴി പൂജ നടത്തിയതോടെ പത്ത് നാള്‍ നീളുന്ന അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല തീര്‍ഥാടനത്തിന് സമാപനം ആയി. മകരവിളക്ക് ദിവസം രാവിലെ നെയ്യഭിഷേകവും അത്താഴപൂജയ്ക്ക് മഹാനിവേദ്യവും നടത്തിയ ശേഷമാണ് ശീവേലി എഴുന്നള്ളത്ത് നടന്നത്. ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്ന കാര എള്ള്, ശര്‍ക്കര, നെയ്യ്, തേന്‍, കല്‍ക്കണ്ടം, മുന്തിരി എന്നിവ ചേര്‍ത്തുണ്ടാക്കിയ എള്ളു പായസമാണ് ദേവന് നിവേദിച്ചത്. ജനുവരി ഏഴിനാണ് സംഘം അമ്പലപ്പുഴ ക്ഷേത്രത്തില്‍നിന്ന് യാത്ര തിരിച്ചത്.

ഗോപാലകൃഷ്ണ പിള്ളയായിരുന്നു സംഘത്തില്‍ സമൂഹപെരിയോര്‍, സംഘം പ്രസിഡന്റ് ഗോപകുമാര്‍, സെക്രട്ടറി മാധവന്‍കുട്ടി നായര്‍, ട്രഷറര്‍ ചന്ദ്രകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

 

ശബരിമല നാളത്തെ  ചടങ്ങുകള്‍ (16.01.2022)

പുലര്‍ച്ചെ 3.30 ന് പള്ളി ഉണര്‍ത്തല്‍
4 മണിക്ക്…. തിരുനട തുറക്കല്‍
4.05 ന്….. പതിവ് അഭിഷേകം
4.30 ന്… ഗണപതി ഹോമം
4.30 മുതല്‍ 11 മണി വരെ നെയ്യഭിഷേകം
7.30 ന് ഉഷപൂജ
7.45 മുതല്‍ 8.45 വരെ ഉദയാസ്തമയ പൂജ
11.30 ന് കലശാഭിഷേകം
12 ന് കളഭാഭിഷേകം
തുടര്‍ന്ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് തിരുനട അടയ്ക്കും …..
4 മണിക്ക് തിരുനട തുറക്കല്‍
6.30 ന് തിരുവാഭരണം ചാര്‍ത്തിയുള്ള  ദീപാരാധന
6.45 ന് പടിപൂജ
ശേഷം മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്കുള്ള എഴുന്നെള്ളത്ത്
9 മണിക്ക് ….അത്താഴപൂജ
10.50 ന്  ഹരിവരാസനം സങ്കീര്‍ത്തനം പാടി 11 മണിക്ക്  ശ്രീകോവില്‍ നട അടയ്ക്കും

error: Content is protected !!