ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നും ഭാവിയിലേക്കുള്ള പാലം: മന്ത്രി കെ.എന്‍. ബാലഗോപാല്‍

ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നും
ഭാവിയിലേക്കുള്ള പാലം: മന്ത്രി കെ.എന്‍. ബാലഗോപാല്‍

 

കെ റെയില്‍ കേരളത്തിന്റെ വര്‍ത്തമാനത്തില്‍ നിന്നും ഭാവിയിലേക്കുള്ള പാലമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ ദൂരീകരിക്കുന്നതിനായി പത്തനംതിട്ട ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിശദീകരണ യോഗം ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി പത്തനംതിട്ട മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

 

നാടിന്റെ വികസനത്തിനും ഭാവിതലമുറയ്ക്കും വേണ്ടിയുള്ള അഭിമാന പദ്ധതിയാണ് കെ-റെയില്‍. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള അര്‍ധ അതിവേഗ റെയില്‍ പദ്ധതി സംസ്ഥാന വികസനത്തിന്റെ നാഴികക്കല്ലാണ്. യാത്രാ സമയ ലാഭത്തിനൊപ്പം ടൂറിസം, ഐ.ടി, ഫിഷറീസ് തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റത്തിനുള്ള മാര്‍ഗവും വിപുലമായ തൊഴില്‍ സാധ്യതകളുമാണ് ഇതിലൂടെ ലഭ്യമാവുക. യാഥാര്‍ഥ്യങ്ങള്‍ ഉള്‍ക്കൊള്ളാനും നുണ പ്രചാരണങ്ങളെ തള്ളിക്കളയാനും പദ്ധതിക്ക് പിന്തുണ നല്‍കാനും പൊതു സമൂഹം തയാറാകണം. ജനങ്ങളെ വസ്തുകള്‍ ബോധ്യപ്പെടുത്തി ഈ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

പരിസ്ഥിതിക്ക് യാതൊരു വിധ ദോഷവും വരാത്ത രീതിയിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.വയലുകളുടെയും മറ്റും സംരക്ഷണം ഉറപ്പാക്കുന്നതിനായി 88 കിലോമീറ്റര്‍ ദൂരത്തില്‍ ആകാശ പാതയാണ് നിര്‍മിക്കുന്നത്. പദ്ധതി ഒരിടത്തും വനമേഖലയിലൂടെ കടന്നുപോകുന്നില്ല. നിര്‍മാണ വേളയില്‍ 50,000 പേര്‍ക്കും പ്രവര്‍ത്തന ഘട്ടത്തില്‍ 11,000 പേര്‍ക്കും പദ്ധതിയിലൂടെ തൊഴില്‍ ലഭിക്കും. കമ്പോള വിലയേക്കാള്‍ നാലിരട്ടി വരെ പണം നല്‍കിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക. ഏറ്റെടുക്കുന്ന എല്ലാ സ്ഥലത്തിനും കൃത്യമായി പണം നല്‍കും.

 

സംസ്ഥാനത്തിന് ഗുണകരമാകുന്ന പദ്ധതി ജനങ്ങളുമായി സംവദിച്ച് പൂര്‍ണ പിന്തുണ ഉറപ്പാക്കി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പദ്ധതിയെ അന്ധമായി എതിര്‍ക്കുന്നത് ഒഴിവാക്കണം. യാഥാര്‍ഥ്യങ്ങളെ യാഥാര്‍ഥ്യങ്ങളായി കാണണം. വികസനത്തിന്റെ കാര്യത്തില്‍ ജനപക്ഷ സമീപനം സ്വീകരിക്കാന്‍ എല്ലാവരും തയാറാകണം. കിഫ്ബിയുമായി ചേര്‍ന്ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാക്കും. കേരളത്തിന്റെ ഭാവിയിലേക്കുള്ള ഏറ്റവും വലിയ നിക്ഷേപമാണ് കെ റെയില്‍ എന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷ വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, കെ റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത്കുമാര്‍, കെ. റെയില്‍ പ്രോജക്ട് ആന്‍ഡ് പ്ലാനിംഗ് ഡയറക്ടര്‍ പി. ജയകുമാര്‍, കെ റെയില്‍ ഡെപ്യുട്ടി ജനറല്‍ മാനേജര്‍ ഫിനാന്‍സ് ജിബു ജേക്കബ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ചെയര്‍മാന്‍ അഡ്വ. പീലിപ്പോസ് തോമസ്,
ഓട്ടോകാസ്റ്റ് ചെയര്‍മാന്‍ അലക്സ് കണ്ണമല, പത്തനംതിട്ട ഇഎംഎസ് കോ-ഓപ്പറേറ്റീവ് ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. ടി.കെ.ജി. നായര്‍, പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, അടൂര്‍ നഗരസഭ അധ്യക്ഷന്‍ ഡി. സജി, കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ.ആര്‍. സനല്‍കുമാര്‍,
മുന്‍ എംഎല്‍എമാരായ രാജു ഏബ്രഹാം, എ. പത്മകുമാര്‍, സിപിഐ എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള, സാമൂഹിക, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!