കോന്നി മെഡിക്കല്‍ കോളേജു പരിസരത്ത് രൂക്ഷമായ പൊടി ശല്യം : വെള്ളം ഒഴിക്കുക

 

KONNIVARTHA.COM : ശ്വാസം മുട്ടല്‍ രോഗത്തിന് ചികിത്സിക്കാന്‍ എത്തുന്നവര്‍ കൂടുതല്‍ ശ്വാസം മുട്ടല്‍ അനുഭവിക്കേണ്ട അവസ്ഥയില്‍ ആണ് ഇന്ന് കോന്നി ഗവ മെഡിക്കല്‍ കോളേജ് പരിസരം . മെഡിക്കല്‍ കോളേജ് കെട്ടിട മുന്‍ ഭാഗ റോഡ്‌ ടാര്‍ ചെയ്യാത്തതിനാല്‍ വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ വലിയ തോതില്‍ ആണ് പൊടി ഉയരുന്നത് .ഇത് രോഗികള്‍ക്കും ആശുപത്രി ജീവനകാര്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന് ഏറെ ദിവസമായി പരാതി ഉണ്ട് .

 

 

പരാതിയ്ക്ക് ഉടന്‍ പരിഹാരം കാണുവാന്‍ മെഡിക്കല്‍ കോളജ് അധികാരികള്‍ക്ക് കഴിയണം . വേനല്‍ കടുത്തതോടെ ഓരോ വാഹനം കടന്നു വരുമ്പോള്‍ രോഗികള്‍ക്ക് ഓടി മാറേണ്ട അവസ്ഥ ഉണ്ട് . അത്ര മാത്രം പൊടി ശല്യം ഇവിടെ ഉണ്ട് . വലിയ വാഹനം കടന്നു വരുമ്പോള്‍ പൊടി ശല്യം അത്രയും കൂടും . പ്രധാന ഓ പി കെട്ടിടത്തിന്‍റെ മുന്നില്‍ പോലും പൊടി ശല്യം രൂക്ഷമായി . ഓ പി സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയാണ് ഈ സമയത്ത് എങ്കിലും മെഡിക്കല്‍ കോളേജ് കെട്ടിട മുന്‍ ഭാഗത്ത്‌ വെള്ളം തളിച്ച് പൊടി ശല്യം കുറയ്ക്കണം .താല്‍കാലികമായി എങ്കിലും ടാര്‍ ചെയ്‌താല്‍ വളരെ ഉപകാരം ആണ് എന്ന് മെഡിക്കല്‍ കോളേജ് അധികാര സ്ഥാനത്ത് ഉള്ളവരെ അറിയിക്കുന്നു .

 

 

സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിന് രോഗികള്‍ ദിനവും എത്തിച്ചേരുന്ന കോന്നി മെഡിക്കല്‍ കോളേജ് പരിസരത്തെ പൊടി ശല്യം അടിയന്തിരമായി കുറയ്ക്കാന്‍ ഉള്ള നടപടി ആണ് ആവശ്യം . ശ്വാസകോശ സംബന്ധമായ അസുഖം ഉള്ളവര്‍ ആണ് ഈ പൊടി ശല്യം കാരണം ഏറെ ദുരിതം അനുഭവിക്കുന്നത് . വിഷയം അതീവ പ്രാധാന്യത്തോടെ കോന്നി വാര്‍ത്ത അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നു . നടപടി ഉടന്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .

വെള്ളം തളിയ്ക്കാന്‍ കഴിവ് ഇല്ലെങ്കില്‍ ടാര്‍ ചെയ്യാന്‍ കഴിയുന്നില്ല എങ്കില്‍ ഈ ഭാഗത്തേക്ക്  വാഹനങ്ങള്‍ കടത്തി വിടാതെ ഇരിക്കുക . ദയവായി അധികാരികള്‍ ഉണരണം. കോന്നി അഗ്നി ശമന വിഭാഗം എന്നൊരു വകുപ്പും വാഹനവും ഉണ്ട് . അവരുടെ സേവനം മെഡിക്കല്‍ കോളേജ് അധികാരികള്‍ ഉപയോഗപ്പെടുത്തുക .

error: Content is protected !!