പത്തനംതിട്ട നഗരസഭ കുടിവെള്ള വിതരണം തുടങ്ങി

Spread the love

 

KONNIVARTHA.COM : പത്തനംതിട്ട നഗരസഭ ആരോഗ്യ സ്ഥിരം സമിതിയുടെ ചുമതലയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന മേഖലകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിച്ചു തുടങ്ങി. കുടിവെള്ള വിതരണ ഉദ്ഘാടനം നഗരസഭയുടെ എട്ടാം വാർഡിൽ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെറി അലക്സ് അധ്യക്ഷനായിരുന്നു. ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ അനീഷ് പങ്കെടുത്തു.

കുടിവെള്ളം ടാങ്കറിൽ എത്തിച്ചു നൽകാൻ നഗരസഭയ്ക്ക് നിലവിൽ സർക്കാർ ഉത്തരവ് ലഭിച്ചിട്ടില്ല. ജലവിഭവ വകുപ്പിൻെറ പ്ളാന്റിൽ ചെളി നീക്കുന്ന പ്രവൃത്തി പൂർത്തിയാകുവാൻ 10 ദിവസം കൂടി വേണ്ടിവരുമെന്ന സാഹചര്യത്തിലാണ് നഗരസഭ കുടിവെള്ള വിതരണം ആരംഭിച്ചത്. നഗരസഭാ ചെയർമാൻ നൽകിയ മുൻകൂർ അനുമതി ഇന്നു ചേർന്ന നഗരസഭാ കൗൺസിൽ ഐക്യകണ്ഠേന അംഗീകരിച്ചു. കഴിഞ്ഞ എട്ടു വർഷത്തിലധികമായി പ്ലാന്റിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിൽ വാട്ടർ അതോറിറ്റിയുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായതായി കൗൺസിൽ അഭിപ്രായപ്പെട്ടു.

അതോറിറ്റിയുടെ നിരുത്തരവാദപരമായ പ്രവർത്തനങ്ങളുടെ പേരിൽ ജനപ്രതിനിധികൾ ആക്ഷേപം കേൾക്കേണ്ട സാഹചര്യമാണ് നഗരത്തിൽ നിലവിലുള്ളതെന്ന് ഭരണ പ്രതിപക്ഷ ഭേദമന്യേ കൗൺസിൽ അംഗങ്ങൾ കുറ്റപ്പെടുത്തി. ജലവിഭവ വകുപ്പിൻെറ പ്രവർത്തനങ്ങൾ ജില്ലാ ആസ്ഥാനത്ത് കാര്യക്ഷമമാക്കാൻ സർക്കാർ തലത്തിലുള്ള ഇടപെടലുകൾ ഉണ്ടാകണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

error: Content is protected !!