കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനം:അദാലത്ത് ജനുവരി :15 ന് നടക്കും

 

കോന്നി ഗവ.മെഡിക്കൽ കോളേജ് റോഡ് വികസനം: ഭൂമി രജിസ്റ്റർ ചെയ്ത് പണം കൈമാറുന്നതിനു മുന്നോടിയായുള്ള അദാലത്ത് ജനുവരി :15 ന് നടക്കും.

139 ഭൂമിയുടെ ഉടമകൾക്ക് വിലയായി 3.17 കോടി കൈമാറുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ

ഇനിയും ഭൂമിയുടെ രേഖകൾ കൈമാറാനുള്ളവർക്കും രേഖകൾ നല്കാൻ അദാലത്തിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ.

KONNIVARTHA.COM : :ഗവ.മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി ജനുവരി 15ന് അദാലത്ത് നടത്തുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മുരിങ്ങമംഗലം ശബരി ആഡിറ്റോറിയത്തിൽ രാവിലെ 11 മണിക്കാണ് അദാലത്ത് നടത്തുന്നത്.

 

എം.എൽ.എ, പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ അദാലത്തിൽ പങ്കെടുക്കും.139 സ്ഥലങ്ങൾ ഏറ്റെടുത്ത് വസ്തു ഉടമകൾക്കുള്ള പണം കൈമാറുന്നതിനുള്ള നടപടി യുടെ ഭാഗമായാണ് അദാലത്ത് നടത്തുന്നത്.139 ഭൂമിയുടെ ഉടമകൾക്ക് 3.17 കോടി രൂപയാണ് കൈമാറാനായി അനുവദിച്ചിട്ടുള്ളത്.

 

അദാലത്ത് സംബന്ധിച്ച അറിയിപ്പ് വസ്തു ഉടമകൾക്ക് നല്കിയിട്ടുണ്ട്. ആധാരത്തിൻ്റെ പകർപ്പ്, പാൻ കാർഡ്, ആധാർ കാർഡ്. കരമടച്ച രസീത് എന്നിവയുടെ കോപ്പികൾ, ബാങ്ക് പാസ്സ് ബുക്കിൻ്റെ ഒന്നാം പേജിൻ്റെ കോപ്പി, വസ്തുവിൻ്റെ പ്ലാൻ, ലൊക്കേഷൻ സ്കെച്ച്, പാസ്സ്പോർട്ട് സൈസിലുള്ള ഫോട്ടോ എന്നിവ വസ്തു ഉടമകൾ അദാലത്ത് ദിവസം ഹാജരാക്കണം.

 

അദാലത്തിൽ ഹാജരാക്കുന്ന രേഖകൾ പരിശോധിച്ച ശേഷം പ്രമാണം രജിസ്റ്റർ ചെയ്യുന്ന തീയതി അറിയിക്കും.സംസ്ഥാന ഗവർണർക്കു വേണ്ടി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലേക്കാണ് പ്രമാണം രജിസ്റ്റർ ചെയ്യുന്നത്. പ്രമാണം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ അന്നേ ദിവസം തന്നെ വസ്തുവിൻ്റെ വില ട്രഷറി വഴി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.

 

വസ്തുവിൻ്റെ നിയമസാധുത പരിശോധിക്കുന്നതിന് ഇനിയും രേഖകൾ കൈമാറാനുള്ള ഉടമകൾക്കും അന്നേ ദിവസം അദാലത്തിൽ ഹാജരാക്കാവുന്നതാണ്. വസ്തു ഏറ്റെടുക്കുന്നതു സംബന്ധിച്ച സംശയ നിവാരണത്തിനും അദാലത്തിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്.

മെഡിക്കൽ കോളേജ് റോഡ് നിർമ്മാണം ഉടൻ ആരംഭിക്കാൻ കഴിയത്തക്ക നിലയിൽ പണം അനുവദിച്ചു കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു. കോന്നിയുടെ ഏറ്റവും വലിയ വികസന പദ്ധതി എന്ന നിലയിൽ ജനങ്ങൾ ഒറ്റ മനസ്സോടെ റോഡ് വികസനവുമായി സഹകരിക്കുന്നുണ്ട്. വസ്തു രജിസ്റ്റർ ചെയ്താൽ ഉടൻ നിർമ്മാണം ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. വസ്തു വിട്ടു നല്കാനുള്ള മുഴുവൻ ആളുകളും അദാലത്തിൽ എത്തി നടപടികൾ വേഗത്തിലാക്കണമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!