തിരുവാഭരണ ഘോഷയാത്ര നാളെ(12) പുറപ്പെടും

Spread the love

 

KONNIVARTHA.COM : മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ ബുധനാഴ്ച(ജനുവരി 12) പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപാകും. പതിനാലിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 25 അംഗങ്ങള്‍ ശിരസിലേറ്റി കാല്‍നടയായി ശബരിമലയിലെത്തിക്കുന്നത്.
പന്തളം വലിയതമ്പുരാന്‍ പി. രാമവര്‍മ രാജയുടെ പ്രതിനിധിയായി ശങ്കര്‍ വര്‍മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത്തവണത്തെ ഘോഷയാത്ര.

 

ജനുവരി 12-ന് പുലര്‍ച്ചെ ആഭരണങ്ങള്‍ വലിയകോയിക്കല്‍ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളിക്കും. രാവിലെ 11 വരെ ഭക്തര്‍ക്ക് ആഭരണങ്ങള്‍ ദര്‍ശിക്കാനുള്ള സൗകര്യമുണ്ടാകും. ഉച്ചയോടെ ക്ഷേത്രത്തില്‍ ആചാരപരമായ ചടങ്ങുകള്‍ നടക്കും. രാജപ്രതിനിധി ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങി പല്ലക്കിലേറി യാത്രതിരിക്കും. ഉച്ചയ്ക്ക് ഒന്നിന് തിരുവാഭരണങ്ങള്‍ കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ആഭരണ പേടകങ്ങള്‍ ശിരസിലേറ്റി ശബരിമലയെ ലക്ഷ്യമാക്കി നീങ്ങും.

 

പരമ്പരാഗത തിരുവാഭരണ പാതയിലൂടെ കുളനട, ഉള്ളന്നൂര്‍, ആറന്മുള വഴി അയിരൂര്‍ പുതിയകാവ് ക്ഷേത്രത്തിലെത്തുന്ന സംഘം ആദ്യദിവസം അവിടെ വിശ്രമിക്കും. രണ്ടാം ദിവസം പെരുനാട് വഴി ളാഹ വനംവകുപ്പു സത്രത്തിലെത്തുന്ന ഘോഷയാത്രാസംഘം അവിടെ തങ്ങും. മൂന്നാം ദിവസമാണ് കാനനപാതയിലൂടെ ഘോഷയാത്ര കടന്നുപോകുന്നത്. പ്ലാപ്പള്ളിയില്‍ നിന്നും അട്ടത്തോട് വഴി വലിയാനവട്ടവും ചെറിയാനവട്ടവും കടന്ന് വൈകുന്നേരത്തോടെ സംഘം ശബരിമലയിലെത്തിച്ചേരും. തിരുവാഭരണങ്ങള്‍ ശബരീശവിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.

 

ഘോഷയാത്രയ്ക്കൊപ്പം യാത്രതിരിക്കുന്ന രാജാവ് പമ്പയിലെത്തി ഭക്തര്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കും. മൂന്നാം ദിവസം മലകയറുന്ന രാജാവ് ശബരിമലയില്‍ നടക്കുന്ന കളഭവും മാളികപ്പുറത്ത് നടക്കുന്ന ഗുരുതിയും കഴിഞ്ഞാണ് ശബരിമല നടയടച്ച് ആഭരണങ്ങളുമായി പന്തളത്തേക്ക് മടങ്ങുന്നത്.

 

പരിമിതികളെ മറികടന്ന് രാംബാബു വന്നു, എന്നും തുണയായ
അയ്യപ്പനെ വണങ്ങാൻ

രാം ബാബു ശാരീരിക വെല്ലുവിളികളെ അതിജീവിച്ചാണ് സന്നിധാനത്തെത്തി ഹരിഹരസുതനെ വണങ്ങിയത്. 27ാം തവണയും തനിക്ക് പതിനെട്ടാം പടി കയറാൻ തുണയേകുന്നത് അയ്യപ്പചൈതന്യമാണെന്ന് രാം ബാബു പറയുന്നു. ഇരുകാലുകൾക്കും സ്വാധീനമില്ലാത്ത രാം ബാബു ആദ്യം മലകയറിയത് 1990 ലാണ്. തുടർന്ന് ചില വർഷങ്ങൾ ഒഴികെ തീർത്ഥാടനത്തിന് ശബരിമല സന്നിധിയിലെത്തുന്നു.ഒറ്റയ്ക്കാണ് യാത്ര.ആന്ധ്രാ പ്രദേശിലെ അനന്തപുരം ടൗണിൽ നിന്ന് യാത്ര തിരിക്കുമ്പോൾ അയ്യപ്പ മന്ത്രങ്ങളും ശരണം വിളികളുമാണ് മനസ്സ് നിറയെ. ബംഗളൂരു വരെ ബസ്സിലും തുടർന്ന് ചെങ്ങന്നൂർ വരെ ട്രയിനിലുമായിരുന്നു യാത്ര. ചെങ്ങന്നൂരിൽ നിന്ന് ബസ്സിന് പമ്പയിലെത്തി. അയ്യപ്പന്റെ അനുഗ്രഹമാണ് തനിക്ക് ബുദ്ധിമുട്ടില്ലാതെ മലകയറ്റം സാധ്യമാക്കുന്നതെന്ന് രാംബാബു പറയുന്നു.

മകരവിളക്ക്: പാണ്ടിത്താവളത്ത് അധിക ടോയ്‌ലറ്റുകൾ സജ്ജമാക്കി, ഇഎംസി ബുധനാഴ്ച മുതൽ

മകരവിളക്ക് ദിവസം തിരുവാഭരണ ഘോഷയാത്രയുടെ സ്വീകരണവുമായി ബന്ധപ്പെട്ട് പമ്പയിൽ അയ്യപ്പൻമാർക്ക് പ്രവേശനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും ബുധനാഴ്ച പമ്പയിൽ ചേരുന്ന യോഗം ഇതുസംബന്ധിച്ച് തീരുമാനം എടുക്കുമെന്നും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അർജുൻ പാണ്ഡ്യൻ പറഞ്ഞു. മകരവിളക്ക് ഉത്സവത്തിന് മുന്നോടിയായി സന്നിധാനത്ത് ചേർന്ന ഉന്നത തല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സന്നിധാനം സ്പെഷ്യൽ ഓഫീസർ ബി. കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് ഓഫീസർ വി. കൃഷ്ണകുമാര വാര്യർ, ഫെസ്റ്റിവൽ കൺട്രോളർ വി.യു. ഉപ്പിലിയപ്പൻ, ആർ.എ.എഫ് ഡെപ്യൂട്ടി കമാൻഡന്റ് ജി.വിജയൻ, ഡ്യൂട്ടി മജിസ്ട്രേറ്റ് ജേക്കബ് ടി.ജോർജ്, വിവിധ വകുപ്പ് നോഡൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.

മകരവിളക്കിന് അവസാനവട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനാണ് യോഗം ചേർന്നത്. മകരവിളക്കിന് കൂടുതൽ തിരക്ക് പ്രതീക്ഷിച്ചു കൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് പൂർത്തിയാക്കുന്നതെന്ന് യോഗത്തിൽ എഡിഎം അർജുൻ പാണ്ഡ്യൻ പറഞ്ഞു. ഭക്തർ കൂടുതലായി മകരവിളക്ക് ദർശനത്തിന് നിൽക്കുന്ന പാണ്ടിത്താവളം, അന്നദാന മണ്ഡപം എന്നിവിടങ്ങളിലും സമീപ പ്രദേശത്തും വൃത്തിയാക്കലും മറ്റും പൂർത്തിയായി വരുകയാണ്. രണ്ട് അധിക ബ്ലോക്കുകളിലായി 240 ടോയ്‌ലെറ്റുകൾ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ തയാറാക്കിയിട്ടുണ്ട്. കൂടാതെ

പാണ്ടിത്താവളത്ത് പുതിയതായി നിർമാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ ബുധനാഴ്ച ഒരു എമർജൻസി മെഡിക്കൽ കെയർ സംവിധാനം(ഇഎംസി) ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സജ്ജമാക്കും. കൂടാതെ ഫയർ ഫോഴ്സിന്റെ സാന്നിധ്യവും അവിടെ ഉറപ്പാക്കുന്നുണ്ട്. തിരുവാഭരണഘോഷയാത്ര വരുന്നത് പ്രമാണിച്ചുള്ള എല്ലാ മുന്നൊരുക്കങ്ങളും സന്നിധാനത്ത് പൂർത്തിയാക്കി. മകരവിളക്ക് ദിവസം തിരുവാഭരണഘോഷയാത്ര വരുന്നതിനു മുന്നോടിയായി പമ്പയിൽ തീർഥാടകരെ നിയന്ത്രിക്കുന്നതു കൂടാതെ കെഎസ്ആർടിസി ബസിന്റെ ഷെഡ്യൂളുകളിലും നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിലും നിയന്ത്രണങ്ങൾ ഉണ്ടാകും.

 

മകരവിളക്ക് ദർശനത്തോട് അടുക്കുന്നതോടെ അനിവാര്യഘട്ടത്തിൽ അയ്യപ്പ ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസുകാരുടെ എണ്ണം വർധിപ്പിക്കുന്നതിന് സജ്ജമാണെന്ന് സ്പെഷൽ ഓഫീസർ ബി. കൃഷ്ണകുമാർ പറഞ്ഞു. ബുധനാഴ്ച മുതൽ മകരജ്യോതി ദർശനത്തിനായി എത്തുന്ന ഭക്തർ തങ്ങാൻ സാധ്യതയുള്ളതു കണക്കിലെടുത്ത് അതിനുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്്. മകരവിളക്ക് ദർശനത്തിന് ശേഷം സുരക്ഷിതമായി തിരിച്ചിറങ്ങുന്നതിനുള്ള എക്സിറ്റ് പോയിന്റുകൾ പോലീസ് തയാറാക്കുന്നുണ്ട്. ഇവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിനും ഭക്തർക്ക് വെള്ളം, വെളിച്ചം എന്നിവ ഉറപ്പാക്കുന്നതിനുമുള്ള നിർദേശം സ്പെഷ്യൽ ഓഫീസർ കെഎസ്ഇബി അധികൃതർക്ക് നൽകി.

വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ 10 വാട്ടർ പോയിന്റുകൾ നേരത്തെ തന്നെ സജ്ജമാണ്. 13, 14 തീയതികളിൽ നടപ്പന്തലിലെയും ഫ്ളൈഓവറിലെയും കുടിവെള്ള വിതരണം കൂടാതെ അഖില ഭാരത അയ്യപ്പ സേവാ സംഘത്തിന്റെ നേതൃത്വത്തിൽ കൂടുതൽ സ്ഥലങ്ങളിൽ നടത്തും. നിലവിൽ അഗ്നി രക്ഷാ സേനയുടെ സ്ട്രെച്ചർ സംവിധാനം കൂടാതെ അധികമായി അയ്യപ്പ സേവാ സംഘം സോപാനം, വാവരുനട, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ശരംകുത്തി എന്നിവിടങ്ങളിൽ കൂടി സ്ട്രെച്ചർ സൗകര്യം ഏർപ്പെടുത്തും.

മകരവിളക്ക് ദർശിക്കുന്നതിനായി സന്നിധാനത്തെ വലിയ കെട്ടിടങ്ങൾക്ക് മുകളിൽ അയ്യപ്പഭക്തർ കയറുന്നത് പോലീസ് തടയും. ബുധനാഴ്ച തന്നെ കെട്ടിടങ്ങളുടെ മുകളിലേക്കുള്ള പാത പൂട്ടി താക്കോൽ കൺട്രോൾ റൂമിൽ നൽകണം. താഴ്ന്നു കിടന്ന കെഎസ്ഇബി ലൈനുകൾ ഉയർത്തി കെട്ടി സുരക്ഷിതമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. മകരജ്യോതി ദർശനത്തിന് സന്നിധാനത്തെ തിരക്ക് വർധിക്കുന്നത് കണക്കിലെടുത്ത് ശുചീകരണത്തിന് കൂടുതൽ സംവിധാനം ഏർപ്പെടുത്തി. നിലവിൽ സന്നിധാനത്ത് മാത്രം 173 വിശുദ്ധി സേന പ്രവർത്തകർ ഉണ്ട്. എട്ട് സംഘങ്ങളായാണ് ഇവർ പ്രവർത്തിക്കുന്നത്. ഇത് ഒമ്പത് സംഘമാക്കി വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്്.

error: Content is protected !!