പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ (03/12/2021 )

റാന്നിയിലെ ആദിവാസി കോളനികളില്‍ പ്രത്യേക മെഡിക്കല്‍ സംഘം പരിശോധന നടത്തും

റാന്നി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആദിവാസി കോളനികളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് പരിശോധന നടത്താന്‍ തീരുമാനമായി. പട്ടിക വര്‍ഗ കോളനികളിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രൊമോട്ടര്‍മാരുടെയും യോഗത്തിലാണ് തീരുമാനം.

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനും തൊഴില്‍ നേടുന്നതിനുമുള്ള കരിയര്‍ ഗൈഡന്‍സ് സംവിധാനവും കോളനികളിലെ കൗമാരക്കാര്‍ക്ക് പ്രത്യേകം കൗണ്‍സിലിംഗും തൊഴില്‍ പരിശീലനവും നല്‍കും. കോളനികള്‍ ലഹരിമുക്തം ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനയും വിവിധ ചികിത്സകളും ആവശ്യമുള്ളവര്‍ക്ക് ചികിത്സാധനസഹായം ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് നല്‍കും. ആദിവാസി വിദ്യാര്‍ഥികള്‍ക്കായി പിഎസ്സി പരിശീലനത്തിനും തൊഴില്‍ വൈദഗ്ധ്യം ലഭ്യമാക്കുന്നതിനും പ്രത്യേക സംരംഭങ്ങള്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

സഞ്ചരിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറുകള്‍
പത്തനംതിട്ട ജില്ലയില്‍( ഡിസംബര്‍ 4, 5)

പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി സപ്ലൈക്കോയുടെ താല്‍ക്കാലിക മൊബൈല്‍ മാവേലി സ്റ്റോര്‍ വാഹനങ്ങള്‍ (ഡിസംബര്‍ 4, 5 ശനി, ഞായര്‍) പത്തനംതിട്ട ജില്ലയിലെ താലൂക്കുകളിലെ വിവിധ കേന്ദ്രങ്ങളില്‍ വില്‍പന നടത്തും. ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് മുഖേനയും നോണ്‍ സബ്‌സിഡി സാധനങ്ങള്‍, ശബരി ഉല്‍പ്പന്നങ്ങള്‍ എന്നിവയും മൊബൈല്‍ മാവേലി സ്റ്റോറുകള്‍ വഴി ലഭിക്കും.
അടൂര്‍ താലൂക്കിലെ മൊബൈല്‍ മാവേലി സ്റ്റോറിന്റെ ഫ്‌ളാഗ് ഓഫ് ഇന്ന്( ഡിസംബര്‍ 4 ശനി) രാവിലെ എട്ടിന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറക്കോട് സപ്ലൈക്കോ ഡിപ്പോ പരിസരത്തും, ഡിസംബര്‍ അഞ്ചിന് രാവിലെ എട്ടിന് അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി.സജി അടൂര്‍ പീപ്പിള്‍സ് ബസാര്‍ പരിസരത്തും നിര്‍വഹിക്കും.
അടൂര്‍ താലൂക്കില്‍ മാവേലി സ്റ്റോര്‍ വാഹനം എത്തിച്ചേരുന്ന സമയവും സ്ഥലവും – ശനി രാവിലെ 8.30 ന് കുറുമ്പകര, 10.15-ന് ചന്ദനപ്പള്ളി, 12.30- ന് അങ്ങാടിക്കല്‍, മൂന്നിന് ആനന്ദപ്പള്ളി, 5.30 -ന് പുത്തന്‍ ചന്ത. ഞായര്‍ രാവിലെ 8.30- ന് ആതിരമല, 10.15- ന് ചേരിക്കല്‍, 12.15- ന് മങ്ങാരം, മൂന്നിന് കടക്കാട്, 5.30- ന് പാറക്കര.
റാന്നി താലൂക്കിലെ സ്ഥലവും സമയവും ചുവടെ. ശനി രാവിലെ 8.30 ന് ചാത്തന്‍തറ, 10 ന് തുലാപ്പള്ളി, ഉച്ചയ്ക്ക് 12 ന് മന്ദിരംപടി (നാറാണംതോട്) 1.30 ന് നാറാണംതോട്, 2.30 ന് കിസുമം, വൈകിട്ട് അഞ്ചിന് മൂലക്കയം. ഞായര്‍ രാവിലെ 8.30ന് അരീക്കക്കാവ്, തടിഡിപ്പോ 10 ന്, മണിയാര്‍ 11.15, പടയണിപ്പാറ 12.45 ന്, ഫോറിന്‍പടി 3 ന്, ഉമ്മാമുക്ക് വൈകിട്ട് അഞ്ചിന്.
മൊബൈല്‍ വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ശനി രാവിലെ എട്ടിന് അഡ്വ. പ്രമോദ് നാരാണ്‍ എം.എല്‍.എ, ഞായര്‍ രാവിലെ എട്ടിന് പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്‍ ഏബ്രഹാമും നിര്‍വഹിക്കും.

കോന്നി, കോഴഞ്ചേരി താലൂക്കുകളിലെ വിവിധ സ്ഥലങ്ങളില്‍ ശനിയും ഞായറും മൊബൈല്‍ മാവേലി സ്റ്റോറുകള്‍ എത്തും. ശനി രാവിലെ 9ന് സപ്ലൈകോ മൈലപ്ര ഡിപ്പോ അങ്കണത്തില്‍ കോന്നി താലൂക്ക്തല ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എയും പത്തനംതിട്ട പീപ്പിള്‍സ് ബസാര്‍ അങ്കണത്തില്‍ കോഴഞ്ചേരി താലൂക്ക്തല ഉദ്ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈനും നിര്‍വഹിക്കും.

കോഴഞ്ചേരി താലൂക്കില്‍ ശനിയാഴ്ച വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: കുമ്പഴ 9, പുത്തന്‍ പീടിക 11, പ്രക്കാനം 1.30, നെല്ലിക്കാല 3.30, തെക്കേമല 5.30.
കോഴഞ്ചേരി താലൂക്കില്‍ അഞ്ചിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: കല്ലേലിമുക്ക് 9, കാഞ്ഞിരവേലി 11, കുറിച്ചിമുട്ടം 1.30, അമ്പലക്കടവ് 3.30, മെഴുവേലി 5.30.
കോന്നി താലൂക്കില്‍ നാലിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: മൈലപ്ര 9.00, അതുമ്പുംകുളം 11.30, മെഡിക്കല്‍ കോളേജ് 1.30, വകയാര്‍ 3.30, കൊല്ലന്‍ പടി 5.30. കോന്നി താലൂക്കില്‍ അഞ്ചിന് വില്‍പ്പന ശാല എത്തുന്ന സ്ഥലം, സമയം എന്ന ക്രമത്തില്‍: ഞക്കുനിലം 9, അന്തിച്ചന്ത 11.30, കൈതക്കര 1.30, വാഴമുട്ടം 3.30, മല്ലശേരി 5.30.
മല്ലപ്പള്ളി, തിരുവല്ല താലൂക്കുകളിലെ വിവിധ സ്ഥലങ്ങളില്‍ ശനിയും ഞായറും മൊബൈല്‍ മാവേലി സ്റ്റോറുകള്‍ എത്തും. എല്ലാ പോയിന്റുകളിലും ഒരു മണിക്കൂര്‍ സമയം വില്‍പന ക്രമീകരിച്ചിരിക്കുന്നു.

തീയതി, വില്‍പ്പന സ്ഥലം, സമയം എന്ന ക്രമത്തില്‍: മല്ലപ്പള്ളി താലൂക്കില്‍ ശനി രാവിലെ 9ന് നൂറോന്മാവ്, നെല്ലിമൂട് 10.30, പുളിന്താനം 12, കല്ലൂപ്പാറ നെടുമ്പാറ കോളനി 3, പുറമറ്റം 5. തിരുവല്ല താലൂക്കില്‍ ശനി വെണ്‍പാല രാവിലെ 9, കടപ്ര സൈക്കിള്‍ മുക്ക് 10.30, ചാത്തങ്കരി ജംഗ്ഷന്‍ 12, നിരണം ഡക്ക് ഫാം 3, കടപ്ര ജംഗ്ഷന്‍ 5.
മല്ലപ്പള്ളി താലൂക്കില്‍ ഞായര്‍ രാവിലെ 9ന് കണ്ടംപേരൂര്‍, പെരുമ്പെട്ടി 10.30, ചുങ്കപ്പാറ 12.30, കോട്ടാങ്ങല്‍ 3ന്, കുളത്തൂര്‍മൂഴി 5. തിരുവല്ല താലൂക്കില്‍ ഞായര്‍ രാവിലെ 9ന് കുമ്പനാട്, ഇരവിപേരൂര്‍ 10.30, മുണ്ടിയപ്പള്ളി 12,വള്ളംകുളം 3, നന്നൂര്‍ 5.

ലോക ഭിന്നശേഷി ദിനാഘോഷം നടത്തി

വിഭിന്ന കഴിവുകളെ കണ്ടെത്തി മാതൃകയാക്കാന്‍ കഴിയുന്ന
സ്ഥിതി വളര്‍ത്തിയെടുക്കണം: പ്രമോദ് നാരായണ്‍ എംഎല്‍എ

ഭിന്ന ശേഷിയില്‍പെട്ടവരിലെ വിഭിന്ന കഴിവുകളെ കണ്ടെത്തി മാതൃകയാക്കാന്‍ കഴിയുന്ന സ്ഥിതി സമൂഹം വളര്‍ത്തിയെടുക്കണമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി ദിനാഘോഷം ഉണര്‍വ് 2021 പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
ബിഥോവനെയും ഹെലന്‍ കെല്ലറിനേപ്പോലെയുള്ളവരും തങ്ങളുടെ പരിമിതികളെ മറികടന്ന് അര്‍പ്പണ മനോഭാവത്തോടെ ലോകത്തിന് പുതിയ ചരിത്രം നല്‍കിയവരാണ്. പരിമിതികളെ തരണം ചെയ്ത് പുതിയ ചരിത്രം സൃഷ്ടിക്കുവാനുള്ള ഊര്‍ജ്ജം പകരാന്‍ സമൂഹത്തിന് കഴിയണമെന്നും എംഎല്‍എ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ഭിന്നശേഷി സഹോദരങ്ങളെ സമൂഹം കരുണയോടെയും കരുതലോടെയും കാത്തുസൂക്ഷിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ മുഖ്യാതിഥിയായിരുന്നു. തന്റെ മെഡിക്കല്‍ പഠനകാലത്ത് ഭിന്ന ശേഷിക്കാരുടെ കഴിവ് മനസിലാക്കാന്‍ കഴിഞ്ഞതായി ജില്ലാ കളക്ടര്‍ പറഞ്ഞു. മറ്റൊരു സംസ്ഥാനത്ത് പഠിച്ച തനിക്ക് മറ്റ് സംസ്ഥാനങ്ങളിലെ ആളുകളുമായി പ്രാദേശിക ഭാഷ തടസമായി. ഇക്കാലത്ത് ആശുപത്രിയിലെ ഭിന്നശേഷിക്കാര്‍ ആശയ വിനിമയം പരസ്പരം വിജയകരമായി നടത്തിയത് തന്നെ അത്ഭുതപ്പെടുത്തിയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരെ ആദരിക്കലും സമ്മാനദാന വിതരണവും അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, പത്തനംതിട്ട മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ സിന്ധു അനില്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.അനിതകുമാരി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ. ഷംലാ ബീഗം, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.എസ് തസ്‌നിം, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സി.എസ് സുരേഷ്‌കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ മണികണ്ഠന്‍, നാഷണല്‍ ട്രസ്റ്റ് കണ്‍വീനര്‍ കെ.പി രമേശ്, കെഎസ്എസ്എം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പ്രീത കുമാരി, സെന്റ് പീറ്റേഴ്സ് ചര്‍ച്ച് വികാരി ഫാ.എബ്രഹാം മണ്ണില്‍, പ്രൊഫ.കെ.മാത്യു, രാജു ശെല്‍വം, കുമാരി ദിയ റെജി, എസ്.ജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യനീതി വകുപ്പിന്റെ സേവനങ്ങളും പദ്ധതികളും എന്ന ബ്രോഷര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഉണര്‍വ്വ് 2021 മത്സര വിജയികളുടെ കലാപരിപാടികള്‍ നടന്നു.സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ എന്ന വിഷയത്തില്‍ അഡ്വ.പ്രകാശ് പി.തോമസ് ക്യാസ് നയിച്ചു.

റാന്നി നോളജ് വില്ലേജ് അക്കാദമിക് വര്‍ക്ക്ഷോപ്പ് ഡിസംബര്‍ 4;
എട്ടു കോളജുകളിലെ അധ്യാപകരും വിദ്യാര്‍ഥികളും പങ്കെടുക്കും

റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി കോളജ് തലത്തില്‍ സംഘടിപ്പിക്കുന്ന അക്കാദമിക് വര്‍ക്ക്ഷോപ്പ് (4 ശനി)രാവിലെ 9.30ന് റാന്നി സെന്റ് തോമസ് കോളജില്‍ നടക്കും. റാന്നി മണ്ഡലത്തിലെ എട്ടു കോളജുകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപെട്ട അധ്യാപകരും വിദ്യാര്‍ഥികളും വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കും. ഉന്നത വിദ്യാഭ്യാസരംഗം മികവാര്‍ന്നതാക്കുന്നതിന് ആവശ്യമായ ദര്‍ശന രേഖയ്ക്ക് വര്‍ക്ക്ഷോപ്പ് രൂപം നല്‍കും.

റാന്നി മണ്ഡലത്തിലെ കോളജുകള്‍ക്ക് രാജ്യത്തെ വിവിധ വൈജ്ഞാനിക സ്ഥാപനങ്ങളുമായി ബന്ധം രൂപപെടുത്തുന്നതിനും അക്കാദമിക് വില്ലേജ് ലക്ഷ്യമിടുന്നു. വിദ്യാര്‍ഥികളുടെ തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നത്തിനുള്ള സ്‌കില്‍ അപ്പ്ഗ്രഡേഷന്‍, സാമൂഹിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് അറിവ് ഉത്പാദനം ലക്ഷ്യമിടുന്ന റിസര്‍ച്ച് ഡെവലപ്മെന്റ് എന്നിങ്ങനെ മൂന്നു മേഖലകളായി തിരിച്ചുള്ള ആശയ രൂപീകരണമാണ് വര്‍ക്ക് ഷോപ്പില്‍ നടക്കുക. വിവിധ അധ്യാപകര്‍ക്കും വിദഗ്ധര്‍ക്കും ഒപ്പം വിദ്യാര്‍ഥികളും പങ്കാളികളാകുന്നു എന്നതാണ് അക്കാദമിക് വര്‍ക്ക്ഷോപ്പിന്റെ പ്രത്യേകത.

അഡ്വ. പ്രമോദ്നാരായണ്‍ എംഎല്‍എ വിഷയാവതരണം നടത്തും. ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തും. കോളജ് പ്രിന്‍സിപ്പല്‍ ഏലിയാമ്മ കുരുവിള അധ്യക്ഷത വഹിക്കും. ഡോ. റോണി ജെയിന്‍ സ്വാഗതം പറയും. ഐഎച്ച്ആര്‍ഡി കോളേജ് പ്രിസിപ്പല്‍ സന്തോഷ് കെ. ബാബു, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് വള്ളിക്കോട്, നോളജ് വില്ലജ് കോ-ഓര്‍ഡിനേറ്റര്‍ സാബു, സെന്റ് തോമസ് കോളജ് മാനേജര്‍ സന്തോഷ് കെ. തോമസ് എന്നിവര്‍ പങ്കെടുക്കും.

ഡിസംബര്‍ 20ന് നടക്കുന്ന സ്‌കൂള്‍തല പ്രവര്‍ത്തനങ്ങളുടെ ആശയ രൂപീകരണത്തിനുള്ള അക്കാദമിക് അസംബ്ലിയുടെ ഉദ്ഘാടനം കേരളാ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് റാന്നിയില്‍ നിര്‍വഹിക്കും. ചടങ്ങില്‍ വിദ്യഭ്യാസ മേഖലയില്‍ നിന്നുള്ള വിദഗ്ധരും റാന്നിയിലെ വിവിധ സ്‌കൂളുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളും അധ്യാപകരും പങ്കെടുക്കും.

റാന്നിയിലെ ആദിവാസി കോളനികളില്‍ പ്രത്യേക
മെഡിക്കല്‍ സംഘം പരിശോധന നടത്തും

റാന്നി നിയോജക മണ്ഡലത്തിലെ മുഴുവന്‍ ആദിവാസി കോളനികളിലും ആരോഗ്യവകുപ്പിന്റെ പ്രത്യേക മെഡിക്കല്‍ സംഘം സന്ദര്‍ശിച്ച് പരിശോധന നടത്താന്‍ തീരുമാനമായി. പട്ടിക വര്‍ഗ കോളനികളിലെ പ്രവര്‍ത്തനം വിലയിരുത്തുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത പട്ടികവര്‍ഗ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രൊമോട്ടര്‍മാരുടെയും യോഗത്തിലാണ് തീരുമാനം.

വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്ന് പ്ലസ് ടു വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനും തൊഴില്‍ നേടുന്നതിനുമുള്ള കരിയര്‍ ഗൈഡന്‍സ് സംവിധാനവും കോളനികളിലെ കൗമാരക്കാര്‍ക്ക് പ്രത്യേകം കൗണ്‍സിലിംഗും തൊഴില്‍ പരിശീലനവും നല്‍കും. കോളനികള്‍ ലഹരിമുക്തം ആക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളും സന്നദ്ധ സംഘടനകളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള പരിശോധനയും വിവിധ ചികിത്സകളും ആവശ്യമുള്ളവര്‍ക്ക് ചികിത്സാധനസഹായം ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് നല്‍കും. ആദിവാസി വിദ്യാര്‍ഥികള്‍ക്കായി പിഎസ്സി പരിശീലനത്തിനും തൊഴില്‍ വൈദഗ്ധ്യം ലഭ്യമാക്കുന്നതിനും പ്രത്യേക സംരംഭങ്ങള്‍ ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു.

 

 

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ സംഘടിപ്പിക്കുന്ന വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. യോഗ, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടികെയര്‍ മാനേജ്മെന്റ്, മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റിസ്, കൗണ്‍സിലിംഗ് സൈക്കോളജി, മൊബൈല്‍ ജേര്‍ണലിസം, എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ്, ഹെല്‍ത്ത്കെയര്‍ ക്വാളിറ്റി മാനേജ്മെന്റ്, ഫിറ്റ്നെസ് ട്രെയിനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, അക്യുപ്രഷര്‍ ആന്‍ഡ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍, ഹോട്ടല്‍ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ്, സംഗീത ഭൂഷണം, മാര്‍ഷ്യല്‍ ആര്‍ട്സ്, പഞ്ചകര്‍മ്മ അസിസ്റ്റന്‍സ്, സൗണ്ട് എന്‍ജിനീയറിംഗ്, ലൈഫ് സ്‌കില്‍സ് എഡ്യുക്കേഷന്‍, ലൈറ്റിംഗ് ഡിസൈന്‍, ബാന്‍ഡ് ഓര്‍ക്കസ്ട്ര, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, ട്രെയിനേഴ്സ് ട്രെയിനിംഗ് സംസ്‌കൃതം, അറബി, ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഡി.ടി.പി, വേഡ് പ്രോസസിംഗ്, ഡേറ്റാ എന്‍ട്രി, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ തുടങ്ങിയ മേഖലകളിലാണ് കോഴ്സുകള്‍ നടത്തുന്നത്. ഡിപ്ലോമ കോഴ്സിന് ഒരുവര്‍ഷവും സര്‍ട്ടിഫിക്കറ്റ് കോഴ്സിന് ആറുമാസവുമാണ് പഠനകാലയളവ്. കോഴ്സുകളുടെ വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് www.srccc.in / www. src.kerala.gov.in വെബ്സൈറ്റിലും എസ്.ആര്‍.സി ഓഫീസിലും ലഭിക്കും. 18 വയസിനുമേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

എന്‍.എസ്ഡി.സി കോഴ്സുകള്‍:- നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ (എന്‍.എസ്.ഡി.സി) അംഗീകാരമുള്ള കോഴ്സുകളുടെ ലിസ്റ്റ് www.srcce.in വെബ് സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അത്തരം കോഴ്സുകള്‍ക്ക് എസ്.ആര്‍സി -എന്‍.എസ്.ഡി.സി) സംയുക്ത സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍,നന്ദാവനം, വികാസ്ഭവന്‍ പി.ഒ,തിരുവനന്തപുരം – 695 033, ഫോണ്‍: 0471-2325101, 2326101, 8281114464.

ഏഴാമത് സാമ്പത്തിക സെന്‍സസ്;
ഡി.എല്‍.സി.സി യോഗം ഏഴിന്

ഏഴാമത് സാമ്പത്തിക സെന്‍സസ് നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല ഏകോപന സമിതിയുടെ (ഡി.എല്‍.സി.സി)യോഗം ഡിസംബര്‍ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍) ന്റെ അധ്യക്ഷതയില്‍ ഓണ്‍ ലൈനായി ചേരും.

എം.എസ്.എം.ഇ ക്ലിനിക്ക് രൂപീകരണം;
വിദഗ്ധരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഉപദേശങ്ങള്‍ നല്‍കുന്നതിനും വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി ജില്ലയില്‍ എം.എസ്.എം.ഇ ക്ലിനിക്ക് രൂപീകരിക്കുന്നതിനായി വിവിധ മേഖലകളില്‍ വൈദഗ്ധ്യം ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ബാങ്കിംഗ്:-ബ്രാഞ്ച് മാനേജരില്‍ കുറയാത്ത തസ്തികയില്‍ രണ്ട് വര്‍ഷത്തെ പരിചയം (വിരമിച്ചവരെയും പരിഗണിക്കും). ജി.എസ്.ടി:- അംഗീകൃത ജി.എസ്.ടി പ്രാക്ടീഷണര്‍. അനുമതികളും ലൈസന്‍സും:-വ്യവസായ വകുപ്പില്‍ ഐ.ഇ.ഒ യില്‍ കുറയാത്ത തസ്തികയിലും മറ്റ് ലൈസന്‍സുമായി ബന്ധപ്പെട്ട് ലൈന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഗസറ്റഡ് റാങ്കില്‍ കുറയാത്ത തസ്തികയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പരിചയം. ടെക്നോളജി:-ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളിലോ എഞ്ചിനീയറിംഗ് കോളേജില്‍ അധ്യാപകനായോ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. നിയമം:-അംഗീകൃത നിയമ ബിരുദം/കമ്പനി നിയമങ്ങളുമായി ചുരുങ്ങിയത് രണ്ടു വര്‍ഷത്തെ പരിചയം. എക്സ്പോര്‍ട്ട്:- എക്സ്പോര്‍ട്ട് കണ്‍സള്‍ട്ടന്റ്. ഡി.പി.ആര്‍ തയ്യാറാക്കല്‍:- സി.എ/ഡി.പി.ആര്‍ തയ്യാറാക്കുന്ന വ്യക്തികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍- 0468-2214639.

കെല്‍ട്രോണില്‍ വിഷ്വല്‍ മീഡിയ
ജേണലിസത്തിന് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന വിഷ്വല്‍ മീഡിയ/ ടെലിവിഷന്‍ ജേണലിസം കോഴ്സിന്റെ 2021-22 ലെ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് വിദ്യാഭ്യാസ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. അവസാന തീയതി ഡിസംബര്‍ 20. പ്രായപരിധി 30 വയസ്. കോഴ്സില്‍ പ്രിന്റ് മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിങ്, സോഷ്യല്‍ മീഡിയ ജേണലിസം എന്നിവയിലും പരിശീലനം ലഭിക്കും. കോഴ്സിനോടൊപ്പം ന്യൂസ് ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9544958182, 8137969292.
വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014. കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

അനെര്‍ട്ട് ക്യാമ്പയിന്‍ പാര്‍ട്ട്ണര്‍മാരെ ക്ഷണിക്കുന്നു

അനെര്‍ട്ട് (ഏജന്‍സി ഫോര്‍ ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി റിസര്‍ച്ച് ആന്റ് ടെക്നോളജി) നടപ്പിലാക്കുന്ന ഗാര്‍ഹിക പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ പ്രചാരണ പരിപാടിയില്‍ പങ്കാളികളാകാന്‍ എന്‍ജിഒകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍, ഊര്‍ജമിത്ര സംരംഭകര്‍ തുടങ്ങിയവര്‍ക്ക് അവസരം. ഗാര്‍ഹിക ഉപഭോക്താക്കളെ ബോധവല്‍കരണം നടത്തി പദ്ധതിയില്‍ പങ്കാളികളാക്കുകയാണ് ലക്ഷ്യം. താല്‍പര്യമുള്ളവര്‍ക്ക് അനെര്‍ട്ടിന്റെ വെബ് സൈറ്റായ ംംം.മിലൃ.േഴീ്.ശി സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യുന്നതിനുളള അവസാന തീയതി ഡിസംബര്‍ 15 വരെ നീട്ടി. തിരഞ്ഞടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം നല്‍കും. പരിശീലനത്തിനു ശേഷം ഒരു പ്രൊമോ കോഡ് ലഭിക്കും. പ്രൊമോ കോഡ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയുന്ന ഓരോ രജിസ്ട്രേഷനും 250 രൂപ വീതം ക്യാമ്പയിന്‍ പാര്‍ട്ണര്‍ക്ക് ഇന്‍സെന്റ്‌റീവ് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് അനെര്‍ട്ടിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0468-2224096, ടോള്‍ഫ്രീ നമ്പര്‍ 18004251803 രജിസ്ട്രേഷന്‍ ലിങ്ക്:
https://docs.google.com/forms/d/e/1FAIpQLSe8HPtrH_oYw2L4H2INTc6hIqzi2XYKzIWKTfS05omji1md_A/viewform

 

കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍
കുടുംബശ്രീ അംഗങ്ങള്‍ക്ക് നല്‍കി

പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി ഭാരതീയ കാര്‍ഷീക ഗവേഷണ കൗണ്‍സിലിന്റെ സാമ്പത്തിക സഹായത്തോടെ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന കാര്‍ഷിക മേഖലാ വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്ക് കുറ്റിക്കുരുമുളക് മാതൃസസ്യങ്ങള്‍ വിതരണം ചെയ്തു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉല്പാദിപ്പിക്കുന്ന കുറ്റിക്കുരുമുളക് തൈകള്‍ കൃഷി വിജ്ഞാന കേന്ദ്രം തിരികെ വാങ്ങി വിപണന സൗകര്യം ഒരുക്കി കുടുംബശ്രീ അംഗങ്ങള്‍ക്ക് അധികവരുമാനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കോയിപ്രം പഞ്ചായിത്തിലെ മൂന്നാം വാര്‍ഡിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇതിനായി കുരുമുളകിന്റെ വിവിധ ഇനങ്ങളായ വിജയ്, ശുഭകര, മലബാര്‍ എക്സല്‍, പന്നിയൂര്‍ 1, 5, 8, ശക്തി, തേവം, പൗര്‍ണ്ണമി, ഗിരിമുണ്ട തുടങ്ങിയ 10 ഇനങ്ങളുടെ 150 മാതൃസസ്യങ്ങളാണ് വിതരണം ചെയ്തത്. ഇതുകൂടാതെ 120 കുടുംബാംഗങ്ങളില്‍ ഗ്രോ ബാഗുകളില്‍ പച്ചക്കറി കൃഷി നടത്തുന്നതിനുളള സഹായം ആദ്യഘട്ടത്തില്‍ എത്തിച്ചു നല്‍കി. പോട്ടിങ്ങ് മിശ്രിതം നിറച്ച ഗ്രോബാഗുകളും അതില്‍ നടുന്നതിന് പയര്‍, വെണ്ട, വെള്ളരി എന്നിവയുടെ വിത്തുകളും, മുളക്, വഴുതന, തക്കാളി എന്നിവയുടെ തൈകളും നല്‍കി. ഇവയുടെ പരിചരണത്തിനായി ഹാന്‍ഡ് സ്പ്രയര്‍, കൈത്തൂമ്പാ, മണ്ണിര കമ്പോസ്റ്റ്, പച്ചക്കറിക്കുള്ള സൂക്ഷ്മ മൂലക വളക്കൂട്ടായ വെജിറ്റബിള്‍ മാജിക്, ജൈവകീടനാശിനിയായ ശ്രേയ തുടങ്ങിയവും ഈ കുടുംബാംഗങ്ങള്‍ക്ക് നല്‍കി.

കുറ്റിക്കുരുമുളക് മാതൃസസ്യങ്ങളുടെ വിതരണോദ്ഘാടനം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജി മാത്യു നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു. കോയിപ്രം ഗ്രാമ പഞ്ചായത്ത് അംഗം ജോണ്‍സണ്‍ തോമസ്, അഗ്രികള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് ഡോ. സിന്ധു സദാനന്ദന്‍, ഫാം മാനേജര്‍ അമ്പിളി വറുഗീസ്, കുടുംബശ്രീ സിഡിഎസ് അംഗം ലിസി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കുറ്റിക്കുരുമുളക് കൃഷിയുടെ ശാസ്ത്രീയ വശങ്ങളും തൈകളുടെ ഉല്പാദനവും എന്ന വിഷയത്തില്‍ പരിശീലനത്തിന് അഗ്രോണമി വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് വിനോദ് മാത്യു നേതൃത്വം നല്‍കി. പദ്ധതിയുടെ അടുത്ത ഘട്ടമായി കോയിപ്രം പഞ്ചായിത്തിലെ മൂന്നാം വാര്‍ഡില്‍ ലഭ്യമായ പൊതു സ്ഥലങ്ങളില്‍ ഗുണമേന്മയുള്ള ഫലങ്ങളുടെ ലഭ്യത ഉറപ്പാക്കുവാന്‍ ഫലവൃക്ഷതൈകള്‍ നട്ട് പരിപാലക്കുന്നതിനും ലക്ഷ്യമിടുന്നു.

 

വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി

സംരംഭകര്‍ ആകാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ആയ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്റര്‍പ്രെന്യൂര്‍ഷിപ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി(വുമണ്‍ എന്റര്‍പ്രെന്യൂര്‍ഷിപ് ഡവലപ്മെന്റ്) സംഘടിപ്പിക്കുന്നു. ഡിസംബര്‍ 13 മുതല്‍ 23 വരെ കളമശേരി കെ.ഐ.ഇ.ഡി ക്യാമ്പസില്‍ പരിശീലനം നടക്കും. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സൗജന്യമായിട്ടാണ് ഈ കോഴ്സ് വനിതകള്‍ക്ക് നല്‍കുന്നത്. അപേക്ഷിക്കേണ്ടവര്‍ കെ.ഐ.ഇ.ഡി വെബ് സൈറ്റായ www.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍ :0484 2532890/9846099295/7012376994.

പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം

കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിധവാ പെന്‍ഷന്‍/50 വയസു കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം ഈ മാസം 31 നകം കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഡിസംബര്‍ 31 ന് 60 വയസ് പൂര്‍ത്തിയായവര്‍ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ലെന്ന് കൊടുമണ്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ജാഗ്രതാ നിര്‍ദേശം

കെഎസ്ഇബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്.
കക്കി ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 979.46 മീറ്റര്‍, 980.46 മീറ്റര്‍, 980.96 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (03.12.2021) റിസര്‍വോയറിന്റെ ജലനിരപ്പ് 980.34 മീറ്ററില്‍ എത്തിയിട്ടുള്ളതാണ്. അതിനാല്‍ കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം നീല അലര്‍ട്ട് പ്രഖ്യാപിച്ചു.

ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെയും ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
റിസര്‍വോയറിലെ ജലനിരപ്പ് 980.96 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും, ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം തുറന്നു വിടുന്നതുമായിരിക്കും.

കോട്ടൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം
കെട്ടിടം മന്ത്രി ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

കേരളത്തിലെ ക്ഷീരോല്പാദന മേഖല സ്വയം പര്യാപ്തതയിലേക്ക് അടുക്കുകയാണെന്നും സര്‍ക്കാര്‍ ആവിഷ്‌ക്കാരിച്ച് നടപ്പിലാക്കിവരുന്ന വിവിധ പദ്ധതികള്‍ പാല്‍ ഉദ്പാദനം വര്‍ധിപ്പിക്കുന്നതിനും ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നതിനും സഹായകരമാണെന്നും ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്‍ മുഖേന കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ എന്‍.പി.ഡി.ഡി പ്രളയ ദുരിതാശ്വാസ പദ്ധതി പ്രകാരം അനുവദിച്ച നാലു ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച കോട്ടൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തി. കറവ മാടുകളെ വാങ്ങാന്‍ ജില്ലാ പഞ്ചായത്ത് ക്ഷീരകര്‍ഷകര്‍ക്ക് പലിശ രഹിത വായ്പ അനുവദിക്കുമെന്നും കോട്ടൂര്‍ ഉള്‍പ്പെടെ ജില്ലയിലെ എല്ലാ സംഘങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കോട്ടൂര്‍ സംഘത്തിന് ക്ഷീര വികസനവകുപ്പില്‍ നിന്നുള്ള ആവശ്യാധിഷ്ടിത ധനസഹായവിതരണം ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സിന്ധു നിര്‍വഹിച്ചു.

തിരുവനന്തപുരം മേഖല യൂണിയന്‍ കണ്‍വീനര്‍ എന്‍ ഭാസുരാംഗന്‍, അഡ്മിനിസ് ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.എസ് പദ്മകുമാര്‍, കെ.ആര്‍ മോഹനന്‍ പിളള, മല്ലപ്പളളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍, കവിയൂര്‍ ഗ്രാമപഞ്ചായത്ത ്പ്രസിഡന്റ് എം.ഡി ദിനേശ്കുമാര്‍, തിരുവനന്തപുരം മേഖല യൂണിയന്‍ എം.ഡി ഡി. എസ് കോണ്ട, പത്തനംതിട്ട ജില്ലാപഞ്ചായത്ത് മെമ്പര്‍ സി.കെ ലതാകുമാരി, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസഫ് ജോണ്‍, തിരുവനന്തപുരം മേഖല യൂണിയന്‍ മുന്‍ ഡയറക്ടര്‍ ജോസഫ് ചാമത്തില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ രാജശേഖരക്കുറുപ്പ്, മണിലാല്‍, പത്തനംതിട്ട ഡയറി മാനേജര്‍ സി.എ മുഹമ്മദ് അന്‍സാരി, കോട്ടൂര്‍ ക്ഷീര സംഘം പ്രസിഡന്റ് രവീന്ദ്രന്‍നായര്‍, സെക്രട്ടറി സി.വിദ്യ എന്നിവര്‍ പങ്കെടുത്തു.

മലമ്പനി നിര്‍മ്മാര്‍ജ്ജനത്തിനുളള പ്രവര്‍ത്തനങ്ങള്‍
പത്തനംതിട്ട ജില്ലയില്‍ തുടങ്ങി: ഡി.എം.ഒ

സുസ്ഥിര വികസന ലക്ഷ്യത്തോടനുബന്ധിച്ച് 2022 മാര്‍ച്ചില്‍ പത്തനംതിട്ട ജില്ലയെ മലമ്പനി വിമുക്ത ജില്ലയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ആരോഗ്യ പ്രവര്‍ത്തകര്‍ക്കുളള പരിശീലന പരിപാടി ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.

ദേശീയ പ്രാണിജന്യ നിയന്ത്രണ പരിപാടിയുടെ ഭാഗമായാണ് മലമ്പനി നിര്‍മ്മാര്‍ജ്ജനം നടത്തുന്നത്. ഇപ്പോള്‍ തദ്ദേശീയമായി ജില്ലയില്‍ മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നോ വിദേശരാജ്യങ്ങളില്‍ നിന്നോ വരുന്നവരിലാണ് മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. മലമ്പനി ബാധിതരെ കണ്ടെത്തുന്നതില്‍ ജില്ലയില്‍ ആശുപത്രി അടിസ്ഥാനമാക്കിയുള്ള നിരീക്ഷണവും നടന്നുവരുന്നു. ബ്ലഡ് സ്മിയര്‍ അടിസ്ഥാനമാക്കിയുളള പരിശോധന, റാപ്പിഡ് ടെസ്റ്റ് കിറ്റ് ഉപയോഗിച്ചുള്ള പരിശോധന എന്നിവയിലൂടെയാണ് മലമ്പനി സ്ഥിരീകരിക്കുന്നത്. ഈ ടെസ്റ്റുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കും.

മലമ്പനി സര്‍വൈലന്‍സില്‍ ഇതര സംസ്ഥാന തൊഴിലാളികളെ സ്‌ക്രീനിംഗിന് വിധേയമാക്കും. ഇതിനോടൊപ്പം മൈക്രോഫൈലേറിയ കണ്ടുപിടിക്കാനും രക്തപരിശോധന നടത്തുന്നുണ്ട്.
മലമ്പനിക്ക് കാരണമായ അനോഫിലസ് സ്റ്റീഫന്‍സിയുടെ സാന്നിധ്യം പത്തനംതിട്ട ജില്ലയില്‍ നിലവിലില്ല. എങ്കിലും ഇത്തരം കൊതുകിന്റെ സാന്നിധ്യം ഉണ്ടോയെന്ന് നിരന്തരം പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി തദ്ദേശീയമായി മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ഇപ്പോള്‍ വിദേശത്തു നിന്നും വരുന്നവരിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരിലുമാണ് മലേറിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നമ്മുടെ ജില്ല മലമ്പനി വിമുക്ത ജില്ലയായി പ്രഖ്യാപിക്കുവാന്‍ ഊര്‍ജ്ജിത നടപടികള്‍ ജില്ലാതലം മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്ര തലംവരെ നടത്തിവരികയാണെന്നും ഡി.എം.ഒ പറഞ്ഞു.

 

തൊഴിലുറപ്പ് പദ്ധതിയില്‍ 17500 വൃക്ഷതൈകള്‍
ഉദ്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഫലവൃക്ഷതൈകള്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ ലക്ഷ്യമിടുന്നു. ഇതിനായി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് ഗവ. ഐടിഐ യില്‍ 12 മദര്‍ ബെഡുകള്‍ തയ്യാറാക്കും. 12 ബെഡുകളില്‍ നിന്നും 18000 തൈകള്‍ ഉദ്്പാദിപ്പിക്കും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും 2500 പോളി ബാഗുകള്‍ വീതം തയ്യാറാക്കി തൈകള്‍ വിതരണത്തിന് സജ്ജമാക്കും. തേക്ക്, ഈട്ടി, ചന്ദനം, ആര്യവേപ്പ്, മാതളം, നീര്‍മരുത്, പ്ലാവ് ഉള്‍പ്പെടെ 17 ഇനങ്ങളാണ് ഉദ്പ്പാദിപ്പിക്കുന്നത്.

ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറിമാര്‍, സോഷ്യല്‍ ഫോറസ്റ്ററി ഉദ്യോഗസ്ഥര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍, ഓവര്‍സിയര്‍മാര്‍ എന്നിവരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി യോഗം ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി സെക്ഷന്‍ ഓഫീസര്‍ സി.വി ബിജു നഴ്‌സറി രൂപീകരണത്തെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ സി.പി രാജേഷ്‌കുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അംബിരാജ് പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി പ്രൈവറ്റ് രജിസ്ട്രേഷന്‍
വിദ്യാര്‍ഥികളുടെ രണ്ടാംവര്‍ഷ ഓറിയന്റേഷന്‍ ക്ലാസ്

സ്‌കോള്‍ കേരള മുഖാന്തിരം ഹയര്‍ സെക്കന്‍ഡറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത 2020-2022 ബാച്ചിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യ നിര്‍ണയത്തിന്റെ ഭാഗമായുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍ ഈ മാസം 12, 19 തീയതികളില്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. വിശദാംശങ്ങള്‍ക്ക് അതത് പരീക്ഷാകേന്ദ്രങ്ങളുമായി ബന്ധപ്പെടണം. ഫോണ്‍ : 0471 2342960, 2342271.

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍
ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണം

പത്തനംതിട്ട കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും വിവിധ പെന്‍ഷനുകള്‍ കൈപറ്റിക്കൊണ്ടിരിക്കുന്ന എല്ലാവരും ഏതെങ്കിലും ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ലൈഫ് സര്‍ട്ടിഫിക്കറ്റും അതോടൊപ്പം പെന്‍ഷന്‍ ബുക്ക്/കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പെന്‍ഷന്‍ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകളും പെന്‍ഷണറുടെ മൊബൈല്‍ നമ്പറും രേഖപ്പെടുത്തി ഡിസംബര്‍ 30 നകം ഓഫീസില്‍ സമര്‍പ്പിക്കണം. കോവിഡ്-19-ന്റെ പശ്ചാത്തലത്തില്‍ മുകളില്‍ പറഞ്ഞ രേഖകള്‍ തപാല്‍ വഴിയും സ്വീകരിക്കും. തപാല്‍ വഴി അയയ്ക്കുന്നതിനുള്ള വിലാസം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ്, താഴത്ത് ബില്‍ഡിംഗ്‌സ്, ജനറല്‍ ഹോസ്പിറ്റലിന് സമീപം, പത്തനംതിട്ട-689645.

 

പെന്‍ഷന്‍ ലഭിക്കുന്നവര്‍ സാക്ഷ്യപത്രം സമര്‍പ്പിക്കണം

ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും നിലവില്‍ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന വിധവാ പെന്‍ഷന്‍/50 വയസു കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വില്ലേജ് ഓഫീസര്‍ /ഗസറ്റഡ് ഓഫീസര്‍ നല്‍കുന്ന പുനര്‍വിവാഹിതയല്ല എന്നുള്ള സാക്ഷ്യപത്രം ഈ മാസം 31 ന് വൈകിട്ട് അഞ്ചിനകം ആധാര്‍ കാര്‍ഡ് പകര്‍പ്പ് സഹിതം ഓമല്ലൂര്‍ ഗാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350237.

 

error: Content is protected !!