ജില്ലയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതികളിലൊന്നായി പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം മാറും

കുളനട ഗ്രാമപഞ്ചായത്തിന്റെ വികസനത്തിന് വേഗം കൂട്ടാന്‍ പോളച്ചിറ
ടൂറിസം പദ്ധതിക്ക് സാധിക്കുമെന്ന് മന്ത്രി വീണാജോര്‍ജ്

ആറന്‍മുള നിയോജക മണ്ഡലത്തില്‍പ്പെട്ട കുളനട ഗ്രാമപഞ്ചായത്തിലെ നിര്‍ദിഷ്ട പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം പദ്ധതി പ്രദേശത്തിന് വികസനനേട്ടം കൈവരിക്കാന്‍ സഹായിക്കുന്നതാണെന്നും കാലതാമസം കൂടാതെ നടപ്പാക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടതെന്നും ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

 

തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് പദ്ധതി നടപ്പാക്കുന്നതിനും വകുപ്പുകളുടെ ഏകോപനത്തിനുമായി കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

 

തദ്ദേശസ്ഥാപനവും റവന്യൂവകുപ്പും തമ്മിലുള്ള ഭൂമിസംബന്ധമായ തര്‍ക്കം പരിഹരിച്ചു.
ഭൂമിയുടെ ഉടമസ്ഥാവകാശം പഞ്ചായത്തില്‍ നിലനിര്‍ത്തികൊണ്ട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് (ഡിടിപിസി) ഉപയോഗാനുമതി ലഭ്യമാക്കാന്‍ യോഗത്തില്‍ തീരുമാനമായി. ഇതിലൂടെ ധാരാളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു പദ്ധതിയുടെ നിര്‍മാണം 2022 ജനുവരിയോടെ ആരംഭിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയുടെ ശ്രമഫലമായാണ് പദ്ധതിയുടെ തടസം നീങ്ങി വഴിയൊരുങ്ങിയത്.

 

പദ്ധതി നടപ്പാക്കുന്നതിന് പൂര്‍ണ പിന്തുണ യോഗത്തില്‍ പങ്കെടുത്ത ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ അറിയിച്ചു. ഇതുസംബന്ധിച്ച് വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

ജില്ലയിലെ ഏറ്റവും വലിയ ടൂറിസം പദ്ധതികളിലൊന്നായി ഇത് മാറും. പോളച്ചിറ അക്വാ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിക്ക് 2017 ല്‍ ഭരണാനുമതി ലഭിക്കുകയും ആദ്യ ഗഡു അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍  ഭൂമി സംബന്ധിച്ച റവന്യു, പഞ്ചായത്ത് വകുപ്പുകളുടെ തര്‍ക്കത്തെത്തുടര്‍ന്ന് നീളുകയായിരുന്നു.

ഡിടിപിസി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യാ എസ്. അയ്യര്‍, കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍, വൈസ് പ്രസിഡന്റ് പി.ആര്‍.  മോഹന്‍ദാസ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോള്‍ രാജന്‍, ജോണ്‍സന്‍ ഉള്ളന്നൂര്‍,  കുളനട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാമ്മ കുഞ്ഞുകുത്ത്, മിനി സാം, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ. സുബൈര്‍കുട്ടി, തഹസില്‍ദാര്‍ വി.എസ്. വിജയകുമാര്‍, കുളനട പഞ്ചായത്ത് സെക്രട്ടറി ലത തുടങ്ങിവര്‍ പങ്കെടുത്തു.

error: Content is protected !!