കോന്നി ,ളാഹ ഹാരിസണ്‍ തോട്ടത്തിലെ താല്‍ക്കാലികരായ എത്ര തൊഴിലാളികളെ ആണ് സ്ഥിരപ്പെടുത്തുന്നത് : യൂണിയന്‍ നേതാക്കള്‍ പറയുക

 

കോന്നി വാര്‍ത്ത ഡോട്ട് കോം : പാട്ടകാലവധി കഴിഞ്ഞിട്ടും ഹാരിസണ്‍ കമ്പനി കൈവശം വെച്ചിരിക്കുന്ന പത്തനംതിട്ട ജില്ലയിലെ ളാഹ ,കോന്നി കല്ലേലി തോട്ടത്തിലെ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തണം എന്ന് ആവശ്യം ഉന്നയിച്ചു കൊണ്ട് താല്‍ക്കാലിക തൊഴിലാളികളെ അണി നിരത്തി തൊഴിലാളി യൂണിയനുകള്‍സംയുക്തമായി നടത്തി വന്ന തൊഴിലാളി സമരം ചര്‍ച്ചയെ തുടര്‍ന്ന് ഇന്ന് അവസാനിപ്പിക്കുവാന്‍ ഹാരിസണ്‍ കമ്പനി പ്രതിനിധികളും തോട്ടം തൊഴിലാളി യൂണിയന്‍ നേതാക്കളും തമ്മില്‍ ധാരണയായി .

എന്നാല്‍ ളാഹ ,കോന്നി കല്ലേലി തോട്ടത്തിലെ എത്ര തൊഴിലാളികള്‍ താല്‍കാലികമായി ഉണ്ട് എന്നോ എത്ര തൊഴിലാളികളെ സ്ഥിരപ്പെടുത്താന്‍ ചര്‍ച്ചയില്‍ ധാരണയായി എന്നോ യൂണിയന്‍ നേതാക്കളോ ,കമ്പനിയോ , ഇതുവരെ പറഞ്ഞിട്ടില്ല .

പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡ് ളാഹ, കോന്നി കല്ലേലി എസ്റ്റേറ്റുകളിലെ താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു എന്ന് മാത്രം ആണ് ജില്ല ലേബര്‍ ഓഫീസറുടെ പത്ര കുറിപ്പ് . തൊഴിലുടമ പ്രതിനിധികളായി സി. ആര്‍. രഘു (ജനറല്‍ മാനേജര്‍), ഷിജോയ് തോമസ് (മാനേജര്‍) എന്നിവരും തൊഴിലാളി യൂണിയന്‍ പ്രതിനിധികളായി ഇളമണ്ണൂര്‍ രവി, മോഹന്‍കുമാര്‍, പി. കെ. ഗോപി, എ. എസ്. രഘുനാഥ്, ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ, അങ്ങാടിക്കല്‍ വിജയകുമാര്‍, വി. കെ. വാസുദേവന്‍ തുടങ്ങയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
ഈ നേതാക്കളോ തൊഴിലുടമ പ്രതിനിധികളോ എത്ര പേരെ സ്ഥിരപ്പെടുത്തും എന്ന് അറിയിച്ചിട്ടില്ല .

മാസങ്ങളായി സമരം നടത്തുന്ന തൊഴിലാളികള്‍ക്ക് ഇക്കാര്യം അറിയാന്‍ അവകാശം ഉണ്ട് .അത് അറിയിക്കാന്‍ കോന്നി വാര്‍ത്തയ്ക്കും ആകാംഷ ഉണ്ട് .തൊഴിലാളി സമരം വീറോടെ അറിയിച്ച നേതാക്കള്‍ അക്കാര്യത്തില്‍ വ്യക്തത വരുത്തണം .
നിലവില്‍ ഉള്ള ലേബര്‍ ഓഫീസറുടെ അറിയിപ്പ് പ്രകാരം ഹാരിസണ്‍ മലയാളം ലിമിറ്റഡ് ളാഹ, കോന്നി കല്ലേലി എസ്റ്റേറ്റുകളിലെ താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതിന് തീരുമാനിച്ചു . ഇത് മുഴുവന്‍ തൊഴിലാളികളെ ആണോ അതോ ഹാരിസണ്‍ കമ്പനിയും തൊഴിലാളി നേതാക്കളും തമ്മില്‍ നടന്ന “ഒത്തു തീര്‍പ്പ് “വ്യവസ്ഥ പ്രകാരം പകുതി തൊഴിലാളികളെ ആണോ എന്ന് വെളിപ്പെടുത്തണം .

കോന്നി കല്ലേലി തോട്ടത്തില്‍താല്ക്കാരികരായ 49 തൊഴിലാളികള്‍ ഉണ്ട് എന്ന് അറിയുന്നു . ഇവരെ പൂര്‍ണ്ണമായും സ്ഥിരപെടുത്തി എങ്കില്‍ അഭിനന്ദനം . അല്ലാതെ ഇരുപതു പേരെ മാത്രം സ്ഥിരപ്പെടുത്തി എങ്കില്‍ അത് തൊഴിലാളി ദ്രോഹമായി കാണുന്നു . അതിനു തൊഴിലാളി യൂണിയന്‍ നേതാക്കളും ഹാരിസണ്‍ കമ്പനിയും മറുപടി പറയേണ്ടത് ബാക്കി താല്‍ക്കാലിക തൊഴിലാളികളോട് ആണ് .

ളാഹയിലും കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കുക . അതാണ്‌ ഉചിതമായ രീതി . ലേബര്‍ ഓഫീസര്‍ ഇക്കാര്യത്തില്‍ കൃത്യമായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടില്ല . ഇതില്‍ ഒത്തുകളി സംശയിക്കുന്നു .ഈ സംശയം മാറ്റേണ്ടത് ലേബര്‍ ഓഫീസര്‍ ആണ് . ഒപ്പം കമ്പനിയും യൂണിയന്‍ നേതാക്കളും .

error: Content is protected !!