പ്ലാന്റ് ജീനോം സേവ്യർ ഫാർമർ അവാർഡ് റെജി ജോസഫ് ഏറ്റുവാങ്ങി

 

konnivartha.com : ഭാരത സർക്കാരിന്റെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ് അതോറിറ്റി കർഷകർക്കായി ഏർപ്പെടുത്തുന്ന പ്ലാന്റ് ജിനോം സേവ്യർ ഫാർമർ അവാർഡ് പത്തനംതിട്ട പുല്ലൂപ്രം സ്വദേശിറെജി ജോസഫ് ഏറ്റുവാങ്ങി.

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിൽ നിന്നുമാണ് ഏറ്റുവാങ്ങിയത്. ഡൽഹിയിലെ നാസ് എ പി ഷിൻഡെ കോംപ്ലക്സിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ പത്തനംതിട്ട ജില്ലയിലെ അങ്ങാടിയിൽ കടക്കേത്ത് വീട്ടിൽ റെജി ജോസഫ് ജോസഫ് കുടുംബസമേതം പങ്കെടുക്കുകയുണ്ടായി.

സസ്യ ഇനങ്ങളുടെ സംരക്ഷണത്തിലും വികസനത്തിലും നൽകുന്ന സംഭാവനകൾ കണക്കിലെടുത്ത് ഇന്ത്യയിലെ കർഷകർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ഈ പുരസ്കാരം കേരളത്തിൽ നിന്ന് ഒരു കർഷകനും ഒരു കർഷക ഗ്രൂപ്പിനും ആണ് ലഭിച്ചിട്ടുള്ളത്.പത്തനംതിട്ട ജില്ലാ ഐ സി എ ആർ കൃഷി വിജ്ഞാന കേന്ദ്രമാണ് അവാർഡിനായി റെജിയെ നാമനിർദേശം ചെയ്തത്. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മികച്ച കർഷകരിൽ ഒരാളായ റെജി ഇവിടെനിന്നും സ്വായത്തമാക്കുന്ന അറിവുകളും മറ്റ് സാങ്കേതിക സേവനങ്ങളും വിദഗ്ധരുടെ നിർദ്ദേശങ്ങളും കൃഷിയിടത്തിൽ പ്രാവർത്തികമാക്കി വരുന്നു.

കിഴങ്ങുവർഗ്ഗവിളകൾ,മഞ്ഞൾ,വാഴ, ഇഞ്ചി തുടങ്ങിയവയുടെ പരമ്പരാഗതമായ ഇനങ്ങൾ സംരക്ഷിക്കുന്നതിലും രണ്ട് ഏക്കറോളം വരുന്ന തന്റെ കൃഷിയിടത്തിൽ പുത്തൻ പരീക്ഷണങ്ങൾ നടത്തുന്നതിനും തൽപരനായ റെജി ഒട്ടനവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട് .

2013 ൽ ഏറ്റവും ഉയരം കൂടിയ ചേമ്പ്,നീളംകൂടിയ വെണ്ടയ്ക്ക എന്നിവയ്ക്ക് ലിംഗ ബുക്ക് അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിനു വേണ്ടുന്ന കാർഷിക ഉൽപ്പന്നങ്ങൾ ആധികാരികമായി സാക്ഷ്യപ്പെടുത്തി നൽകിയത് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രമാണ്. ഒരു തടത്തിൽ നിന്ന് അഞ്ച് കിലോഗ്രാം കിഴങ്ങ്,18.38 കിലോഗ്രാം മഞ്ഞൾ തുടങ്ങിയവയുടെ ഉത്പാദനത്തിനും ദേശീയതലത്തിലുള്ള അംഗീകാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

കാച്ചിലിനങ്ങളായ പെരുവിലത്തിൽ കാച്ചിൽ, കടുവാ കൈയ്യൻ നീല അംഗമാലി,നൂറുൺ അടിച്ചിപുഴ, മരച്ചീനി ഇനമായ കാന്താരി പടപ്പൻ,പ്രകൃതി മഞ്ഞൾ,ഗജേന്ദ്ര ചേന ,ഇഞ്ചി ഇനങ്ങളായ വരദ, ആങ്ങമൂഴി , റിയോഡി തുടങ്ങി വൈവിധ്യമാർന്ന സവിശേഷതകളുള്ള സസ്യ ഇനങ്ങൾ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് അദ്ദേഹത്തിന്റെ അഭിനിവേശമാണ്. ഇതുകൂടാതെ ജലസേചനത്തിന് കാര്യക്ഷമത വർദ്ധിപ്പിക്കാൻ വിക്ക് ഇറിഗേഷൻ, കിഴങ്ങു വർഗ്ഗങ്ങളിൽ മിനി സെറ്റ് സാങ്കേതികവിദ്യ, സ്യുടോ സ്റ്റെമ് ടെക്നോളജി തുടങ്ങി നിരവധി നവീന ആശയങ്ങൾ കൃഷിയിടത്തിൽ പരീക്ഷിക്കാനും വിജയിപ്പിക്കാനും ഏറെ ഉത്സാഹവാനാണ് റെജി ജോസഫ്.

2001ലെ ബിപി ആൻഡ് എഫ് ആർ നിയമ പ്രകാരം രജിസ്റ്റർ ചെയ്യാവുന്ന ഇനങ്ങളിൽ കർഷകൻ സംരക്ഷിച്ചിട്ടുള്ള കാർഷികവിളകളുടെ ജീനുകൾ ദാതാവായി ഉപയോഗിച്ചതായി പത്തനംതിട്ടയിലെ പ്രിൻസിപ്പൽ കൃഷി ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശ്രീകാര്യം ആസ്ഥാനമായ കേന്ദ്ര കിഴങ്ങു വർഗ്ഗ ഗവേഷണ കേന്ദ്രത്തിൽ നിന്നു ലഭിക്കുന്ന സാങ്കേതിക സഹായങ്ങളും റെജിക്ക് പിന്തുണയായുണ്ട്.

error: Content is protected !!