യുവ പ്രതിഭാ പുരസ്‌കാരത്തിനും  മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷിക്കാം

Spread the love
സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും 
മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള അവാര്‍ഡിനും അപേക്ഷിക്കാം 
      konnivartha.com : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് 2020-ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന് നിശ്ചിതഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. 2020 ജനുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവിലുള്ള പ്രവര്‍ത്തനമാണ് പരിഗണിക്കുന്നത്. വ്യക്തിഗത അവാര്‍ഡിനായി 18-നും 40-നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം(പ്രിന്റ് മീഡിയ), മാധ്യമ പ്രവര്‍ത്തനം(ദൃശ്യമാധ്യമം), കല, സാഹിത്യം, ഫൈന്‍ ആര്‍ട്‌സ്, കായികം(വനിത), കായികം(പുരുഷന്‍), ശാസ്ത്രം, സംരംഭകത്വം, കൃഷി, എന്നീ മേഖലകളില്‍ നിന്നും മികച്ച ഓരോ വ്യക്തിക്കു വീതം ആകെ 11 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. അതാത് മേഖലയില്‍ വിദഗ്ധരുള്‍പ്പെടുന്ന ജൂറി അപേക്ഷകരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. അവാര്‍ഡിന് അര്‍ഹരാകുന്നവര്‍ക്ക് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കുന്നു. കൂടാതെ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/യുവാ ക്ലബ്ബുകളില്‍ നിന്നും അവാര്‍ഡിനായി അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാതലത്തില്‍ തെരഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.  ജില്ലാതലത്തില്‍ അവാര്‍ഡിനര്‍ഹത നേടിയ ക്ലബ്ബുകളെയാണ് സംസ്ഥാനതലത്തിലെ അവാര്‍ഡിനായി പരിഗണിക്കുന്നത്. സംസ്ഥാന അവാര്‍ഡ് നേടുന്ന ക്ലബ്ബിന് 50,000 രൂപയും പ്രശസ്തി പത്രവും പുരസ്‌കാരവും നല്‍കും.
      അപേക്ഷകള്‍ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി നവംബര്‍ 20. പത്തനംതിട്ട ജില്ലയിലെ അപേക്ഷകള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ്, ജില്ലായുവജന കേന്ദ്രം, പുത്തന്‍പാലത്ത് ബില്‍ഡിംഗ് കളക്ടറേറ്റിനു സമീപം, പത്തനംതിട്ട-689645 എന്ന വിലാസത്തില്‍ സമര്‍പ്പിക്കാം. അപേക്ഷഫോറവും മാര്‍ഗനിര്‍ദ്ദേശങ്ങളും ജില്ലായുവജന കേന്ദ്രത്തിലും, www.ksywb.kerala.gov.in എന്ന വെബ് സൈറ്റിലും ലഭ്യമാണ്. ഫോണ്‍: 0468 2231938, 9446100081, 9847987414.
error: Content is protected !!