konnivartha.com : പത്തനംതിട്ട നഗരസഭ വക ഹാജി സി മീരാ സാഹിബ് സ്മാരക ബസ്സ്റ്റാഡിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ സംബന്ധിച്ച് ആലോചിക്കാൻ നഗരസഭാ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.
നഗരസഭാ സെക്രട്ടറി, നഗരസഭാ എഞ്ചിനീയർ എന്നിവർ നേതൃത്വം നൽകി. ശോചനീയാവസ്ഥയിലുള്ള ബസ്സ്റ്റാൻഡ് യാഡുകളുടെ പുനരുദ്ധാരണം, കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ, വൈദ്യുതീകരണം, ഡ്രെയിനേജ് സംവിധാനം തുടങ്ങിയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് സംഘം വിലയിരുത്തി.
നിലവിലുള്ള ബസ്സ്റ്റാൻഡ് നിർമാണത്തിനായി കെ.യു.ആർ.ഡി.എഫ്.സി യിൽ നിന്നും 5 കോടി രൂപയാണ് വായ്പ എടുത്തിട്ടുള്ളത് . ഇതിനകം 9 കോടി രൂപ മുതലും പലിശയും ആയി തിരിച്ചടച്ചിട്ടുണ്ട്. ഇനിയും 1.5 കോടി രൂപയുടെ ബാധ്യത നിലനിൽക്കുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നഗരസഭയ്ക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യമാണുള്ളത്. ബസ്സ്റ്റാൻഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന വിഷയം ചർച്ച ചെയ്യുന്നതിനായി കൗൺസിൽ യോഗം വിളിക്കുന്നതിനു മുന്നോടിയായാണ് ഈ സന്ദർശനം. നഗരസഭാ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി,വാർഡ് കൗൺസിലർ എസ്.ഷമീർ, ആസൂത്രണ സമിതി അംഗം ശ്രീ.പി.കെ.അനീഷ്, മുൻ നഗരസഭാ അദ്ധ്യക്ഷരായ അഡ്വ. എ. സുരേഷ് കുമാർ, റോസ്ലിൻ സന്തോഷ്, മുനിസിപ്പൽ എഞ്ചിനീയർ സുധീർ രാജ്, മുനിസിപ്പൽ സെക്രട്ടറി ഷെർള ബീഗം. എസ്, വ്യാപാരി വ്യവസായികൾ, പൊതുജനങ്ങൾ എന്നിവരും ചെയർമാനൊപ്പം ഉണ്ടായിരുന്നു.