ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ വകയാറിലെ “വലിയകാവിലേക്ക് “ഒരു പ്രയാണം

 

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നിയൂര്‍ … ചരിത്രത്തിന്‍റെ സ്മൃതി പഥങ്ങളില്‍ രാജ വംശത്തിന്‍റെ കഥ പറയുന്ന നാട് . കോന്നിയുടെ പ്രധാന ഗ്രാമമായ വകയാര്‍ ഗ്രാമത്തിലെയും പരിസര പ്രദേശങ്ങളിലെയും പഴയ പേരുകളിലേക്ക് ഒരു എത്തി നോട്ടം .വകയാര്‍ പ്രദേശം എട്ടാംകുറ്റി എന്നപേര് പതിയുന്നതിനുമുമ്പ് “വലിയകാവ്‌ ” എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പഴയ പ്രമാണങ്ങളിൽ രേഖപ്പെടുത്തിയിരുന്നത് അങ്ങനെ ആണ് .

ഇന്നത്തെ വകയാറിലെ “കോട്ടയംമുക്ക് ” ഉൾപ്പടെയുള്ള പ്രദേശമായിരുന്നു വലിയകാവ്‌. വള്ളിക്കോടു കോട്ടയത്തേക്ക് പോകുന്നതിന് ഇന്നുകാണുന്ന റോഡ് പണ്ടുണ്ടായിരുന്നില്ല. കുളത്തുങ്കൽ എന്ന് പിൽക്കാലത്ത് അറിയപ്പെടാൻ തുടങ്ങിയ പേരൂർക്കുളത്തായിരുന്നു ചെറിയ ഇടവഴിപോലുള്ള പാത പത്തനാപുരം – കോന്നി റോഡിൽ വന്നുചേർന്നിരുന്നത്.

കുളത്തുങ്കലിലെ പ്രൈമറിസ്കൂൾ ഇന്നും അറിയപ്പെടുന്നത് “പേരൂർക്കുളം എൽ. പി. സ്കൂൾ എന്നാണ്. വി.കോട്ടയത്തിന്റെ പഴയപേര് “കോട്ടയ്ക്കകം” എന്നായിരുന്നു. വായ്മൊഴികളിൽ അതു ലോപിച്ച് “കോട്ടയം” ആയിത്തീർന്നതാണ്. കൊല്ലവർഷം 1106-ൽ ആണ് വകയാറിൽ എത്തിച്ചേരുന്ന റോഡ് വെട്ടിയത്. അന്നത്തെ കാരണവന്മാരുടെ നേതൃത്വത്തിലായിരുന്നു അത്. അന്ന് മലയാളം പ്ലാന്റേഷൻ ഉണ്ടായിരുന്നില്ല.

വികോട്ടയം മാളികപ്പുറത്ത് ഭഗവതീക്ഷേത്രത്തിൽ പോകുന്നതിനുൾപ്പടെയുള്ള ഉദ്ദേശത്തോടുകൂടിയാണ് കൈതക്കര മുതൽ ഇന്നത്തെ വകയാർ കോട്ടയംമുക്ക് വരെയുള്ള റോഡ് വെട്ടിയത്. “കോട്ടയ്ക്കക”ത്തേക്കു പോകാനുള്ള മുക്ക് എന്നുപറഞ്ഞുപറഞ്ഞ് വലിയകാവ്‌ എന്നപേര് പിന്നീട് മാഞ്ഞുപോവുകയായിരുന്നു. പിൽക്കാലത്ത് വടക്കു ദിക്കിൽ ഒരു “കോട്ടയം” (ചങ്ങനാശ്ശേരിഭാഗത്ത് ) ഉണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് രണ്ടുകോട്ടയവും തമ്മിൽ തിരിച്ചറിയുന്നതിന് ഒരുകോട്ടയത്തിനോടുചേർന്ന് “വള്ളിക്കോടും” മറ്റൊന്നിനോടുചേർത്ത് “ചങ്ങനാശ്ശേരിയും” അന്നത്തെ പ്രാദേശിക ബുദ്ധിജീവികൾ തുന്നിച്ചുചേർത്തു.

പിൽക്കാലത്ത് പുതിയ വില്ലേജ് ഓഫീസ് അനുവദിച്ചപ്പോൾ വാലുമുറിച്ചുകളയണം എന്ന ഉദ്ദേശത്തോടെ പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണൻ “കോട്ടയ്ക്കകം” എന്നോ “മലയകം” എന്നോ പുതിയ വില്ലേജ് ഓഫീസിന് പേരിടാമെന്നു നിർദ്ദേശിച്ചെങ്കിലും പ്രാദേശിക “ബുദ്ധിജീവികൾ” അതിന് സമ്മതിച്ചില്ല. കോട്ടയ്ക്കകം എന്ന് ഉച്ചാരണത്തിന് പ്രയാസമാണെന്നും, “കരിങ്കുടുക്ക” യ്ക്കടുത്ത് “മലയകം” എന്ന സ്ഥലം ഉള്ളതിനാൽ അതും വേണ്ടെന്ന് വാശിപിടിച്ചതിനെത്തുടർന്ന് വള്ളിക്കോട് എന്ന വാലോടുകൂടി “വി.കോട്ടയം വില്ലേജ്”രൂപം കൊള്ളുകയായിരുന്നു.

 

ഇനി “എട്ടാംകുറ്റി”യിലേക്കുവരാം. മഹാരാജാവിന്റെ കാലത്ത് അനന്തപുരിയിൽ ആരംഭിച്ച റോഡിന്റെ അളവിന്റെ ഭാഗമായി സ്ഥാപിച്ച മൈൽകുറ്റിയാണ് പിൽക്കാലത്ത് എട്ടാംകുറ്റി എന്നപേരു ഉല്‍ഭവിക്കാന്‍ കാരണം.ഒന്നാം കുറ്റി പത്തനാപുരത്താണ് തുടങ്ങിയിരുന്നത്.എട്ടാം കുറ്റി വകയാറിലും പത്താം കുറ്റി കോന്നിയിലും ആയിരുന്നു. ഈരണ്ടുമൈൽ കൂടുമ്പോഴായിരുന്നു ഇത്രയും വലിയ കുറ്റി സ്ഥാപിച്ചിരുന്നത്.

വി.കോട്ടയത്തു നിന്നുള്ള റോഡ് വെട്ടിയതോടുകൂടി വലിയകാവ്‌ എന്ന സ്ഥലപ്പേര് മാഞ്ഞുപോയി “കോട്ടയം മുക്ക്” എന്നപേര് നിലവിൽ വന്നു. “എട്ടാംകുറ്റി” എന്ന മൈൽകുറ്റി വന്നതോടുകൂടി ആ സ്ഥലത്തിന് ആ പേരും, കുളത്തുങ്കൽ എന്ന പേരുവന്നതോടുകൂടി പേരൂർക്കുളവും അപ്രത്യക്ഷമാവുകയായിരുന്നു.

എം ഗിരീശന്‍ നായര്‍ @കോന്നി വാര്‍ത്ത ഡോട്ട് കോം

 

 

error: Content is protected !!