കോന്നി ഗവ.മെഡിക്കൽ കോളേജിലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങള്‍ക്ക് ഭൂമി പൂജയോടെ നാളെ തുടക്കമാകും.( ഒക്ടോബർ 25)

Spread the love

കോന്നിവാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കൽ കോളേജിൻ്റെ വികസനത്തിൽ നാഴികക്കല്ലാകാൻ പോകുന്ന രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഭൂമിപൂജയോടെ ഇന്ന് തുടക്കമാകും.കിഫ്ബി മുഖേന 241.01 കോടി രൂപയാണ് രണ്ടാം ഘട്ട നിർമാണത്തിന് അനുവദിച്ചത്.
രാജസ്ഥാൻ കമ്പനിയായ ജഥൻ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡാണ് രണ്ടാം ഘട്ട നിർമ്മാണം കരാർ എടുത്തിരിക്കുന്നത്.

കരാർ സംബന്ധിച്ച് കോടതിയിൽ നിലനിന്നിരുന്ന തർക്കം പരിഹരിക്കപ്പെട്ടതിനെ തുടർന്നാണ് നിർമ്മാണം ആരംഭിക്കുന്നത്. 199.17 കോടി രൂപയ്ക്കാണ് രണ്ടാം ഘട്ട നിർമ്മാണം കരാറെടുത്തിട്ടുള്ളത്.

200 കിടക്കകളോടെയുള്ള ആശുപത്രി കെട്ടിടം,അക്കാദമിക്ക് ബ്ലോക്കിൻ്റെ ഭാഗമായി മൂന്ന് നിലയിലുള്ള അനുബന്ധമന്ദിരം,200 കുട്ടികൾക്ക് താമസ സൗകര്യമുള്ള അഞ്ച് നിലയുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, 235 കുട്ടികൾക്ക് താമസിക്കാൻ കഴിയുന്ന ആറ് നിലയുള്ള പെൺകുട്ടികളുടെ ഹോസ്റ്റൽ,എ, ബി, സി, ഡി എന്നീ നാല് വിഭാഗങ്ങളിലായി 40 അപ്പാർട്ട്മെൻറുകൾ വീതം
11 നിലകളിലായി നിർമ്മിക്കുന്ന ക്വാർട്ടേഴ്സ്, 1000 ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുള്ള ഓഡിറ്റോറിയം,മോർച്ചറി,പോസ്റ്റ്മോർട്ടം സൗകര്യങ്ങൾക്കായി ഓട്ടോപ്സി ബ്ലോക്ക്, ലോൺട്രി ബ്ലോക്ക് തുടങ്ങിയവ രണ്ടാം ഘട്ടത്തിൽ നിർമ്മിക്കും
രണ്ട് ലക്ഷം ലിറ്റർ ശേഷിയുള്ള സീവേജ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, 7000 ലിറ്റർ ശേഷിയുള്ള ഇഫ്ളുവൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, മഴവെള്ളം ശേഖരിക്കുന്നതിനുള്ള സംഭരണി,പ്രിൻസിപ്പാളിനു താമസിക്കുന്നതിനുള്ള ഡീൻ വില്ല, 400 മീറ്റർ ട്രാക്കോടുകൂടിയ കളിസ്ഥലം തുടങ്ങിയവയും രണ്ടാം ഘട്ടത്തിൻ്റെ ഭാഗമാണ്.

ആരോഗ്യ മന്ത്രി വീണാ ജോർജ്ജിൻ്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലിലൂടെയാണ് നിയമ പ്രശ്നങ്ങൾ എല്ലാം വേഗത്തിൽ പരിഹരിച്ച് നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. പണം അനുവദിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ രണ്ടാം ഘട്ട നിർമ്മാണം ആരംഭിക്കാൻ കഴിഞ്ഞത് അഭിമാനകരമാണ്. ആരോഗ്യ മന്ത്രി നടത്തുന്ന ഇടപെടലിലൂടെ കോന്നി ഗവ.മെഡിക്കൽ കോളേജിനെ ഇന്ത്യയിലെ തന്നെ പ്രമുഖ ആരോഗ്യ സ്ഥാപനമായി മാറ്റാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു.

 

പൂജാ ചടങ്ങുകൾ ആരംഭിക്കുന്നത് രാവിലെ 5.10 മുതൽ

konnivartha.com : അഞ്ച് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി മുന്നൂറ്റി എൺപത്തി ഒൻപത് ചതുരശ്ര അടി കെട്ടിട നിർമ്മാണമാണത്തിനാണ് ഭൂമിപൂജയോടെ ഇന്ന് തുടക്കമാകുന്നത്. രാവിലെ 5.10 ന് ഗണപതി ഹോമമാണ് ആദ്യം നടത്തുന്ന പൂജാകർമ്മം. തുടർന്ന് രാവിലെ 9.30 നും 10.30നും ഇടയിൽ വാസ്തു പൂജയും നടക്കും.

പൂജാ ചടങ്ങുകൾക്കായി പ്രത്യേകം പന്തൽ നിർമ്മാണ സ്ഥലത്ത് തയ്യാറാക്കിയിട്ടുണ്ട്. പുതിയകാവ് ക്ഷേത്രം മേൽശാന്തി ശ്രീകുമാർ.കെ.നമ്പൂതിരിയും, കൊട്ടാരക്കരയിൽ നിന്നുള്ള ഹരികുമാരൻ നമ്പൂതിരിയുമാണ് പൂജാകർമ്മങ്ങൾക്ക് നേതൃത്വം നല്കുന്നത്.
പൂജാകർമ്മങ്ങൾ അവസാനിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൻ്റെ ഭാഗമായി വാനം നിർമ്മാണം തുടങ്ങും.ഇതോടൊപ്പം ലേബർ ക്യാമ്പ് നിർമ്മാണം, മിക്സിങ്ങ് പ്ലാൻ്റ് സ്ഥാപിക്കൽ, സർവ്വെ പ്രവർത്തനങ്ങൾ, സൈറ്റ് ക്ലിയറിംഗ് തുടങ്ങിയവയും നടത്തും.

error: Content is protected !!