സീതത്തോട് – കോട്ടമണ്‍പാറയിലും ,റാന്നി കുരുമ്പന്‍മൂഴിയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു

സീതത്തോട് – കോട്ടമണ്‍പാറയിലും ,റാന്നി കുരുമ്പന്‍മൂഴിയിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു

നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറിയത്
ആളപായ സാധ്യത ഒഴിവാക്കി: മന്ത്രി വീണാ ജോര്‍ജ്

കോന്നി വാര്‍ത്ത : ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് ആളുകള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയാറായതിനാലാണ് ഉരുള്‍പ്പൊട്ടലില്‍ ആളപായ സാധ്യത ഒഴിവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച കോന്നി മണ്ഡലത്തിലെ സീതത്തോട് കോട്ടമണ്‍പാറ ലക്ഷ്മിഭവനില്‍ സഞ്ജയന്റെ വീട്, ആങ്ങമൂഴി കോട്ടമണ്‍ പാറ റോഡിലെ പാലം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലയില്‍ മഴ പെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ കൃത്യമായി ഉള്‍ക്കൊണ്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ജനങ്ങള്‍ മാറണം. അതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഇപ്പോഴും ജനങ്ങള്‍ സഹകരിക്കുന്നുണ്ട്. ഈ സഹകരണം തുടരണം. കോന്നിയില്‍ ശനിയാഴ്ച രണ്ടു മണിക്കൂര്‍ കൊണ്ട് പെയ്തത് 7.4 സെന്റീമീറ്റര്‍ മഴയാണ്. ശക്തമായ മഴയിലാണ് ജില്ലയിലെ വനമേഖലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടിയത്. ആങ്ങമൂഴി കോട്ടമണ്‍ പാറ പാലത്തിന്റെ ടാറിംഗ് ഇളകിപോകും വിധത്തിലാണ് മഴ പെയ്തത്. പാലത്തിന്റെ ബലം എല്‍എസ്ജിഡിയുടെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് എന്‍ജിനീയറിംഗ് വിഭാഗം ഉടന്‍ പരിശോധിക്കും. പിഡബ്ല്യൂഡി അതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്തു നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി, അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോബി ടി. ഈശോ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലേഖാ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്. സുജ, ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ആര്‍. പ്രമോദ്, ആര്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജ്യോതി, കോന്നി തഹസില്‍ദാര്‍ കെ. ശ്രീകുമാര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ സതി കുരുവിള, വസന്ത ആനന്ദന്‍, സിപിഐഎം ഏരിയാ സെക്രട്ടറി എസ്. ഹരിദാസ്, ഏരിയാ കമ്മിറ്റിയംഗം കെ.ജി. മുരളീധരന്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ ടി.എ. നവാസ്, കെ.കെ. മോഹനന്‍ എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

 

ഉരുള്‍പൊട്ടല്‍: രക്ഷാദൗത്യം മാതൃകാപരം, പൂര്‍ണ വിജയം

റാന്നി കുരുമ്പന്‍മൂഴിയില്‍ പനംകുടന്ത അരുവിക്ക് സമീപവും കോന്നി സീതത്തോട് – കോട്ടമണ്‍പാറയിലും ഉണ്ടായ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയത് മികച്ച ഏകോപനത്തോടെയുള്ള മാതൃകാ രക്ഷാദൗത്യം. ഇവിടെ രണ്ടിടങ്ങളിലുമായി അഞ്ച് കുടുംബങ്ങളിലെ 26 പേരെയാണ് സാഹസികമായി രക്ഷാസംഘം സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയത്.
ശനിയാഴ്ച വൈകിട്ടോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ആള്‍നാശത്തിനോ, മറ്റ് വസ്തുക്കളുടെ വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ക്കോ ഇടവരാതെ രക്ഷാപ്രവര്‍ത്തനം മികച്ച രീതിയില്‍ പൂര്‍ത്തിയാക്കാനായി. രക്ഷാ പ്രവര്‍ത്തനത്തിന് ജില്ലയുടെ ചുമതലയുള്ള ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ, അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ വകുപ്പുകളുടേയും തല്‍സമയ ഏകോപനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു.

ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാര്‍ ഫയര്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. റവന്യു വകുപ്പിന്റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ റാന്നി തഹസീല്‍ദാര്‍ കെ. നവീന്‍ബാബുവും കോന്നി തഹസീല്‍ദാര്‍ കെ. ശ്രീകുമാറും ഏകോപിപ്പിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ബന്ധപ്പെട്ട പ്രാദേശിക ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പങ്കാളികളായി.

ശനിയാഴ്ച വൈകിട്ട് 6.30നാണ് കുരുമ്പന്‍മൂഴിയില്‍ ഉരുള്‍പ്പൊട്ടിയതായി റിപ്പോര്‍ട്ട് ചെയ്തത്. വിവരം അറിഞ്ഞ ഉടന്‍ റവന്യു, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരോട് സംഭവ സ്ഥലത്തേക്ക് എത്താന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍ദേശം നല്‍കി. റാന്നിയില്‍ നിന്നും പത്തനംതിട്ടയില്‍ നിന്നും ഫയര്‍ ഫോഴ്‌സിന്റെ ടീം സ്ഥലത്തേക്ക് പുറപ്പെട്ടു. വില്ലേജ് ഓഫീസര്‍ സാജന്‍ ജോസഫ് ജലനിരപ്പ് ഉയര്‍ന്ന കുരുമ്പന്‍മൂഴി കോസ്വേ സാഹസികമായി കടന്ന് ദുര്‍ഘടം പിടിച്ച വന്യജീവി സാന്നിധ്യമുള്ള മേഖലയില്‍ കൂടി സംഭവ സ്ഥലത്ത് എത്തുകയും മറ്റ് വകുപ്പുകള്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്തു.
റാന്നിയില്‍ നിന്നും ഈ സമയം ഫയര്‍ ഫോഴ്‌സിന്റെ രക്ഷാദൗത്യ സംഘം കുരുമ്പന്‍മൂഴി കോസ്വേയില്‍ ആധുനിക രക്ഷാ ദൗത്യ ഉപകരണങ്ങളുമായി എത്തി. കുരുമ്പന്‍മൂഴി കോസ്വേയില്‍ വെള്ളം കയറിയതിനാല്‍ ഫയര്‍ ഫോഴ്‌സിന്റെ വാഹനത്തിന് സംഭവ സ്ഥലത്തേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. നാട്ടുകാരുടെ സഹായത്തോടെ, ദുര്‍ഘട പാത താണ്ടാന്‍ സൗകര്യമുള്ള മൂന്ന് ഓഫ് റോഡ് ജീപ്പുകളുടെ സഹായത്തോടെ ഫയര്‍ ഫോഴ്‌സ് ടീം അംഗങ്ങളും, പ്രാദേശിക ജനപ്രതിനിധികളും, റവന്യു, ഫോറസ്റ്റ്, പോലീസ്, കെഎസ്ഇബി, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും നാട്ടുകാരും അടങ്ങുന്ന 30 അംഗ സംഘം ഉരുള്‍പൊട്ടല്‍ ഉണ്ടായ പനംകുടന്ത അരുവിക്ക് സമീപം ശ്രമകരമായ ദൗത്യത്തിലൂടെ എത്തി. പനംകുടന്ത അരുവിക്ക് താഴെയുള്ള ചെറിയ നടപ്പാലം ഒലിച്ച് പോയിരുന്നു. ഉരുള്‍പ്പൊട്ടലില്‍ നാല് കുടുംബങ്ങള്‍ കുടുങ്ങി കിടന്നിരുന്ന പനംകുടന്ത അരുവിയുടെ മുകള്‍ഭാഗത്ത് മണ്ണിടിഞ്ഞ് അപകടകരമായ സ്ഥിതി ആയിരുന്നു. ഇവിടേക്ക് എത്തുന്നതിന് ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക തടിപാലം സജ്ജമാക്കി. ഗര്‍ഭിണിയും തളര്‍ന്ന വ്യക്തിയും അടങ്ങുന്ന നാലു കുടുംബങ്ങളിലെ 21 പേരാണ് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഭീതിയുടെ നിഴലില്‍ നിന്നത്. ഇവരെ പുതുതായി നിര്‍മിച്ച തടി പാലത്തിലൂടെ ജനവാസ മേഖലയില്‍ കൊണ്ടുവന്ന് ആവശ്യമായ സൗകര്യം റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കി. ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ.ജി. സന്തോഷ് കുമാര്‍, ഫയര്‍ റസ്‌ക്യു ഓഫീസര്‍മാരായ എ.എസ്. ശ്രീജിത്ത്, എസ്. സതീഷ് കുമാര്‍, ശ്രീകുമാര്‍, അസീം അലി, സിനൂബ് സാം, കെ.പി. പ്രദീപ്, ആര്‍. അരുണ്‍, സിംഗ്, എ. ആനന്ദ്, ഗിരീഷ് കൃഷ്ണന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.

 

കോന്നി സീതത്തോട് കോട്ടമണ്‍പാറയില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന വിവരത്തെ തുടര്‍ന്ന് ഉടന്‍ തന്നെ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ സംഭവ സ്ഥലത്ത് എത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വില്ലേജ് ഓഫീസര്‍ മനോജ് തോമസ് സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ഇവിടെ കുടുങ്ങി കിടന്ന ലക്ഷ്മി ഭവനില്‍ സഞ്ജയന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെ സുരക്ഷിതമായി ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ഒഴുക്കില്‍പ്പെട്ട് ഇവരുടെ കാറും, റബ്ബര്‍ ഷീറ്റ് അടിക്കുന്ന മെഷീനും, റബ്ബര്‍ ഷീറ്റ് ഉണക്കുന്ന പുരയും നഷ്ടമായി. കോട്ടമണ്‍പാറയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ റവന്യു, ഫയര്‍ ഫോഴ്സ്, ഫോറസ്റ്റ്, പോലീസ്, ഗ്രാമപഞ്ചായത്ത് വകുപ്പുകള്‍ പങ്കാളികളായി.

 

error: Content is protected !!