കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാക്കും

കോന്നി ഗവ. മെഡിക്കല്‍ കോളജിലെ ഓക്‌സിജന്‍
പ്ലാന്റ് നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാക്കും
240 കിടക്കകളില്‍ പ്ലാന്റില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ എത്തും

konnivartha.com : കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേഷന്‍ പ്ലാന്റ്  നിര്‍മാണം നവംബറില്‍ പൂര്‍ത്തിയാക്കി ഉത്പാദനം ആരംഭിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. പ്ലാന്റ് സന്ദര്‍ശിച്ച എംഎല്‍എ നിര്‍മാണ പുരോഗതിയും വിലയിരുത്തി. ഒരു മിനിറ്റില്‍ 1500 ലിറ്റര്‍ ഉത്പാദന ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണമാണ് പൂര്‍ത്തിയാകുന്നത്.

ഈ വര്‍ഷം മേയ് മാസത്തിലാണ് 1.60 കോടി രൂപ ചെലവഴിച്ച് പ്ലാന്റ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചത്. നിലവില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ 95 ശതമാനവും പൂര്‍ത്തിയായി. ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലാണ് പ്ലാന്റ് കോന്നി ഗവ.മെഡിക്കല്‍ കോളജില്‍ ലഭ്യമാകുന്നതിനും, വേഗത്തില്‍ നിര്‍മാണം നടത്തുന്നതിനും സഹായകമായത്.

പി.എസ്.എ ടെക്‌നോളജി ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോന്നിക്ക് ലഭ്യമായ പുതിയ ഓക്‌സിജന്‍ പ്ലാന്റ് റെക്കോഡ് വേഗത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. ഓക്‌സിജന്‍ പ്ലാന്റ് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ മെഡിക്കല്‍ കോളജില്‍  ഓക്‌സിജന്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയും.

മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 240 കിടക്കകളും, 30 ഐസിയു കിടക്കകളും ഉള്‍പ്പടെ 270 കിടക്കകളാണ് ഉള്ളത്. കേരളാ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ്  ഓക്‌സിജന്‍ പ്ലാന്റ് സജ്ജമാക്കുന്നതിന്റെ ചുമതല നിര്‍വഹിക്കുന്നത്.
ഓക്‌സിജന്റെ ഗുണനിലവാര പരിശോധന പൂര്‍ത്തിയാക്കി ലൈസന്‍സ് ലഭ്യമാകേണ്ടതുണ്ടെന്ന് എംഎല്‍എ പറഞ്ഞു. അതുകൂടി പൂര്‍ത്തിയായാല്‍ ഉത്പാദനം ആരംഭിക്കാന്‍ കഴിയും. ഇതിനായുള്ള പ്രവര്‍ത്തനങ്ങളും വേഗത്തില്‍ നടന്നുവരുന്നതായും  എംഎല്‍എ പറഞ്ഞു.

എംഎല്‍എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്തംഗം ശ്രീകുമാര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. സി.വി.രാജേന്ദ്രന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സെസി ജോബ്, രഘുനാഥ് ഇടത്തിട്ട തുടങ്ങിയവരും സന്ദര്‍ശനത്തില്‍ പങ്കെടുത്തു.

error: Content is protected !!