ദുരന്തങ്ങളില്‍ നിന്നും അതിജീവനത്തിലേക്ക് പിടിച്ചു കയറ്റിയ പങ്കാളികളാണ് സന്നദ്ധ പ്രവര്‍ത്തകര്‍: ജില്ലാ കളക്ടര്‍

ജില്ലയില്‍ 2018 മുതല്‍ സംഭവിച്ച ദുരന്തങ്ങളില്‍ നിന്നും അതിജീവനത്തിലേക്ക് പിടിച്ചു കയറ്റിയ പങ്കാളികളാണ് സന്നദ്ധ പ്രവര്‍ത്തകരെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ദുരന്ത നിവാരണ അതോറിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഐഎജിയുടെ കീഴിലുള്ള സന്നദ്ധ സംഘടകളുടെ പ്രതിനിധികള്‍ക്കായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

മറ്റ് ജില്ലകളില്‍ നിന്നുള്ള സന്നദ്ധ സംഘടനകള്‍ വരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്. സംഘടനാ പ്രതിനിധികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കുന്നത് സംബന്ധിച്ച് നടപടി സ്വീകരിക്കും. ജില്ലയിലെ മുന്നറിയിപ്പുകള്‍ക്ക് ഒപ്പം, തൊട്ടടുത്തുള്ള ജില്ലകളിലെ മഴയുടെ ശക്തിയും മുന്നറിയിപ്പുകളും കണക്കിലെടുത്ത് വേണം ജില്ലയില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കേണ്ടത്. സംഘടനാ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുമ്പോള്‍ ദുരിത ബാധിതരുടെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. ഇതുവരെജില്ലയില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.

 

 

ഞായറാഴ്ച വെള്ളപ്പൊക്കമുണ്ടായ പ്രദേശങ്ങളില്‍ നിന്നും ആളപായമില്ലാതെ ഒറ്റ രാത്രി കൊണ്ട് രണ്ടായിരത്തോളം പേരെ രക്ഷിക്കാനായി എന്നത് അഭിമാനകരമാണ്. സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യണം. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ദുരിത ബാധിതര്‍ക്ക് താങ്ങായി നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. ഏകോപനത്തോടെ ഇനിയും പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

 

ജില്ലാ ദുരന്ത നിവാരണ ഡെപ്യൂട്ടി കളക്ടര്‍ ടി.ജി. ഗോപകുമാര്‍, ഐഎജി കണ്‍വീനര്‍ ഫാ. വര്‍ഗീസ് ചാമക്കാല, ഐഎജി സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!