ജാഗ്രതാ നിര്‍ദേശം

ജാഗ്രതാ നിര്‍ദേശം

കോന്നി വാര്‍ത്ത ഡോട്ട് കോം : കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ 18/10/2021 ന് രാവിലെ 11 മണിക്കു ശേഷം ക്രമാനുഗതമായി ഉയര്‍ത്തി 100 കുമക്‌സ് മുതല്‍ 200 കുമക്‌സ് വരെ ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാതെ ജലം പമ്പാ നദിയിലേക്ക് ക്രമാനുഗതമായി ഒഴുക്കി വിടുന്നതിനു നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി. പുറത്തേക്ക് ഒഴുകുന്ന ജലം പമ്പാനദിയിലൂടെ ഏകദേശം രണ്ടു മണിക്കൂറിനു ശേഷം പമ്പ ത്രിവേണിയില്‍ എത്തും.

 

പമ്പാനദിയിലെ ജലനിരപ്പ് ജലസേചന വകുപ്പ് തുടര്‍ച്ചയായി വീക്ഷിക്കേണ്ടതും അപകട സാധ്യതയുള്ളപക്ഷം ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രത്തില്‍ അറിയിക്കേണ്ടതുമാണ്. പമ്പാനദിയുടെ തീരത്തുള്ള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് മുഖേന ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കേണ്ടതും ഇക്കാര്യം പത്തനംതിട്ട പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍/നഗരസഭാ സെക്രട്ടറി ഉറപ്പുവരുത്തേണ്ടതുമാണ്.

 

അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്ന എല്ലാ ആളുകളേയും ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട തഹസീല്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍ മാരെയും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തുന്നു. വനത്തിനുള്ളില്‍ അപകടസാധ്യതയുള്ള മേഖലകളില്‍ താമസിക്കുന്നവരെ ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് ബന്ധപ്പെട്ട ജില്ലാ ഫോറസ്റ്റ്് ഓഫീസറെയും പട്ടിക ജാതി പട്ടിക വര്‍ഗ വികസന ഓഫീസറെയും ചുമതലപ്പെടുത്തുന്നു. ഇക്കാര്യം താലൂക്കിന്റെ ചുമതലയുള്ള റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍ (റവന്യു ഡിവിഷണല്‍ ഓഫീസര്‍, തിരുവല്ല/അടൂര്‍, ഡെപ്യുട്ടി കളക്ടര്‍മാര്‍) ഉറപ്പുവരുത്തേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ളതും ശബരിഗിരി ജലവൈദ്യുത പ്രോജക്ടിന്റെ പരിധിയിലുള്ളതുമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലസംഭരണശേഷി 981.46 മീറ്ററാണ് (സമുദ്രനിരപ്പില്‍ നിന്നും). കെഎസ്ഇബി ലിമിറ്റഡ് നിശ്ചയിച്ചിട്ടുള്ളതും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ച് നല്‍കിയിട്ടുള്ളതുമായ 2021 ഒക്ടോബര്‍ 11 മുതല്‍ 20 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 978.83 മീറ്റര്‍ ആണ്.

 

പത്തനംതിട്ട ജില്ലയില്‍ 2021 ജൂണ്‍ മാസം ആരംഭിച്ച തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ ലഭിച്ച മഴയുടെ അളവ് 1684.3 മില്ലീമീറ്റര്‍ ആണ്. ഇത് ശരാശരി പ്രതിവര്‍ഷം ലഭിക്കേണ്ട മഴയെക്കാള്‍ 40 മില്ലീമീറ്റര്‍ കൂടുതലാണ്. എന്നാല്‍, 2021 ഒക്ടോബര്‍ മാസം 1 മുതല്‍ 17 വരെ ലഭിച്ച മഴയുടെ അളവ് 583.8 മില്ലീമീറ്റര്‍ ആണ്. ഇത് ശരാശരി പ്രതിവര്‍ഷം ലഭിക്കേണ്ട മഴയെക്കാള്‍ 392.4 മില്ലീമീറ്റര്‍ കൂടുതലാണ്. ജില്ലയുടെ കിഴക്കന്‍ മേഖലയിലും വൃഷ്ടിപ്രദേശത്തും ശക്തമായ തോതില്‍ മഴ ലഭിക്കുകയും തത്ഫലമായി ഡാമുകളിലേക്കുള്ള നിരൊഴുക്ക് ശക്തമാകുകയും ചെയ്തിട്ടുള്ളതാണ്.

 

കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, ചുവപ്പ് മുന്നറിയിപ്പുകള്‍ പ്രഖ്യാപിക്കുന്നത് റിസര്‍വോയറിലെ ജലനിരപ്പ് യഥാക്രമം 976.83 മീറ്റര്‍, 977.83 മീറ്റര്‍, 978.33 മീറ്റര്‍ എന്നിവയില്‍ എത്തിച്ചേരുമ്പോഴാണ്. നീല, ഓറഞ്ച്, ചുവപ്പ് എന്നീ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുള്ളതും ദൃശ്യ-ശ്രവ്യ-പത്ര-സാമൂഹ്യ മാധ്യമങ്ങള്‍ വഴി ജനങ്ങളെ അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. ജില്ലയുടെ താഴ്ന്നപ്രദേശങ്ങളില്‍ താമസിക്കുന്നവരേയും, നദീതീരങ്ങളില്‍ താമസിക്കുന്നവരേയും, വളര്‍ത്തു മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ മാറ്റി പാര്‍പ്പിക്കുന്നതുള്‍പ്പെടെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുന്‍കരുതലായി സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിച്ചുകൊണ്ട് വിശദമായ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.

 

പമ്പ നദിയിലെ ജലനിരപ്പ് അപകടകരമായ ലെവലിനെക്കാള്‍ മുകളിലാണെങ്കിലും ഡാമിന്റെ വൃഷ്ടി പ്രദേശത്തു പെയ്യുന്ന ശക്തമായ മഴയില്‍ ഡാമുകളുടെ ശേഷി കവിഞ്ഞുള്ള കനത്ത ദുരന്ത സാധ്യത ഒഴിവാക്കുന്നതിനായി ഡാമില്‍ നിന്നും നിയന്ത്രിത അളവില്‍ ജലം പുറത്തുവിടുന്നതാണ് നല്ലത് എന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തുകയുണ്ടായി. യോഗത്തില്‍ ജനവാസ മേഖലകളില്‍ പരമാവധി 15 സെന്റിമീറ്ററില്‍ അധികരിക്കാതെ ജലം തുറന്നുവിടുന്നതിനു തീരുമാനിച്ചിട്ടുള്ളതാണ്.

 

കക്കി-ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതുമൂലം ഇപ്പോള്‍ പരിമിതമായ ജലം മാത്രമേ പുറത്തേക്ക് ഒഴുക്കേണ്ടി വരുന്നുള്ളൂ. അതിലൂടെ പമ്പാനദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് നിയന്ത്രിക്കുവാന്‍ കഴിയും. പകല്‍ സമയം ഡാം തുറക്കുന്നത് രാത്രി കാലങ്ങളില്‍ ഡാം തുറക്കുന്നതിനുള്ള സാധ്യത ഇല്ലാതാക്കുന്നതും ആവശ്യമായ തയാറെടുപ്പുകള്‍ സ്വീകരിക്കുന്നതിന് അധികൃതര്‍ക്കും ജനങ്ങള്‍ക്കും ആവശ്യമായ സമയം ലഭ്യമാകുന്നതുമാണ്.

ജാഗ്രതാ നിര്‍ദേശം
കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984.50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. 17.10.2021ന് രാത്രി 9.00 മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 983.5 മീറ്ററില്‍ എത്തിയിട്ടുള്ളതാണ്.

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലും, ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും, കാലാവസ്ഥാ പ്രവചന പ്രകാരം വൃഷ്ടി പ്രദേശത്ത് മഴ തുടരുമെന്നതിനാലും, കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം 17.10.2021ന് രാത്രി 09.00 മണി മുതല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

റിസര്‍വോയറിലെ ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും, ആവശ്യമെങ്കില്‍ റിസര്‍വോയറില്‍ നിന്നും നിയന്ത്രിത അളവില്‍ 18.10.2021ന് രാവിലെ 8.00 മണിക്ക് ശേഷം ജലം തുറന്നുവിടുന്നതുമായിരിക്കും.

ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം പമ്പയാറിലും, കക്കാട്ടാറിലും ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ നദികളുടെ തീരത്ത് താമസിക്കുന്ന ആളുകളും ജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണ്. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങള്‍ പൂര്‍ണമായും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതാണ്.

error: Content is protected !!