മൂലൂര്‍ സ്മാരകത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു

 

സരസകവി മൂലൂരിന്റെ ഇലവുംതിട്ടയിലെ സ്മാരകത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്കായുള്ള വിദ്യാരംഭ ചടങ്ങുകളും കവിസംഗമവും നടന്നു.

കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദ്യാരംഭ ചടങ്ങിന് പുറമേ നിന്നും ആചാര്യന്മാര്‍ ഉണ്ടായിരുന്നില്ല. കുട്ടികളുടെ മാതാപിതാക്കള്‍ തന്നെ ആദ്യക്ഷരം എഴുതിച്ചു. മുപ്പതിലധികം കുട്ടികള്‍ രാവിലെ ഏഴരക്കും പത്തിനുമിടയില്‍ അറിവിന്റെ ലോകത്തേക്ക് അക്ഷര ചുവടുകള്‍ വച്ചു.

വിദ്യാരംഭ ചടങ്ങുകള്‍ക്കു ശേഷം കവിസമ്മേളനം നടന്നു. ഹൃദ്രോഗ ചികിത്സകനും മൂലൂരിന്റ മാതൃകുടുംബാംഗവുമായ ഡോ. സുരേഷ് പരുമല കവി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്മാരക കമ്മിറ്റി പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.സി. രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി മൂലൂര്‍ സ്മാരകം സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ വിജയികളായ ആദിത്യ ബോസിനും അര്‍ജുനും ക്യാഷ് അവാര്‍ഡും മെമന്റോയും സമ്മാനിച്ചു.

കവി സമ്മേളനത്തില്‍ ചന്ദ്രമോഹന്‍ റാന്നി, വള്ളിക്കോട് രമേശന്‍, ഡോ. പി.എന്‍. രാജേഷ് കുമാര്‍, രമേശ് അങ്ങാടിക്കല്‍, എം.കെ. കുട്ടപ്പന്‍, അടൂര്‍ രാമകൃഷ്ണന്‍, കാശിനാഥന്‍, സുഗതാ പ്രമോദ്, സിമി മോഹന്‍, പാര്‍വതി തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു. സ്മാരക കമ്മിറ്റി സെക്രട്ടറി പ്രൊഫ. ഡി. പ്രസാദ് സ്വാഗതവും സി.വി. ഓമനകുഞ്ഞമ്മ നന്ദിയും പറഞ്ഞു.

error: Content is protected !!