എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം: തൊഴിലുറപ്പു ജോലിയിലുള്ളവര്‍ ശ്രദ്ധിക്കണം

എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം: തൊഴിലുറപ്പു ജോലിയിലുള്ളവര്‍ ശ്രദ്ധിക്കണം

എലിപ്പനി പ്രതിരോധ കാമ്പയിന് തുടക്കമായി
പത്തനംതിട്ട നഗരസഭയില്‍ എലിപ്പനി പ്രതിരോധ കാമ്പയിന്റെ ഉദ്ഘാടനം നഗരസഭയിലെ ശുചീകരണ വിഭാഗം തൊഴിലാളികള്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തുകൊണ്ട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി.സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമായി 32 വാര്‍ഡുകളിലെയും തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ക്ക് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്യും.
ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജെറി അലക്‌സിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൗണ്‍സില്‍ അംഗങ്ങളായ എം. സി. ഷെറീഫ്, സി.കെ. അര്‍ജ്ജുനന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ. ബാബു കുമാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഗീതാകുമാരി എന്നിവര്‍ പങ്കെടുത്തു.

എലിപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം- ഡിഎംഒ
എലിപ്പനിക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍. ഷീജ അറിയിച്ചു. മഴ വിട്ടുമാറാതെ തുടരുന്നതിനാല്‍ വെളളക്കെട്ടുകളില്‍ ഇറങ്ങുന്നവരും തൊഴിലുറപ്പു ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം.
ഈ വര്‍ഷം ജനുവരി മുതല്‍ ജില്ലയില്‍ 51 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 48 പേര്‍ക്ക് സംശയാസ്പദമായ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തു. രണ്ടു പേരുടെ മരണം എലിപ്പനി മൂലമാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 12 പേരുടെ മരണം എലിപ്പനി മൂലമാണെന്ന് സംശയിക്കപ്പെടുന്നു.

രോഗം പകരുന്ന വിധം
രോഗം പരത്തുന്നത് പ്രധാനമായും എലികളാണെങ്കിലും ഇവയെ കൂടാതെ മറ്റ് കാര്‍ന്നു തിന്നുന്ന ജീവികള്‍, വളര്‍ത്തുമൃഗങ്ങള്‍, കുറുക്കന്‍ എന്നിവയിലും ഈരോഗത്തിന്റെ രോഗാണുക്കളെ കണ്ടു വരുന്നു. രോഗാണു വാഹകരായ ജീവികളുടെ മൂത്രത്തിലൂടെ പുറത്തെത്തുന്ന രോഗാണുക്കള്‍ വെളളക്കെട്ടിലും, ഈര്‍പ്പമുളള സ്ഥലങ്ങളിലും ജീവനോടെ കാണപ്പെടുന്നു. പാടങ്ങളിലും, ഓടകളിലും മറ്റ് വെളളക്കെട്ടുളള പ്രദേശങ്ങളിലും പണിയെടുക്കുന്നവര്‍, രോഗാണു കലര്‍ന്ന ആഹാരവും ജലവും ഉപയോഗിക്കുന്നവര്‍ മലിനജലത്തില്‍ കുളിക്കുന്നവര്‍ തുടങ്ങിയവരിലേക്ക് ത്വക്കിലൂടെയും ശരീരത്തിലെ മുറിവുകളിലൂടെയും രോഗാണു പ്രവേശിക്കുന്നു.

രോഗലക്ഷണങ്ങള്‍
തലവേദന, പനി, കണ്ണുകള്‍ക്കുചുറ്റും ശക്തമായ വേദന, കണ്ണിനുചുറ്റും ചുവപ്പുനിറം, ഇടുപ്പിലും കണങ്കാലിലുമുളള മാംസ പേശികള്‍ക്ക് വേദന തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. വൃക്ക തകരാറ്, മെനിഞ്ചൈറ്റിസ്, മയോകാര്‍ഡൈറ്റിസ് തുടങ്ങിയവ തുടര്‍ന്ന് ഉണ്ടാകാം.

എലിപ്പനിക്ക്ചികിത്സയുണ്ട്
എലിപ്പനിക്ക് ഫലപ്രദമായ ചികിത്സയുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുകയും, ലാബ് പരിശോധനയിലൂടെ എലിപ്പനിയാണെന്ന് ബോധ്യപ്പെട്ടാല്‍ ഉടന്‍ തന്നെ ചികിത്സ തുടങ്ങുകയും വേണം. ചികിത്സ ലഭിക്കുവാന്‍ താമസിച്ചാല്‍ രോഗം ഗുരുതരമാകുന്നതിനും രോഗി മരണപ്പെടുന്നതിനും സാധ്യതയുണ്ട്. രോഗനിര്‍ണയവും ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കും.
എലിപ്പനിയുടെ രോഗലക്ഷണങ്ങളില്‍ ഒന്നാണ് മഞ്ഞപ്പിത്തം. ഈ സമയത്ത് ശരിയായ രോഗനിര്‍ണയം നടത്തി എലിപ്പനിക്കെതിരെയുളള ചികിത്സ രോഗിക്ക് ലഭ്യമാക്കണം. ലാബ് പരിശോധന നടത്താതെ മഞ്ഞപ്പിത്തത്തിനുള്ള അശാസ്ത്രീയ ചികിത്സകള്‍ നടത്തിയാല്‍ രോഗാവസ്ഥ സങ്കീര്‍ണമാകും.

തൊഴിലുറപ്പു ജോലിയിലുള്ളവര്‍ ശ്രദ്ധിക്കണം
തൊഴിലുറപ്പു ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വെളള കെട്ടുകളിലും, ഈര്‍പ്പമുളള പ്രദേശങ്ങളിലും ജോലി ചെയ്യുന്നവരാകയാല്‍ എലിപ്പനി വരുന്നതിനുളള സാധ്യത കൂടുതലാണ്. കൈതച്ചക്ക കര്‍ഷകര്‍, മൃഗങ്ങളെ പരിപാലിക്കുന്നവര്‍, മാംസ വ്യാപാരം ചെയ്യുന്നവര്‍ തുടങ്ങിയവരും രോഗബാധയേല്‍ക്കാന്‍ സാധ്യത കൂടുതലുളളവരാണ്.

ഡോക്സി സൈക്ലിന്‍ ഗുളിക
രോഗബാധാസാധ്യത കൂടുതലുള്ളവര്‍ക്ക് ഡോക്സി സൈക്ലിന്‍ ഗുളിക പ്രതിരോധ മരുന്ന് എന്ന രീതിയില്‍ നല്‍കാം. 200 എംജി ഡോക്സി സൈക്ലിന്‍ ഗുളിക ആഴ്ചയില്‍ ഒരോ ഡോസ് വീതം ആഹാരത്തിനുശേഷം കഴിക്കുന്നത് രോഗബാധ തടയുന്നതിന് സഹായകമാകും. ഇപ്രകാരം ആറ് ആഴ്ച വരെ തുടര്‍ച്ചയായി പ്രതിരോധ മരുന്ന് നല്‍കാം. ഡോക്സി സൈക്ലിന്‍ ഗുളിക എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭിക്കും.

എലിനിയന്ത്രണം
രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് എലി നിയന്ത്രണം. വീടുകളിലും കൃഷിയിടങ്ങളിലുമുള്ള എലികളെ നശിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കണം. അതോടൊപ്പം ഗൃഹശുചിത്വവും, പരിസരശുചിത്വവും പാലിക്കുകയും വേണം. തദ്ദേശ സ്വയംഭരണ വകുപ്പ്, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ കൂട്ടായ സഹകരണവും, പ്രവര്‍ത്തനവും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും അനിവാര്യമാണ്.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍
പെട്ടെന്നുളള പനി, കുളിര്, തലവേദന, വയറിളക്കം, കണ്ണിന്ചുവപ്പുനിറം, വെയിലത്തു നോക്കാന്‍ വല്ലായ്മ ഇവ കണ്ടാലുടന്‍ വൈദ്യസഹായം തേടുക. തുറന്നുവച്ച് കച്ചവടം നടത്തുന്ന പൊരി, അവല്‍ തുടങ്ങിയവ എലിമൂത്രം വീണ് മലിനമാകാന്‍ സാധ്യതയുളളതിനാല്‍ അവ ഒഴിവാക്കുക. ആഹാര സാധനങ്ങള്‍ മൂടിവെക്കുക. കഴിയുന്നതും ചൂടോടെ ഭക്ഷിക്കുക. കൂടിക്കാന്‍ ശുദ്ധജലം തിളപ്പിച്ചാറിച്ച് മാത്രം ഉപയോഗിക്കുക. ജലസ്രോതസുകള്‍ ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിച്ച് ക്ലോറിനേറ്റ് ചെയ്യുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. വ്യക്തിശുചിത്വം പാലിക്കുക. എലികളെ നശിപ്പിക്കാന്‍ വേണ്ട മാര്‍ഗങ്ങള്‍ സ്വീകരിക്കുക. എലിപ്പനിയുടെ ലക്ഷണങ്ങള്‍ എവിടെയെങ്കിലും കണ്ടാല്‍ ഉടന്‍ ആരോഗ്യ വകുപ്പ് അധികൃതരെ വിവരം അറിയിക്കുക.

error: Content is protected !!