മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുന്ന വിഷയം

Spread the love

 

കോന്നി വാര്‍ത്ത ഡോട്ട് കോം : മാനസികാരോഗ്യം പൊതുവെ അവഗണിക്കപ്പെടുന്ന ഒരു വിഷയമാണെന്നും ഇതിന് വേണ്ടത്ര പരിഗണന സമൂഹം നൽകിയിട്ടില്ലെന്നും പ്രശസ്ത കൺസ്സൾറ്റന്റ് സൈക്കോളജിസ്റ് ഡോ അഞ്ജു ട്രീസ ആൻഡ്രൂസ് അഭിപ്രായപ്പെട്ടു. ലോകത്തിലെ നൂറു കോടിയോളം ജനങ്ങൾ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാനസികാരോഗ്യ പ്രശ്നം നേരിടുന്നവരാണെന്ന് അവർ പറഞ്ഞു.പതിനഞ്ച് ശതമാനത്തോളം പേർ , ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഇത്തരം പ്രശ്നം അഭിമുഖികരിച്ചിട്ടുണ്ടാകുമെന്ന് ഡോ അഞ്ജു പറഞ്ഞു.

കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ഫീൽഡ് ഔട്ട്റീച് ബ്യൂറോ, വിമലാ കോളേജിലെ സൈക്കോളജി വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച യുവജനങ്ങളുടെ മാനസികാരോഗ്യ സുസ്ഥിതി എന്ന വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഡോ അഞ്ജു. സമൂഹ മാധ്യമങ്ങളുടെ ഉപയോഗത്തിൽ, യുവജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നവർ നിർദ്ദേശിച്ചു.

രാത്രിയിൽ ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപ് സമൂഹ മാധ്യമ ഉപകരണങ്ങൾ ഓഫ്‌ ചെയ്യണമെന്ന് ഡോ അഞ്ജു നിർദ്ദേശിച്ചു. ചിട്ടയായ ദിനചര്യയും പോസിറ്റീവ് ചിന്തകളും മനസ്സിന് കുളിർമ പകരുമെന്നവർ പറഞ്ഞു. വ്യായാമവും മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ഡോ അഞ്ജു പറഞ്ഞു. മാനസികാരോഗ്യ പ്രശ്‌നമുള്ളവർ വിദഗ്ദ ചികിത്സ തേടാൻ മടിക്കരുതെന്ന് ഡോ അഞ്ജു നിർദ്ദേശിച്ചു.

വിദ്യാർത്ഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഡോ അഞ്ജു മറുപടി നൽകി.75 ഓളം വിദ്യാർത്ഥികൾ വെബിനാറിൽ പങ്കെടുത്തു. വിമലാ കോളേജ് സൈക്കോളജി വകുപ്പ് മേധാവി ഡോ സിന്റോ പി ആന്റോ, ഫീൽഡ് ഔട്ട്റീച് ബ്യുറോ ഡെപ്യൂട്ടി ഡയറക്ടർ ജോർജ് മാത്യു എന്നിവർ പ്രസംഗിച്ചു.പങ്കെടുത്ത എല്ലാവർക്കും ഇ- സർട്ടിഫിക്കറ്റുകൾ നൽകി.

error: Content is protected !!