പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ മോപ്പ് അപ്പ് സര്‍വേ ആരംഭിച്ചു

 

പത്തനംതിട്ട ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള കോവിഡ് വാക്‌സിനേഷന്‍ മോപ്പ് അപ്പ് സര്‍വേ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷം നടക്കുന്ന സര്‍വേ (ഒക്‌ടോബര്‍ 7 വ്യാഴം) (ഒക്‌ടോബര്‍ 8 വെള്ളി) തുടരും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് ഇക്കാര്യം കളക്ടര്‍ പറഞ്ഞത്.

ജില്ലയിലെ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന സര്‍വേ സംഘത്തില്‍ ഐ.സി.ഡി.എസ് പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരാകും അംഗങ്ങളായുണ്ടാകുക. വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരെ കണ്ടെത്തി കാരണം രേഖപ്പെടുത്തുന്നതും വിമുഖത പ്രകടിപ്പിക്കുന്നവര്‍ക്ക് വാക്‌സിനേഷന്റെ പ്രധാന്യം മനസിലാക്കി കൊടുക്കുന്നതുമാണ് സര്‍വേ സംഘത്തിന്റെ ചുമതല. കോവിഡ് ബാധിതരായവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തും. സര്‍വേയിലൂടെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗത്തിന്റെ ഗുരുതരാവസ്ഥാ സാധ്യത, മറ്റ് സങ്കീര്‍ണതകള്‍, മരണനിരക്ക് എന്നിവ കുറവാണെന്നുള്ള അവബോധം ജനങ്ങളില്‍ എത്തിക്കും.

തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തുകൊണ്ടാണ് സര്‍വേ നടപ്പിലാക്കുന്നത്. ജില്ലയിലെ എല്ലാ വീടുകളിലുമായി വാര്‍ഡ് തലത്തില്‍ നടത്തുന്ന കോവിഡ് വാക്‌സിനേഷന്‍ മോപ്പ് അപ്പ് സര്‍വേയില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, അഡീഷണല്‍ എസ്.പി കെ. രാജന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ. ശ്രീകുമാര്‍, ഡിഡിപി കെ.ആര്‍ സുമേഷ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!