സീതത്തോട് സഹകരണ ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് കോണ്‍ഗ്രസ്സ് പിന്‍തിരിയണം

konnivartha.com : സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ തട്ടിപ്പ് നടത്തിയ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നതെന്ന് സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പ്രസ്താവനയില്‍ പറഞ്ഞു.

2013 മുതല്‍ 2020 വരെയുള്ള കാലയളവിലാണ് ഇന്‍റേണല്‍ ഓഡിറ്ററും, അസിസ്റ്റന്‍റ് സെക്രട്ടറിയും, സെക്രട്ടറിയുമായി പ്രവര്‍ത്തിച്ച കെ.യു.ജോസ് എന്ന ജീവനക്കാരന്‍ തന്‍റെ ഭാര്യയുടേയും മക്കളുടേയും മറ്റു ബന്ധുക്കളുടെയും പേരിലുള്ള അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് 1,40,49,325/- രൂപയുടെ തട്ടിപ്പ് നടത്തിയത്. കേവലം എട്ട് ഇടപാടുകളാണ് ഇതിനായി പ്രതി ഉപയോഗിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കണ്ടെത്തിയത്. തന്‍റെ തട്ടിപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി മനസ്സിലാക്കിയ പ്രതി 2020 ഒക്ടോബര്‍ 15 ന് തുക തിരിച്ചടച്ചാതായ രേഖ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.എന്നാല്‍ ഈ പണം ബാങ്കില്‍ എത്തിയിട്ടില്ല എന്ന് ഭരണസമിതിയ്ക്ക് പരിശോധനയില്‍ ബോധ്യപ്പെടുകയും, ഇതു സംബന്ധിച്ച് പരിശോധിക്കണെന്ന് യൂണിറ്റ് ഇന്‍സ്പെക്ടറോട് ആവശ്യപ്പെടുകയും ചെയ്തു.

യൂണിറ്റ് ഇന്‍സ്പെക്ടര്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ മകളുടെ 8302 നമ്പര്‍ എസ്.ബി. അക്കൗണ്ടില്‍ നാല് ഇടപാടുകളിലായി 12.10.2020-ല്‍ 1,40,50,000/- രൂപ നിക്ഷേപിച്ചതായി കൃത്യമ രേഖ ഉണ്ടാക്കിയതായും, ടി. തുകയാണ് പിന്‍വലിച്ച് തട്ടിപ്പ് പണത്തിന്‍റെ തിരിച്ചടവ് നടത്തിയിരിക്കുന്നതെന്നും കണ്ടെത്തി.
സഹകരണ വകുപ്പ് അന്വേഷണം നടത്തി ഈ വിവരങ്ങളെല്ലാം ഔദ്യോഗികമായി 2021 ആഗസ്റ്റ് 10 നാണ് ബാങ്ക് ഭരണസമിതിയെ അറിയിച്ചത്.

ഭരണസമിതി റിപ്പോര്‍ട്ട് കിട്ടിയ ദിവസംതന്നെ ജോസിനെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തുകയും, ഔദ്യോഗിക നടപടികള്‍ പൂര്‍ത്തീകരിച്ച് 2021 സെപ്റ്റംബര്‍ 3 ന് ജോസിനെ സസ്പെന്‍റ് ചെയ്യുകയും, പോലീസില്‍ പരാതി നല്കുകയും ചെയ്തു. ചിറ്റാര്‍ പോലീസ് 582/2021 നമ്പര്‍ കേസ്സെടുത്ത് അന്വേഷണം നടത്തി വരുന്നു. സഹകരണ വകുപ്പ് 65-ാം വകുപ്പുപ്രകാരമുള്ള അന്വേഷണം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ 68-ാം വകുപ്പു പ്രകാരമുള്ള അന്വേഷണവും നടത്തുന്നു. തട്ടിപ്പു നടത്തിയ ആളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള എല്ലാ നടപടിയും സര്‍ക്കാരും, ഭരണസമിതിയും സ്വീകരിച്ചു എന്നത് ഇതില്‍ നിന്നും ബോധ്യമാണ്.

തട്ടിപ്പു നടത്തിയ പ്രതി സി.പി.ഐ.(എം) പ്രവര്‍ത്തകനായിരുന്നു. തട്ടിപ്പുവിവരം മനസ്സിലാക്കി കര്‍ശന നടപടിയിലേക്കു പാര്‍ട്ടി കടക്കുന്നു എന്ന് പ്രതിക്ക് മനസ്സിലായപ്പോള്‍ കോണ്‍ഗ്രസ്സുമായി ബന്ധം സ്ഥാപിക്കുകയാണ് ചെയ്തത്. സി.പി.ഐ.(എം) പുറത്താക്കിയ പ്രതി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും, അസംബ്ലി തെരഞ്ഞെടുപ്പിലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ക്കായി രംഗത്തുണ്ടായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഭരണമാറ്റമുണ്ടാകുമെന്നും, കേസ്സില്‍ സംരക്ഷിക്കാമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ നല്കിയ ഉറപ്പുമൂലമാണ് പ്രതി യു.ഡി.എഫ്. അനുകൂല നിലപാടുമായി രംഗത്തുവരാന്‍ കാരണം.

കുറ്റക്കാരനായ പ്രതിക്കെതിരെ പാര്‍ട്ടിയും. ഭരണസമിതിയും, എം.എല്‍.എ.യും കര്‍ശനമായ നിലപാടാണ് സ്വീകരിച്ചത്. ഇവരുടെ കര്‍ശന നിലപാടുകള്‍ തനിക്ക് ശിക്ഷ ഉറപ്പാക്കാന്‍ കാരണമാകുമെന്ന് മനസ്സിലാക്കിയ പ്രതി യു.ഡി.എഫ്. സഹായത്തോടെ സി.പി.ഐ.(എം)നും, എം.എല്‍.എ.യ്ക്കുമെതിരെ ആക്ഷേപമുയര്‍ത്തി പുകമറ സൃഷ്ടിച്ച് രക്ഷപെടാന്‍ ശ്രമിക്കുകയാണ്.

കേസ്സിനെ ദുര്‍ബലപ്പെടുത്തി പ്രതിയെ രക്ഷിക്കാനുളള കോണ്‍ഗ്രസ്സ് ശ്രമം അപലപനീയമാണെന്നും സി.പി.ഐ.(എം) ജില്ലാ സെക്രട്ടറി പറഞ്ഞു.ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനകീയ എം.എല്‍.എ.യായി മാറിയ കെ.യു. ജനീഷ്കുമാറിനെ അപകീര്‍ത്തിപ്പെടുത്താനുള്ള കോണ്‍ഗ്രസ്സ് ശ്രമം ജനങ്ങള്‍ പരമപുച്ചത്തോടെ തള്ളിക്കളുയുമെന്നും, 20 കോടി നിക്ഷേപവും 24 കോടി വായ്പാബാക്കിനില്പും, 10 കോടിയില്‍പരം രൂപയുടെ മറ്റ് ആസ്തിവകയുമുള്ള ബാങ്കിനെ തകര്‍ക്കാനുള്ള ശ്രമത്തില്‍നിന്ന് കോണ്‍ഗ്രസ്സ് പിന്‍തിരിയണമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

error: Content is protected !!