കോന്നി ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി സെപ്റ്റംബര്‍ 23 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

കോന്നി വാര്‍ത്ത ഡോട്ട് കോം: കോന്നി  ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറി ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.

സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ നാലാമത്തെ ലബോറട്ടറിയാണ് കോന്നിയില്‍ ആരംഭിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്ത് കാവ് എന്നിവിടങ്ങളിലാണ് നിലവില്‍ ലബോറട്ടറി പ്രവര്‍ത്തിക്കുന്നത്. കോന്നി നെടുംപാറയില്‍ ഗവ. മെഡിക്കല്‍ കോളജിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്താണ് ഡ്രഗ് ടെസ്റ്റിംഗ് ലാബ് നിര്‍മിച്ചിരിക്കുന്നത്.

3.80 കോടി രൂപ മുടക്കി മൂന്നു നിലയിലായി 16,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ നിര്‍മാണമാണ് പൂര്‍ത്തിയായിട്ടുള്ളത്. 2019 നവംബര്‍ മാസത്തില്‍ ആരംഭിച്ച് കാലാവധിക്കുള്ളില്‍ തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 60,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയുടെയും നിര്‍മാണം പൂര്‍ത്തിയായി. നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം, ലൈബ്രറി, സ്റ്റോര്‍, ഡൈനിംഗ് ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍ തുടങ്ങിയവയും, ഒന്നാം നിലയിലും, രണ്ടാം നിലയിലും ലബോറട്ടറിയുമാണ് പ്രവര്‍ത്തിക്കുക.

മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനൊപ്പം, മെഡിക്കല്‍ ഉപകരണങ്ങളുടെ ഗുണനിലവാരം കൂടി പരിശോധിക്കുന്ന കേരളത്തിലെ ആദ്യത്തെ നോട്ടിഫൈഡ് ലാബാണ് കോന്നിയില്‍ ആരംഭിക്കാന്‍ പോകുന്നതെന്ന് എംഎല്‍എ പറഞ്ഞു. പ്രതിവര്‍ഷം 4,500 മരുന്നുകളോളം പരിശോധിക്കാന്‍ കഴിയും. നിരന്തര ഇടപെടലിലൂടെ സമയബന്ധിതമായി ലാബിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കാനായി എന്നത് അഭിമാനകരമാണെന്നും എംഎല്‍എ പറഞ്ഞു.

മുഖ്യമന്ത്രി ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ഫലകം അനാച്ഛാദനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

error: Content is protected !!