കോന്നി ആര്‍.സി.ബി.യിലെ പണം തിരിമറി: വിജിലന്‍സ് അന്വേഷണം ഉണ്ടാകും

 

കോന്നി വാര്‍ത്ത ഡോട്ട് കോം :കോന്നിയിലെ ആദ്യകാല സഹകരണ പ്രസ്ഥാനമായ റീജണല്‍ സഹകരണബാങ്കിലെ പണം തിരിമറി വിജിലന്‍സ് വിഭാഗം അന്വേഷിക്കണം എന്നാവശ്യം ഉന്നയിച്ച് ഭരണസമിതി വിജിലന്‍സിനെ സമീപിച്ചു .

ഒമ്പതര കോടി രൂപയുടെ തിരിമറി നടന്നതായി സഹകരണ വകുപ്പ് നിയോഗിച്ച പ്രത്യേക സംഘം കണ്ടെത്തിയിരുന്നു . 2014 മുതല്‍ ഉള്ള സി പി എം ഭരണ സമിതിയുടെ കാലത്തായിരുന്നു തിരിമറി .

ബാങ്കിന് നഷ്ടപ്പെട്ട തുക ആരോപണ വിധേയരില്‍ നിന്നും തിരികെ പിടിക്കണം എന്നാവശ്യം ഉന്നയിച്ച് നിലവിലെ സി പി എം ഭരണ സമിതി മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു . മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം സഹകരണ വകുപ്പ് പ്രത്യക അന്വേഷണ സംഘം അന്വേഷണം നടത്തി .

പഴയ ബോര്‍ഡ് അംഗങ്ങളില്‍ നിന്നും മൊഴി എടുത്തിരുന്നു . സസ്പെന്‍റില്‍ ഉള്ള ചില ജീവനക്കാരെയും അന്വേഷണ ഭാഗമായി വിളിപ്പിച്ചിരുന്നു . ബാങ്കിന് ഉണ്ടായ ഒമ്പതര കോടി രൂപയുടെ നഷ്ടം അത് വരുത്തി വെച്ചവരില്‍ നിന്നും ഈടാക്കണം എന്നാണ് ആവശ്യം .

ചിട്ടി , വായ്പ എന്നിവയിലൂടെ ആണ് സാമ്പത്തിക തിരിമറി നടന്നത് എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത് . സഹകരണ വകുപ്പിന്‍റെ പരിധിയില്‍ വരാത്ത ചിലരുടെ കൈകളിലും ബാങ്കിന് നഷ്ടമായ തുക എത്തി എന്നാണ് വിലയിരുത്തല്‍ . വിജിലന്‍സ് അന്വേഷണത്തിലൂടെ മാത്രമേ യഥാര്‍ത്ഥ തിരിമറി സംബന്ധിച്ചുള്ള കുറ്റക്കാരെ നിയമത്തിന്നു മുന്നില്‍ കൊണ്ടുവരാന്‍ കഴിയൂ എന്നാണ് സഹകരണ വകുപ്പ് അന്വേഷണ സംഘം നല്‍കുന്ന സൂചന . ഇതിനെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടത്തണം എന്നു നിലവിലെ സി പി എം ഭരണ സമിതി തന്നെ ആവശ്യം ഉന്നയിച്ചത് . സി പി എം ഏരിയാ കമ്മറ്റിയുടെ പിന്തുണയോടെ ആണ് ബാങ്ക് ഭരണ സമിതി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടത് .

സസ്പെന്‍റില്‍ ഉള്ള മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് ഒന്നര കോടി രൂപ തിരിച്ചടച്ചിട്ടുണ്ട്. ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ 10 ലക്ഷം വായ്പയെടുത്തതായി അന്വേഷണത്തില്‍ കണ്ടുപിടിച്ചിട്ടുണ്ട്. രണ്ടു ലക്ഷത്തില്‍ തുടങ്ങി 10 ലക്ഷം വരെ സാലറി സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തില്‍ വായ്പ നല്‍കി. സാലറി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സര്‍ക്കാര്‍ ജീവനക്കാരെയും അത് നല്‍കിയ അന്നത്തെ മേധാവികളെയും അന്വേഷണ പരിധിയില്‍ കൊണ്ടുവരേണ്ടതായുണ്ട്.

കോന്നിയിലെ ആദ്യകാല സഹകരണ പ്രസ്ഥാനമാണ് റീജണല്‍ സഹകരണ ബാങ്ക്. വില്ലേജ് സഹകരണസംഘമായിട്ടാണ് ഇത് തുടങ്ങിയത്. കോണ്‍ഗ്രസുകാര്‍ മാത്രം ഭരിച്ച സംഘമാണ് ഇത്. കമ്യൂണിസ്റ്റ് അനുഭാവികള്‍ക്ക് അംഗത്വം പോലും നല്‍കാത്ത ഒരു കാലഘട്ടമുണ്ടായിരുന്നു.കോണ്‍ഗ്രസില്‍ നിന്ന് ഇടതുമുന്നണി ബാങ്ക് ഭരണം പിടിച്ചെടുക്കുകയായിരുന്നു. .

error: Content is protected !!