അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കും

 

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമിയും വീടും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 13500 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഇതിലുള്‍പ്പെടുത്തി സംസ്ഥാനത്തെ മുഴുവന്‍ പട്ടികജാതി കുടുംബങ്ങള്‍ക്കും വീട് ഉറപ്പാക്കും. അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ച് ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നല്‍കുമെന്ന് ഉറപ്പ് നല്‍കിയതാണ്. ലൈഫ് ഉള്‍പ്പെടെ വിവിധ പദ്ധതികളിലൂടെ ഇതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സര്‍ക്കാര്‍ നയം. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ലാന്റ് ബോര്‍ഡ് വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മിച്ചഭൂമിയും അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുന്നതും കണ്ടെത്തി നടപടി സ്വീകരിക്കും. ഭൂരഹിതര്‍ക്ക് ഭൂമി കൈമാറുന്നതിനായി പ്രത്യേകം ലാന്‍ഡ് ബാങ്ക് തയ്യാറാക്കും. ഇതിനായി ഡിജിറ്റല്‍ സര്‍വേ നടത്തും. കേരളത്തിലെ ഭൂമിയാകെ ഡിജിറ്റല്‍ സര്‍വേ നടത്തി അളന്ന് തിട്ടപ്പെടുത്തുന്നതിന് ഒന്നാം ഗഡുവായി 339 കോടി റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ അനുവദിച്ചിട്ടുണ്ട്.

നാലു വര്‍ഷം കൊണ്ട് ഇത് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിലൂടെ നല്ല് പങ്ക് ഭൂമിയും സര്‍ക്കാരിലേക്ക് വന്നുചേരും. കൈയേറ്റക്കാരേയും കുടിയേറ്റക്കാരേയും സര്‍ക്കാര്‍ ഒരേ കണ്ണിലല്ല കാണുന്നത്. മണ്ണില്‍ പണിയെടുക്കുന്നവന്റെ വേദന മനസിലാക്കി ആശ്വാസം പകരാന്‍ ശ്രമിക്കുന്ന സര്‍ക്കാരാണിത്. അര്‍ഹമായ ആനുകൂല്യം വിവിധ ജനവിഭാഗങ്ങള്‍ക്ക് ഉറപ്പ് വരുത്തുന്നത് നവകേരളത്തിന്റെ മുഖമുദ്രയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതികത്വത്തിലും നിയമക്കുരുക്കിലുംപെട്ട് ഭൂമിയുടെ ഉടമസ്ഥാവകാശം നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം നാട്ടിലുണ്ട്. ഇതില്‍ ഒന്നേമുക്കാല്‍ ലക്ഷം കുടുംബങ്ങള്‍ക്ക് 2016 – 2021 കാലയളവില്‍ സര്‍ക്കാര്‍ പട്ടയം നല്‍കി. കേരളത്തിലെ സര്‍വകാല റെക്കോഡാണിത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും കഴിയാത്ത വിധത്തില്‍ ഇവിടെ ഭൂപരിഷ്‌ക്കരണം നടത്തി മാതൃകകാട്ടാനായി.

കേരളത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ അന്തസോടെ നിവര്‍ന്നു നില്‍ക്കാന്‍ ഭൂമിയുടെ മേല്‍ ലഭിച്ച അവകാശം പ്രാപ്തമാക്കി. ഇവരെ ഭൂമിയുടെ ഉടമ ആക്കിയെന്നത് മാത്രമല്ല, ആത്മാഭിമാനം വലിയ തോതില്‍ ഉയര്‍ത്താനും ഭൂപരിഷ്‌കരണത്തിലൂടെ സാധിച്ചു. ഈ ജനവിഭാഗഹിന്റെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിനും ഇത് അടിത്തറ പാകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ലൈഫില്‍ വീട് തന്നു, ഇപ്പോള്‍ പട്ടയവും: സുബ്രഹ്‌മണ്യന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരിന്റെ കാലത്ത് ലൈഫ് മിഷനില്‍ വീട് ലഭിച്ചു, ഇപ്പോള്‍ ഈ സര്‍ക്കാര്‍ ഞങ്ങള്‍ക്ക് പട്ടയവും തന്നു- ഏറെ സന്തോഷത്തോടെ കല്ലറക്കടവ് നന്ദിനി ഭവനത്തില്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞു. 40 വര്‍ഷമായി ജീവിക്കുന്ന അഞ്ച് സെന്റ് സ്ഥലം തന്റെ പേരിലായ സമാധാനത്തിലാണ് സുബ്രഹ്‌മണ്യനും കുടുംബവും.

ഭാര്യ ശ്യാമളയും മകന്‍ സുമേഷും മരുമകള്‍ സ്വാതിയും അവരുടെ അഞ്ച് വയസുള്ള കുട്ടിയും അടങ്ങുന്നതാണ് സുബ്രഹ്‌മണ്യന്റെ കുടുംബം. പെയിന്റിംഗ് പണിക്ക് പോയിരുന്ന 72 കാരനായ സുബ്രഹ്‌മണ്യന്് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഇപ്പോള്‍ അതിന് കഴിയുന്നില്ല. മകന്‍ സുമേഷ് പണിക്ക് പോയാണ് കുടുംബം നോക്കുന്നത്. കോവിഡ് ആയതിനാല്‍ പണി കുറവാണെന്നും സര്‍ക്കാര്‍ കനിയുന്നതിനാലാണ് ജീവിച്ചു പോകുന്നതെന്നും ശ്യാമള പറഞ്ഞു. കൊച്ചുകുഞ്ഞുള്ള ഞങ്ങള്‍ക്ക് കയറിക്കിടക്കാന്‍ സ്വന്തമായി വീടും വസ്തുവും അനുവദിച്ച സര്‍ക്കാരിനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ലന്ന് ഈ കുടുംബം സന്തോഷത്തോടെ പറയുന്നു.

പാരമ്പര്യമായി കൈവശം വച്ച ഭൂമിയുടെ
അവകാശികളായതില്‍ സന്തോഷിച്ച് ഷാജിയും ഷിജിയും

പത്തനംതിട്ട വലംചുഴി കണ്ണങ്കര ഇടുവക്കമേലേതില്‍ ഷാജിയും ഷിജിയും തങ്ങളുടെ പൂര്‍വികര്‍ 75 വര്‍ഷത്തില്‍ അധികമായി കൈവശം വച്ചിരുന്ന ഭൂമിക്ക് പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. ഇവരുടെ 4.22 സെന്റ് ഭൂമിക്കാണ് പട്ടയം ലഭിച്ചത്. പത്തനംതിട്ടയില്‍ വഴിയോര കച്ചവടം നടത്തിയാണ് ഷാജി ഉപജീവനം നടത്തുന്നത്.

പട്ടയം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതില്‍
സര്‍ക്കാരിന് നന്ദി: ലളിതാ രാജന്‍

പത്തനംതിട്ട കല്ലറകടവ് ലളിതാ രാജന് പറയാനുള്ളത് സര്‍ക്കാരിന്റെ കരുതലിനുള്ള നന്ദിയാണ്. നാല്‍പ്പത് വര്‍ഷത്തില്‍ അധികമായി കൈമാറിക്കിട്ടിയ 3.21 സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചതില്‍ വലിയ സന്തോഷമുണ്ട്. ഭിന്നശേഷിക്കാരനായ ഭര്‍ത്താവ് രാജന്‍പിള്ളയും ലളിതാ രാജനും കൂലിപണി ചെയ്താണ് ഉപജീവനം നടത്തുന്നത്. ഇവരുടെ രണ്ട് മക്കളെ നേരത്തെ വിവാഹം കഴിച്ച് അയച്ചിരുന്നു.

പട്ടയത്തിന്റെ ആനന്ദലബ്ദിയില്‍ മുരുകന്‍

തമിഴ്‌നാട്ടിലെ കുളച്ചലില്‍ നിന്ന് ജോലി തേടി 32 വര്‍ഷം മുമ്പ് റാന്നിയിലെത്തിയ മുരുകന് പട്ടയം എന്ന സ്വപ്നം യാഥാര്‍ഥ്യമാകുകയാണ്. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് അത്തിക്കയം വില്ലേജില്‍ പണ്ടാരമുക്കിലെ ചെറിയ കെട്ടിടത്തില്‍ മുരുകന്‍ താമസമാക്കിയിട്ട് 23 വര്‍ഷം കഴിഞ്ഞു. നേരത്തെ റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും മുരുകന്‍ എടുത്തിരുന്നു. മേസ്തിരിപ്പണിയാണ് മുരുകന്റെ ഉപജീവന മാര്‍ഗം. താന്‍ വാങ്ങിയ ഭൂമിക്ക് പട്ടയം ലഭിച്ചതില്‍ അതിയായി സന്തോഷിക്കുന്ന മുരുകന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് നന്ദി രേഖപ്പെടുത്തി. മുരുകന്‍ ഒറ്റയ്ക്കാണ് പണ്ടാരമുക്കിലെ പട്ടയം ലഭിച്ച സ്ഥലത്ത് താമസിക്കുന്നത്. കുടുംബാംഗങ്ങള്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കുളച്ചലിലാണ് താമസം.

പട്ടയം ലഭ്യമാക്കിയ സര്‍ക്കാരിന് നന്ദിയറിച്ച്
രമണിയും പൊടിയനും

തങ്ങള്‍ അധ്വാനിച്ച് സ്വരുക്കൂട്ടിയ തുക കൊണ്ട് വാങ്ങിയ ഭൂമിയുടെ അവകാശം ലഭിച്ച സന്തോഷത്തിലാണ് കൂടല്‍ പാങ്ങോട് തെക്കേക്കര രജിതാഭവനില്‍ രമണിയും പൊടിയനും. ഭൂമിക്ക് സര്‍ട്ടിഫിക്കറ്റ് ഓഫ് ടൈറ്റില്‍ പട്ടയം ലഭിച്ചതോടെ വീടിന്റെ ശോചനീയാവസ്ഥ മാറ്റുന്നതിനു വേണ്ട ധനസഹായം ലഭ്യമാകുമെന്ന സന്തോഷം കൂടി ഈ കുടുംബത്തിനുണ്ട്. രമണിയുടെയും പൊടിയന്റെയും 15 വര്‍ഷത്തെ പട്ടയത്തിനായുള്ള കാത്തിരിപ്പിനാണു വിരാമമായത്. ഇവര്‍ക്ക് ഒരു മകളാണുള്ളത്. ഇവര്‍ ഭര്‍ത്താവിനൊപ്പം മറ്റൊരു വീട്ടില്‍ കഴിയുന്നു. ഭൂമിക്ക് പട്ടയം അനുവദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന് നന്ദി രേഖപ്പെടുത്തുന്നതായി രമണിയും പൊടിയനും പറഞ്ഞു.

സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട് ബിന്ദുവും കുടുംബവും

സ്വന്തമായി അടച്ചുറപ്പുള്ള വീട് ലഭിക്കുന്നതിനായി ബിന്ദു മുട്ടാത്ത വാതിലുകളില്ല. എല്ലായിടത്തും പ്രശ്‌നമായിരുന്നത് ഒരേ ഒരു കാര്യമായിരുന്നു. ആകെ ഉണ്ടായിരുന്ന മൂന്ന് സെന്റ് വസ്തുവിന് പട്ടയമില്ലെന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത് സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി നടത്തിയ പട്ടയമേളയില്‍ ബിന്ദുവിന്റെയും കുടുംബത്തിന്റെയും പട്ടയമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

പത്തു വര്‍ഷത്തിനു മുന്‍പാണ് നാഴിപ്പാറയ്ക്കല്‍ വീട്ടില്‍ ബിന്ദുവും ഭര്‍ത്താവ് ജോസഫ് മാത്യുവും തിരുവല്ല താലൂക്കിലെ കവിയൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ താമസം ആരംഭിച്ചത്. കൂലിപ്പണിക്കാരനായ ജോസഫ് മാത്യുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ കുടുംബത്തിന് സുരക്ഷിത ഭവനം ഒരുക്കുക എന്നത്. എന്നാല്‍, സ്ഥലത്തിന് പട്ടയമില്ലാത്തതിന്റെ പേരില്‍ ഇവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഒരു ദിവസം കൊണ്ട് ജീവിതം മാറി മറിഞ്ഞ സന്തോഷത്തിലാണ് ബിന്ദുവും കുടുംബവും. ഏഴാം ക്ലാസില്‍ പഠിക്കുന്ന ദിയാ ജോസഫ്, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ജോയല്‍ ജോസഫ് എന്നിവര്‍ മക്കളാണ്.

പട്ടയം കിട്ടി; ഹാപ്പിയായി രമണന്‍ ആചാരി

നാരങ്ങാനം പൊട്ടന്‍പാറയില്‍ രമണന്‍ ആചാരി സ്വന്തം പേരില്‍ പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. 80 വര്‍ഷത്തിലേറെയായി രമണന്‍ ആചാരിയുടെ കുടുംബം താമസിച്ചു വരുന്ന പത്ത് സെന്റ് വസ്തുവിന് പട്ടയം ലഭിക്കുന്നത് ഇപ്പോഴാണ്. മൂന്നു വര്‍ഷം മുന്‍പുണ്ടായ വീഴ്ചയില്‍, ഡ്രൈവറായിരുന്ന രമണന്റെ കൈ ഒടിഞ്ഞ് കിടപ്പിലായതോടെ വീട്ടിലെ കാര്യങ്ങള്‍ ഏറെ ബുദ്ധിമുട്ടിലായി.

ഭാര്യ മണിയമ്മ തൊഴിലുറപ്പ് ജോലിക്ക് പോയാണ് ഇപ്പോള്‍ കുടുംബം പോറ്റുന്നത്. രണ്ടര വര്‍ഷം മുന്‍പ്, ഉണ്ടായിരുന്ന വീട് ഇടിവെട്ടി നശിക്കുകയും ചെയ്തു. നാട്ടുകാരുടെ സഹായത്താല്‍ ലഭിച്ച തുക കൊണ്ട് ചെറിയ വീട് വച്ച് ഇപ്പോള്‍ അതിലാണ് രമണനും മണിയമ്മയും താമസിക്കുന്നത്. ഏറെ നാളായുള്ള ആഗ്രഹമാണ് സ്വന്തം പേരിലുള്ള വസ്തു വെന്നും പട്ടയം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും അറുപത്തിനാലുകാരനായ രമണന്‍ ആചാരി പറഞ്ഞു.

 

നൂറുദിന കര്‍മ്മ പരിപാടി: ജില്ലാതല പട്ടയ വിതരണം
മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു

6324 പേര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടി
പുരോഗമിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

കോന്നി, റാന്നി, മല്ലപ്പള്ളി താലൂക്കുകളിലായി 6324 പേര്‍ക്ക് പട്ടയം നല്‍കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി നടത്തിയ ജില്ലാതല പട്ടയ വിതരണം പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇക്കാര്യത്തില്‍ എംഎല്‍എമാരുടെയും ജില്ലാ കളക്ടറുടെയും ഭാഗത്ത് നിന്നും വളരെ കൃത്യമായ പരിശ്രമം നടന്നുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി 13500 ല്‍ അധികം പട്ടയമാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം 100 ദിവസങ്ങളിലായി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കി വരുകയാണ്. അടുത്ത 100 ദിവസങ്ങളില്‍ എന്തൊക്കെ പ്രവര്‍ത്തികള്‍ ചെയ്യണം എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആലോചിച്ചു കഴിഞ്ഞു. എല്ലാ വകുപ്പുകളും വളരെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാണ് മുന്നോട്ട് പോകുന്നത്. 12000 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കണമെന്ന് ലക്ഷ്യം വച്ച സ്ഥാനത്താണ് ഇപ്പോള്‍ 13500ല്‍ അധികം പട്ടയം നല്‍കിയതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ആദ്യ സര്‍ക്കാരിന്റെ കാലത്തെ വിവിധ മിഷനുകളായ ആര്‍ദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് തുടങ്ങിയവയില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തി സൂക്ഷ്മമായി നടത്താനാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അടൂരില്‍ നിയോ നേറ്റല്‍ കെയര്‍ ആരംഭിച്ചു. അടുത്ത അഞ്ച് വര്‍ഷം ഈ മിഷനുകളുടെ ഭാഗമായി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നത് സംബന്ധിച്ച് കൃത്യമായ ആലോചന സംസ്ഥാന തലത്തില്‍ നടന്നിട്ടുണ്ട്. ജില്ലാ തലത്തില്‍ കൂടി ഇതിന്റെ ആസൂത്രണം നിര്‍വഹിക്കും.

തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടുകൂടി കൂടുതല്‍ ആളുകളിലേക്ക്, ജനകീയ പങ്കാളിത്തം ഉറപ്പാക്കി മുന്നോട്ട് പോകുന്നതിനുള്ള പരിശ്രമമാണ് നടത്തുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട്, അതോടൊപ്പം തന്നെ വാതില്‍പ്പടി സേവനങ്ങള്‍ എന്നിവ യാഥാര്‍ഥ്യമായിരിക്കുകയാണ്. ജനങ്ങള്‍ക്കുള്ള സേവനം അവരുടെ കൈകളില്‍ എത്തി നില്‍ക്കുന്നു. സര്‍ക്കാര്‍ ഓഫീസുകളിലേക്ക് വന്ന് ബുദ്ധിമുട്ടേണ്ട സാഹചര്യം ഒഴിവാക്കുന്നതിനുള്ള പുനഃക്രമീകരണമാണ് സര്‍ക്കാര്‍ നടത്തുന്നത്.
ജില്ലയില്‍ ആകെ 55 പട്ടയമാണ് വിതരണം ചെയ്തത്. കോഴഞ്ചേരി താലൂക്ക് തല പട്ടയ വിതരണമാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നത്. അഞ്ച് മുനിസിപ്പല്‍ പട്ടയവും ആറ് എല്‍.ടി പട്ടയം ഉള്‍പ്പെടെ 11 പട്ടയമാണ് കോഴഞ്ചേരി താലൂക്കിന്റെ പരിധിയില്‍ വിതരണം ചെയ്തത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, എഡിഎം അലക്‌സ് പി. തോമസ്, അസിസ്റ്റന്‍ഡ് കളക്ടര്‍ സന്ദീപ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍. ഷൈന്‍, കോഴഞ്ചേരി തഹസീല്‍ദാര്‍ കെ. ഓമനക്കുട്ടന്‍, എല്‍.ആര്‍ തഹസീല്‍ദാര്‍ ബി.എസ് വിജയകുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബി. ബാബുലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

കെട്ടിക്കിടക്കുന്ന പട്ടയ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍
സ്‌പെഷ്യല്‍ ഡ്രൈവ് നടത്തും: റവന്യൂ മന്ത്രി

കേരളം നടപ്പിലാക്കിയ ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയെന്നതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് പട്ടയമേളയിലൂടെ യാഥാര്‍ഥ്യമാകുന്നത്. ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ലാന്റ് ട്രൈബ്യൂണലുകളിലും താലൂക്ക് ലാന്‍ഡ് ബോര്‍ഡുകളിലും കെട്ടിടക്കിടക്കുന്ന ഒരു ലക്ഷത്തിലേറെ അപേക്ഷകളില്‍ സത്വര പരിഹാരം കണ്ടെത്തുന്നതിനായി സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കും. ഇതിനായി ഉദ്യോഗസ്ഥ തലത്തില്‍ പ്രത്യേക സംവിധാനം ഒരുക്കും. രണ്ടു വര്‍ഷത്തിനകം എല്ലാ കേസുകളും പരിഹരിക്കുന്ന രീതിയിലായിരിക്കും സ്‌പെഷ്യല്‍ ഡ്രൈവ് സംഘടിപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു.

ഭൂമിക്ക് പട്ടയം ലഭ്യമാക്കുന്നതോടൊപ്പം ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ശക്തമാക്കും. ഇതിന്റെ ഭാഗമായി അന്യാധീനപ്പെട്ടതും ആളുകള്‍ നിയമവിരുദ്ധമായി കൈവശം വച്ചിരിക്കുന്നതുമായ മുഴുവന്‍ ഭൂമിയും സര്‍ക്കാര്‍ തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യും.

കേരളത്തില്‍ നടപ്പിലാക്കുന്ന യുനീക്ക് തണ്ടപ്പേര്‍ പദ്ധതി ഇതിന്റെ ഭാഗമാണ്. അനുവദിക്കപ്പെട്ടതില്‍ അധികം ഭൂമി ഒരാളുടെ കൈവശമുണ്ടോ എന്ന് കണ്ടെത്താനും അവ തിരിച്ചുപിടിക്കാനും ഇതിലൂടെ സാധിക്കുമെന്നും മന്ത്രി അറിയിച്ചു. വനഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ റവന്യൂ വകുപ്പും വനം വകുപ്പും സംയുക്ത പരിശോധന നടത്താന്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ ഉടന്‍ തന്നെ അതിനുള്ള നടപടികള്‍ ആരംഭിക്കും. ഇതുവഴി മലയോര കര്‍ഷകരില്‍ അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കാനാവുമെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു എന്നിവര്‍ വിശിഷ്ടാതിഥികളായി. ചടങ്ങില്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ എ. ജയതിലക് സ്വാഗതവും തൃശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ നന്ദിയും പറഞ്ഞു.
പി. ബാലചന്ദ്രന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, ലാന്റ് റവന്യൂ കമ്മീഷണര്‍ കെ. ബിജു, അസി. കളക്ടര്‍ സൂഫിയാന്‍ അഹമ്മദ്, എഡിഎം റെജി പി. ജോസഫ്, ആര്‍ഡിഒ പി.എ. വിഭൂഷണന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!