തണ്ണിത്തോട് ഗവ. വെല്‍ഫയര്‍ യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

 

കോന്നി വാര്‍ത്ത ഡോട്ട് കോം : സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്ലാന്‍ ഫണ്ട് പ്രയോജനപ്പെടുത്തി നിര്‍മിച്ച തണ്ണിത്തോട് ഗവ. വെല്‍ഫയര്‍ യു.പി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു കോടി രൂപ ചെലവഴിച്ചാണ് തണ്ണിത്തോട് ഗവ.വെല്‍ഫെയര്‍ യുപി സ്‌കൂള്‍ കെട്ടിടം നിര്‍മിച്ചത്. മലയോര മേഖലയിലെ കുട്ടികളുടെ ആശ്രയമായ സ്‌കൂളില്‍ വര്‍ഷങ്ങളായി സ്ഥലപരിമിതി മൂലമുണ്ടായിരുന്ന വീര്‍പ്പുമുട്ടലിനാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തതോടെ ശാശ്വത പരിഹാരമായത്.

രണ്ടു നിലകളിലായി നിര്‍മിച്ചിരിക്കുന്ന പുതിയ കെട്ടിടത്തില്‍ വിശാലമായ ആറ് ക്ലാസ് മുറികളാണുള്ളത്. ഒന്നാം നിലയിലെ ക്ലാസ് മുറികള്‍ പ്രത്യേക ഷട്ടര്‍ സംവിധാനം ഉപയോഗിച്ച് വേര്‍തിരിച്ചിരിക്കുന്നതിനാല്‍ ഒന്നാം നില പൂര്‍ണമായും വലിയ ഹാളായി ക്രമീകരിക്കാനാകും. കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയും ഇലക്ട്രിക്കല്‍ വര്‍ക്കുകളും ഉള്‍പ്പെടുന്ന പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ണമായിട്ടുണ്ട്.

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. കുട്ടപ്പന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. അമ്പിളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. രശ്മി, പഞ്ചായത്ത് അംഗങ്ങളായ പൊന്നച്ചന്‍ കടമ്പാട്ട്, ഷാജി. കെ.സാമുവേല്‍, കെ.ആര്‍. ഉഷ, എം.എസ്. സുലേഖ, കെ.ജെ. ജയിംസ്, സി.ഡി. ശോഭ, വി.വി. സത്യന്‍, എ.ആര്‍. സ്വഭു, പി.എന്‍. പത്മകുമാരി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!