കോന്നി ഗവ. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 11ന് ഉദ്ഘാടനം ചെയ്യും

 

ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും അന്നേ ദിവസം പ്രവര്‍ത്തനം ആരംഭിക്കും

കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ഗവ. മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും . ഐസിയു, ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയും അന്നേ ദിവസം പ്രവര്‍ത്തനം ആരംഭിക്കും.

ആരോഗ്യ വകുപ്പ് മന്ത്രി തിരുവനന്തപുരത്തും, കോന്നിയിലും വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അത്യാഹിത വിഭാഗം എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കണമെന്ന് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് അതിവേഗത്തിലാണ് അത്യാഹിത വിഭാഗം സജ്ജമായത്. മെഡിക്കല്‍ കോളജിന്റെ ഒപി, ഐപി വിഭാഗങ്ങള്‍ നേരത്തേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാതിരുന്നതിനാല്‍ അടിയന്തിര സാഹചര്യത്തില്‍ രോഗികള്‍ക്ക് മെഡിക്കല്‍ കോളജിനെ സമീപിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒപിയില്‍ എത്തുന്ന രോഗികള്‍ക്ക് കിടത്തി ചികിത്സ ആവശ്യമുണ്ടെങ്കില്‍ മാത്രമായിരുന്നു നിലവില്‍ രോഗികളെ അഡ്മിറ്റ് ചെയ്തിരുന്നത്. കോവിഡ് ചികിത്സയും മെഡിക്കല്‍ കോളജില്‍ ആരംഭിച്ചിരുന്നു. ഇപ്പോള്‍ കോവിഡ് ടെസ്റ്റിംഗും, വാക്‌സിനേഷനും നടക്കുന്നുണ്ട്.

ആശുപത്രി വികസന സൊസൈറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു. ജില്ലാ കളക്ടര്‍ ചെയര്‍മാനായും, ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയുമായാണ് സൊസൈറ്റി രൂപീകരിച്ചിരിക്കുന്നത്. സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് എച്ച്ഡിഎസിന്റെ ബാങ്ക് അക്കൗണ്ട് ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതോടെ സേവനങ്ങള്‍ക്ക് നിയമാനുസൃതം ലഭ്യമാകേണ്ട ഫീസുകള്‍ ഈടാക്കാന്‍ സാധിക്കും. എക്‌സിക്യൂട്ടീവ് യോഗത്തെ തുടര്‍ന്ന് എംഎല്‍എയും ജില്ലാ കളക്ടറും ഓക്‌സിജന്‍ പ്ലാന്റിന്റെ നിര്‍മാണപുരോഗതിയും വിലയിരുത്തി.

അത്യാഹിത വിഭാഗത്തില്‍ ട്രയാജ്, റെഡ്, യെല്ലോ, ഗ്രീന്‍ എന്നീ നാലു വിഭാഗങ്ങള്‍ ഉണ്ടാകും. ട്രയാജിലേക്കാകും രോഗിയെ ആദ്യം എത്തിക്കുക. ട്രയാജിന്റെ ചുമതല വഹിക്കുന്ന ഡോക്ടര്‍മാര്‍ രോഗിയുടെ അവസ്ഥ വിലയിരുത്തി എവിടേയ്ക്ക് മാറ്റണമെന്നു തീരുമാനിക്കും. ഗുരുതരാവസ്ഥയിലുള്ളവരെ റെഡിലേക്കും, ക്ഷതമേറ്റിട്ടുള്ളവര്‍ ഉള്‍പ്പടെയുള്ള രോഗികളെ യെല്ലോയിലേക്കും, തീവ്രത കുറഞ്ഞ രോഗമുള്ളവരെ ഗ്രീനിലേക്കുമാണ് മാറ്റുക. എല്ലാ വിഭാഗവും പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരില്‍ ഭൂരിപക്ഷവും നിയമിതരായിട്ടുണ്ട്.
ഓപ്പറേഷന്‍ തീയറ്ററിലേക്ക് ആവശ്യമായ അനസ്‌തേഷ്യാ വര്‍ക്ക് സ്റ്റേഷന്‍, ഓപ്പറേഷന്‍ ടേബിള്‍, ഷാഡോ ലെസ് ലൈറ്റ്, ഡയാടെര്‍മി, ഡീസിബ്രിലേറ്റര്‍ തുടങ്ങി എല്ലാ ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഐസിയുവില്‍ നാല് വെന്റിലേറ്റര്‍, 12 ഐസിയു ബെഡ്, 50 ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, മൂന്ന് കാര്‍ഡിയാക്ക് മോണിറ്റര്‍, ബെഡ് സൈഡ് ലോക്കര്‍, ബെഡ് ഓവര്‍ ടേബിള്‍ തുടങ്ങിയവയും എത്തിയിട്ടുണ്ട്. ഫര്‍ണിച്ചറുകള്‍ ഉദ്ഘാടനത്തിനു മുന്‍പായി എത്തിക്കും.

ഐപിക്കായി ഓക്‌സിജന്‍ സൗകര്യമുള്ള 120 കിടക്കകള്‍ സജ്ജമാക്കിയിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നും ലഭ്യമാക്കിയിട്ടുള്ള അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മെഷീന്‍ സ്ഥാപിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആശുപത്രി പ്രവര്‍ത്തനം പൂര്‍ണ തോതിലേക്ക് മാറ്റാന്‍ കഴിയുമെന്ന് കോന്നി എംഎല്‍എ അഡ്വ ജനീഷ് കുമാര്‍ പറഞ്ഞു. 2022-23 വിദ്യാഭ്യാസ വര്‍ഷത്തില്‍ അഡ്മിഷന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എംഎല്‍എ പറഞ്ഞു.

error: Content is protected !!