റാന്നിയിലെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കണം:അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ

 

റാന്നി നിയോജക മണ്ഡലത്തിലെ പട്ടയപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്‍കണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍ദേശിച്ചു. പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ. എസ്. അയ്യരുടെ സാന്നിധ്യത്തില്‍ റാന്നി താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു എംഎല്‍എ.

പ്രശ്‌ന പരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ ജില്ലാ കളക്ടര്‍ വില്ലേജ് ഓഫീസര്‍മാരോട് അന്വേഷിക്കുകയും നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് നിര്‍ദേശിക്കുകയും ചെയ്തു.

റാന്നി താലൂക്കില്‍ വടശേരിക്കര വില്ലേജില്‍ മുക്കുഴി, ചേത്തയ്ക്കല്‍ വില്ലജില്‍ വലിയപതാല്‍, കൊല്ലമുള വില്ലേജില്‍ വെച്ചൂച്ചിറ എക്‌സ് സര്‍വീസസ്‌മെന്‍ കോളനി, പമ്പാവാലി, മല്ലപ്പള്ളി താലൂക്കില്‍ കോട്ടാങ്ങല്‍ വില്ലേജില്‍ പുളിഞ്ചുവള്ളില്‍ ലക്ഷം വീട് കോളനി എന്നിവിടങ്ങളിലെ പട്ടയ പ്രശ്‌നങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. ഈ സ്ഥലങ്ങളിലെ പട്ടയം നല്‍കുന്നതിനായി വേഗത്തില്‍ സര്‍ക്കാര്‍ അനുമതി ലഭ്യമാക്കുന്നതിന് നടപടിയെടുക്കുന്നതിനും തീരുമാനിച്ചു.

ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍. ഷൈന്‍, റാന്നി തഹസില്‍ദാര്‍ കെ. നവീന്‍ബാബു, റാന്നി ഭൂരേഖ തഹസില്‍ദാര്‍ അജി കുമാര്‍, മല്ലപ്പള്ളി തഹസില്‍ദാര്‍ എം.ടി. ജയിംസ്, ജില്ലാ സര്‍വേ സൂപ്രണ്ട്, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!