പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ജാഗ്രത വേണം

Spread the love

പത്തനംതിട്ട ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ജാഗ്രത വേണം

ഓണനാളുകളിലെ തിരക്ക് ജില്ലയിലെ കോവിഡ് വ്യാപനത്തില്‍ പ്രതിഫലിച്ചു തുടങ്ങിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എ.എല്‍. ഷീജ പറഞ്ഞു. ഒരാഴ്ച മുമ്പുവരെ 500 നും 600 നും ഇടയില്‍ പ്രതിദിനം രോഗികള്‍ മാത്രം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 1000 നു മുകളില്‍ എത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തുകയും, പ്രതിരോധ നടപടികളോട് സഹകരിക്കുകയും വേണം.

രോഗപരിശോധന

ജില്ലയില്‍ രോഗം കണ്ടുപിടിക്കുന്നതിനുളള സ്രവ പരിശോധനയ്ക്ക് വ്യാപകമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ പരിശോധനയ്ക്ക് മുന്നോട്ട് വന്നെങ്കില്‍ മാത്രമേ ദൈനംദിന പരിശോധന വര്‍ധിപ്പിക്കുവാന്‍ കഴിയുകയുളളൂ. രോഗ ലക്ഷണങ്ങള്‍ ഉള്ളവരും, രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നവരും നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.

അപകടകരമായ രോഗലക്ഷണങ്ങള്‍

രോഗബാധിതരില്‍ നല്ലൊരു ശതമാനം വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുന്നവരാണ്. ഇവര്‍ ഇനി പറയുന്ന രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും, ആശുപത്രിയിലേക്ക് മാറുകയും ചെയ്യേണ്ടതാണ്.
ശ്വാസ തടസം, തുടര്‍ച്ചയായ നെഞ്ചുവേദന, നീണ്ടു നില്‍ക്കുന്ന പനി, ചുമ, മയക്കം, കഫത്തില്‍ രക്തം കാണുക, സാധാരണയില്‍ കവിഞ്ഞ ക്ഷീണം, നെഞ്ചിടിപ്പ് കൂടുക, സ്ഥലകാല ബോധം നഷ്ടപ്പെടുക, ഓക്‌സിജന്‍ സാച്ചുറേഷന്‍ 94 ല്‍ കുറയുക തുടങ്ങിയ അപകടകരമായ ലക്ഷണങ്ങള്‍ അവഗണിക്കരുത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ റൂം ക്വാറന്റൈനില്‍ ഇരിക്കുകയും നന്നായി വിശ്രമിക്കുകയും വേണം.

ചികിത്സ ലഭ്യമാകുന്ന ആശുപത്രികള്‍

ജില്ലാ ആശുപത്രി കോഴഞ്ചേരി, ജനറല്‍ ആശുപത്രി പത്തനംതിട്ട, ജനറല്‍ ആശുപത്രി അടൂര്‍, മെഡിക്കല്‍ കോളജ് കോന്നി.

അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ മറക്കരുത്

ജില്ലയില്‍ സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം. മൂക്കും വായും മൂടത്തക്ക വിധത്തില്‍ ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക, സാമൂഹിക അകലം പാലിക്കുക, അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തു പോയി മടങ്ങിയെത്തിയാല്‍ വസ്ത്രങ്ങള്‍ കഴുകി കുളിച്ചതിനു ശേഷം മാത്രം മറ്റുളളവരോട് ഇടപഴകുക, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങള്‍ ഉളളവര്‍ എന്നിവരോട് അടുത്തിടപഴകാതിരിക്കുക, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാതിരിക്കുക, ജോലിക്ക് പോകുക പോലെയുളള അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ മറ്റ് ഒത്തു ചേരലുകളും ഇടപെടലുകളും ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തുന്നവരും, വാക്‌സിന്‍ എടുത്തവരും അടിസ്ഥാന പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. ചെറിയ ജലദോഷം, പനി, തുമ്മല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉളളവര്‍ പുറത്തിറങ്ങി നടക്കാതെ വീടുകളില്‍ തന്നെ വിശ്രമിക്കുക. വീടിനുളളിലും മാസ്‌ക് ഉപയോഗിക്കണം. കോവിഡ് രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നവരും, രോഗം സംശയിക്കുന്നവരും ഉടന്‍ വാക്‌സിന്‍ എടുക്കരുത്. ഇങ്ങനെയുളളവര്‍ രോഗമില്ല എന്നുറപ്പു വരുത്തി 10 ദിവസത്തിനു ശേഷം മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്‌സിന്‍ സ്വീകരിക്കാവൂ എന്നും ഡിഎംഒ അറിയിച്ചു.

error: Content is protected !!