പത്തനംതിട്ട ജില്ലയിലെ ഊരുകളില്‍ ഇന്റര്‍നെറ്റ് എത്തുന്നു

പത്തനംതിട്ട ജില്ലയിലെ ഊരുകളില്‍ ഇന്റര്‍നെറ്റ് എത്തുന്നു

konnivartha.com : ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പുവരുത്തുന്നതിന് പത്തനംതിട്ട ജില്ലാ ഭരണകേന്ദ്രം നടപ്പാക്കുന്ന ട്രൈബല്‍ കണക്ട് പദ്ധതിക്ക് തുടക്കമായി. ആദിവാസി മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, പട്ടികവര്‍ഗ വികസന വകുപ്പ്, ബിഎസ്എന്‍എല്‍, തദ്ദേശ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, പൊതുജനങ്ങള്‍, എസ്ബിഐ തുടങ്ങിയവയുടെ സഹകരണത്തോടെ ജില്ലയില്‍ പ്രത്യേക പദ്ധതി നടപ്പാക്കുന്നത്.

പത്തനംതിട്ടയെ സമ്പൂര്‍ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യമുള്ള ജില്ല എന്ന പദവിയിലേക്ക് നയിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ കണക്ടിവിറ്റി തടസം നേരിടുന്ന ആദിവാസി മേഖലകളില്‍ ബിഎസ്എന്‍എല്ലിന്റെ സഹകരണത്തോടെ ജില്ലാ ഭരണകേന്ദ്രം പഠന സൗകര്യം ഒരുക്കി വരുകയാണ്.

പദ്ധതിയുടെ ആദ്യഘട്ടമായി റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിലെ അരയാഞ്ഞിലിമണ്‍ പട്ടിക വര്‍ഗ മേഖലയിലെ അംഗന്‍വാടി കെട്ടിടത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ അറിവിന്റെ വിളക്കുകള്‍ ആകണമെന്ന് അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ പറഞ്ഞു. ഇന്റര്‍നെറ്റ് കണക്ട്‌വിറ്റി ലഭ്യമാക്കിയതിന്റെ സ്വിച്ച് ഓണ്‍ കര്‍മം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ മൊബൈല്‍ ഫോണുകളുടെ വിതരണം എംഎല്‍എയും, ജില്ലാ കളക്ടറും ചേര്‍ന്ന് നിര്‍വഹിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു.
പത്തനംതിട്ട ജില്ലയെ

സമ്പൂര്‍ണ ഓണ്‍ലൈന്‍ പഠന സൗകര്യമുള്ള ജില്ലയാക്കുന്നതിന്റെ ഭാഗമായി ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന കണക്ടിവിറ്റി പ്രശ്‌നം നേരിടുന്ന പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ഇത് ഉള്‍പ്പെടെ നിലവില്‍ കണക്ടിവിറ്റി ലഭ്യമാകാതിരുന്ന ജില്ലയിലെ നാല് ആദിവാസി മേഖലകളില്‍ സൗകര്യം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

ജില്ലയില്‍ കണക്ടിവിറ്റി ഇല്ലാത്തതും തീരെ കുറഞ്ഞതുമായ 21 ഊരുകള്‍ കണ്ടെത്തി പട്ടിക വര്‍ഗ വികസന വകുപ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആദ്യഘട്ടമായി ഉപ്പുമാക്കല്‍, കൈതക്കര, കോയിപ്രം, അരായാഞ്ഞിലിമണ്ണ് എന്നിവിടങ്ങളില്‍ എഫ്ടിടിഎച്ച് (ഫൈബര്‍ ടു ദ ഹോം)കണക്ഷന്‍ ബിഎസ്എന്‍എല്‍ മുഖേന ലഭ്യമാക്കി. ഒറ്റപ്പെട്ട ഊരുകളില്‍ വിദ്യാര്‍ഥികളുടെ പഠനം ഉറപ്പാക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ബിഎഡ്, ടിടിസി യോഗ്യത ഉള്ള 21 മെന്റര്‍ ടീച്ചര്‍മാരെ പട്ടികവര്‍ഗ വികസന വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സിറിയക്ക് തോമസ്, വാര്‍ഡ് അംഗം സി.എസ്. സുകുമാരന്‍ അരയാഞ്ഞിലിമണ്‍ ഊരുമൂപ്പന്‍ ടി.കെ. ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!