തണ്ണിത്തോട് പ്ലാന്‍റേഷന്‍ -തേക്കുതോട് റോഡ് നിർമ്മാണത്തിന് കരാറായി

തണ്ണിത്തോട് പ്ളാൻ്റേഷൻ-തേക്കുതോട് റോഡ് നിർമ്മാണത്തിന് കരാറായി

konnivartha.com :തണ്ണിത്തോട് പ്ലാൻ്റേഷൻ – തേക്കുതോട് റോഡിൻ്റെ നിർമ്മാണത്തിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.പ്ലാൻ്റേഷൻ ഭാഗം 4 കിലോമീറ്റർ ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ളത് റീമ്പിൽഡ് കേരളാ പദ്ധതിയിലുൾപ്പെടുത്തി 5.05 കോടി മുടക്കിയാണ് പുനർനിർമ്മിക്കുന്നത്.
ബി.എംആൻ്റ് ബി.സി നിലവാരത്തിലാണ് റോഡ് നിർമ്മാണം നടത്തുന്നത്. 5.5 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡിൽ പുതിയതായി ഒരു കലുങ്കും, ഐറിഷ് ഓടയും ഉണ്ടാകും. റോഡിൻ്റെ സൈഡ് കെട്ടി സംരക്ഷിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അഞ്ചു വർഷം ഗ്യാരണ്ടിയോടുകൂടിയാണ് നിർമ്മാണം നടത്തുന്നത്. കോഴിക്കോട് ഏബിൾ കൺസ്ട്രക്ഷൻസിനാണ് കരാർ ലഭിച്ചിട്ടുള്ളത്.
ഉപതെരഞ്ഞെടുപ്പിനു ശേഷം പ്രഥമ പരിഗണന നൽകി പ്ലാൻ്റേഷൻ റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടികൾ ആരംഭിച്ചിരന്നു. എം.എൽ.എ ഫണ്ടിൽ നിന്നും തുകയും അനുവദിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് ടാറിംഗ് നടത്തിയാൽ വേഗം തന്നെ വീണ്ടും റോഡ് തകരുമെന്നും, ഉന്നത നിലവാരത്തിലുള്ള നിർമ്മാണമാണ് ഈ റോഡിന് ആവശ്യമെന്നും ഉദ്യോഗസ്ഥർ ധരിപ്പിച്ചതിനാലാണ് സർക്കാരുമായി അടിയന്തിര ചർച്ച നടത്തി റീ ബിൽഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയത്.

2020 ഏപ്രിൽ മാസം റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി റോഡ് നിർമ്മാണത്തിന് ടെൻഡർ വിളിച്ചു എങ്കിലും കരാറുകാർ ടെൻഡർ എടുക്കാൻ തയ്യാറായില്ല. ടെൻഡർ വ്യവസ്ഥയിലുള്ള 15 വർഷ ഗ്യാരണ്ടി എന്ന വ്യവസ്ഥ അംഗീകരിക്കാൻ തയ്യാറാകാതെയാണ് കരാറുകാർ ടെൻഡറിൽ പങ്കെടുക്കാതിരുന്നത്.

വിഷയം ഗവൺമെൻ്റിൻ്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്ന് 5 വർഷ ഗ്യാരണ്ടി വ്യവസ്ഥയിൽ ഡി.പി.ആർ തയ്യാറാക്കാൻ ഉത്തരവായി.ഇതിനായി ആന്ധ്രപ്രദേശിലെ വാസുപ്രദ എന്ന കമ്പനിയ്ക്ക് കരാറും നല്കി. അവർ തയ്യാറാക്കിയ ഡി.പി.ആറിൻ്റെ അടിസ്ഥാനത്തിൽ 2021 ഫെബ്രുവരിയിൽ ടെൻഡർ വിളിച്ചു. ടെൻഡറിൽ പങ്കെടുത്ത ഏറ്റവും കുറഞ്ഞ തുക ക്വോട്ടു ചെയ്ത കമ്പനി പോലും 10 ശതമാനത്തിലധികം ഉയർന്ന തുകയായിരുന്നു രേഖപ്പെടുത്തിയിരുന്നത്.10 ശതമാനത്തിലധികം ഉയർന്ന തുകയ്ക്ക് കരാർ നല്കാൻ വ്യവസ്ഥയില്ലാത്തതിനാലാണ് ആ ടെൻഡറും മുടങ്ങിയത്.തുടർന്ന് പൊതുതെരഞ്ഞെടുപ്പിൻ്റെ പെരുമാറ്റ ചട്ടം മൂലം വീണ്ടും കരാർ വിളിക്കാൻ കാലതാമസവും വന്നു.
പൊതു തെരഞ്ഞെടുപ്പ് പൂർത്തിയായ ശേഷം വേഗത്തിൽ നടപടികൾ നടത്തിയതിനാലാണ് ഇപ്പോൾ ടെൻഡർ പൂർത്തിയാക്കാൻ കഴിഞ്ഞത്.

റീബിൾഡ് കേരളയുടെ തിരുവനന്തപുരം പ്രൊജക്ട് മാനേജ്മെൻ്റ് യൂണിറ്റ് കരാറുകാരുമായി ഉടൻ എഗ്രിമെൻ്റ് വച്ച് ജോലി ആരംഭിക്കുന്നതിനുള്ള അനുമതി നല്കും.കോട്ടയം പ്രൊജക്ട് ഇംപ്ലിമെൻ്റേഷൻ യൂണിറ്റായിരിക്കും ജോലിക്ക് മേൽനോട്ടം വഹിക്കുക.8 മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും.
പ്ലാൻ്റേഷൻ റോഡ് അവസാനിക്കുന്നിടത്തു നിന്ന് കരിമാൻതോടുവരെ 2.2 കിലോമീറ്റർ ദൂരം പൊതുമരാമത്ത് വകുപ്പും നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കി പണം അനുവദിച്ച് സാങ്കേതിക അനുമതിയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. 2.5 കോടി രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.ഈ ഭാഗവും ബി.എംആൻ്റ് ബി.സി നിലവാരത്തിലാണ് നിർമ്മിക്കുന്നത്.തേക്കുതോട് – ഏഴാംതല റോഡ് മുഖ്യമന്ത്രിയുടെ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപയ്ക്കുള്ള നിർമ്മാണം നടന്നു വരികയാണ്. ടാറിംഗ് കൂടി നടത്തി ഉടൻ തന്നെ നിർമ്മാണം പൂർത്തിയാക്കും.

സഞ്ചാരയോഗ്യമല്ലാത്ത നിലയിൽ റോഡിൻ്റെ തകർച്ച ഉണ്ടായതിനെ തുടർന്ന് ജനങ്ങൾക്കുള്ള പ്രതിഷേധം ജനപ്രതിനിധി എന്ന നിലയിൽ മനസ്സിലാക്കിയിട്ടുണ്ട്. ജനങ്ങളുടെ പ്രതിഷേധം സ്വാഭാവികവുമാണ്. റോഡ് താല്കാലികമായി മെയിൻ്റനൻസ് ചെയ്യിക്കാത്തത് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ വേണ്ടിയാണ്.താല്കാലിക മെയിൻ്റനൻസിനു പോലും ഉള്ള ഗ്യാരണ്ടി കാലയളവ് ഉന്നത നിലവാരത്തിനുള്ള നിർമ്മാണത്തിന് കാലതാമസത്തിനിടയാക്കും.

വസ്തുത ഇതായിരിക്കെ ചിലയാളുകൾ രാഷ്ട്രീയ താല്പര്യത്തോടെ ജനങ്ങളുടെ ഇടയിൽ അസത്യം പ്രചരിപ്പിക്കുന്നതായി എം.എൽ.എ പറഞ്ഞു. അവർ കഴിഞ്ഞ 23 വർഷം എന്തുകൊണ്ടാണ് റോഡ് നിർമ്മിക്കാൻ ശ്രമിക്കാതിരുന്നത്? റോഡിനു വേണ്ടി ആത്മാർത്ഥമായ പരിശ്രമമുണ്ടായത് ഉപതെരഞ്ഞെടുപ്പിനു ശേഷമാണ്. ഉന്നത നിലവാരത്തിൽ റോഡ് നിർമ്മിക്കുക എന്നത് മാത്രമാണ് പ്രശ്ന പരിഹാരം എന്നിരിക്കെ അതിനു വേണ്ടി ഒന്നാം പരിഗണന നല്കി പ്രവർത്തിച്ച ജനപ്രതിനിധിയെ മോശമാക്കാനുള്ള പരിശ്രമം രാഷ്ട്രീയ താല്പര്യത്തോടെയുള്ളതാണെന്ന് തിരിച്ചറിഞ്ഞ് ജനങ്ങൾ തള്ളിക്കളയുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!