കൊലക്കേസ് പ്രതി അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിരിച്ചു വിടണം

കൊലക്കേസ് പ്രതി അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ്

കടയില്‍ നിന്ന് 32 രൂപയ്ക്ക് പൂണൂല്‍ വാങ്ങി ധരിച്ച കൊലക്കേസ് പ്രതി അച്ഛന്‍കോവില്‍ ക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ്. ഇയാളെ നിയമിച്ച ദേവസ്വം ബോര്‍ഡ് ആദ്യം തന്നെ പിരിച്ചു വിടണം . അതാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നെ .

സാമ്പത്തിക സ്ഥാപന ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന കേസില്‍ വിചാരണ നേരിടുന്ന പ്രതിയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രത്തില്‍ താല്‍ക്കാലിക ശാന്തിക്കാരനായത്.

പത്തനംതിട്ടയില്‍ ഫിനാന്‍സ് കമ്പനി നടത്തിയിരുന്ന വാസുക്കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയായ ഇലന്തൂര്‍ പരിയാരം മേട്ടയില്‍ എംപി ബിജുമോനാണ് അച്ചന്‍ കോവില്‍ അയ്യപ്പക്ഷേത്രത്തില്‍ പൂജാരിയായി തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ പരിയാരം പൂക്കോട് പീടികയില്‍ പിഎസ് അജികുമാര്‍ പോലീസില്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ഇയാളെ ജോലിയില്‍നിന്നു പുറത്താക്കുകയും ചെയ്തു.വാസുക്കുട്ടി 2009-ലാണു കൊല്ലപ്പെട്ടത്. സ്ഥാപനം പൂട്ടി, പണവും സ്വര്‍ണവുമായി വീട്ടിലേക്കു മടങ്ങിയ വാസുക്കുട്ടിയെ കാര്‍ തടഞ്ഞ് തട്ടിക്കൊണ്ടുപോയ പ്രതികള്‍ കഴുത്തില്‍ തുണിമുറുക്കി കൊലപ്പെടുത്തിയശേഷം മാവേലിക്കര പുന്നമൂടിനു സമീപം വാഹനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. കേസില്‍ ബിജുവിനെ കൂടാതെ നാല് പ്രതികളാണുണ്ടായിരുന്നത്.ജാമ്യത്തിലിറങ്ങിയ ബിജുമോന്‍ ആദ്യം പൂക്കോട് ജങ്ഷനില്‍ ഇറച്ചിക്കോഴി വ്യാപാരം തുടങ്ങി. എന്നാല്‍ പ്രദേശവാസികള്‍ മുഖംതിരിച്ചു. പിന്നീട് കുമ്പനാടിനു സമീപം മുട്ടുമണ്‍ ജങ്ഷനിലെ ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കുചേര്‍ന്നു. ഇവിടെ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയതിന് ഇയാളുടെ പേരില്‍ കേസുണ്ട്. പിന്നീടാണ് അച്ചന്‍കോവില്‍ അമ്പലത്തിലെത്തി ശാന്തിക്കാരനായത്. ഇയാള്‍ക്കു ദേവസ്വം ബോര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡും നല്‍കിയിരുന്നു.

ചെങ്ങന്നൂരിലുള്ള കടയില്‍ നിന്ന് 32 രൂപയ്ക്കു പൂണൂല്‍ വാങ്ങിക്കൊണ്ടുപോയാണ് ഇയാള്‍ ശാന്തിക്കാരനായി ജോലിക്കു കയറിയതെന്നു പരാതിക്കാരനായ അജികുമാര്‍ പറയുന്നു. കുറേക്കാലം ഒരു പൂജാരിയുടെ ഡ്രൈവറായിരുന്നതു മാത്രമാണു പത്താംക്ലാസുകാരനായ ഇയാളുടെ യോഗ്യത. ലോക്ക്ഡൗണ്‍ കാലത്ത് ഇയാള്‍ പൂജാരിയാണെന്നു ധരിപ്പിച്ചാണ് ജോലിക്കു കയറിയതെന്ന് സംഭവത്തില്‍ ദേവസ്വം അധികൃതരും പ്രതികരിച്ചു. ഇയാളുടെ തട്ടിപ്പ് അറിഞ്ഞില്ല എന്നു ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റും പ്രതികരിച്ചു

error: Content is protected !!