കോന്നി ഇക്കോ ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിന് മാസ്റ്റർ പ്ലാൻ

 

konnivartha.com : കോന്നി ഇക്കോ ടൂറിസം പദ്ധതികളുടെ വിപുലീകരണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ തീരുമാനമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നി ഫോറസ്റ്റ് ഐ.ബി.യിൽ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ച ബയോഡൈവേഴ്സിറ്റി സർക്യൂട്ടിൽ കോന്നി ഇക്കോ ടൂറിസത്തെ ഉൾപ്പെടുത്തിയിരുന്നു.ഇതിൻ്റെ ഭാഗമായി ധാരാളം വിദേശ- സ്വദേശ ടൂറിസ്റ്റുകൾ കോന്നിയിൽ എത്തിച്ചേരും. ഈ സാഹചര്യം മുൻനിർത്തി ടൂറിസം രംഗത്ത് പരമാവധി സാധ്യതകൾ കണ്ടെത്തി ഉപയോഗിക്കുന്നതിനായാണ് യോഗം ചേർന്നത്.

ആനക്കൂടും, അനുബന്ധ കേന്ദ്രങ്ങളും വികസിപ്പിച്ചുള്ള വിപുലമായ ടൂറിസം സാധ്യതകളാണ് മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി തയ്യാറാക്കുന്നത്. തെന്മല ഇക്കോ ടൂറിസത്തിൽ നിന്നുമുള്ള സംഘം മാസ്റ്റർ പ്ലാൻ തയ്യാറാക്കാനായി കോന്നിയിൽ ഉടൻ എത്തും.

ആനക്കൂട്ടിൽ കൂടുതൽ സ്ഥലം ടൂറിസം പ്രവർത്തനങ്ങൾക്കായി മാറ്റി വയ്ക്കാനും യോഗത്തിൽ തീരുമാനമായി.ആനക്കൂടിൻ്റെ ഭാഗമായി കൂടുതൽ സ്ഥലമെടുത്ത് നടത്തേണ്ട പ്രവർത്തനങ്ങൾ മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി തയ്യാറാക്കും. ആനക്കൂടിൻ്റെ പ്രവർത്തന സമയവും വർദ്ധിപ്പിക്കുകയും, പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും.
അടവി ഹട്ടും,കുട്ട വഞ്ചി സവാരി കേന്ദ്രവും കൂടുതൽ ആകർഷകമാക്കും. കൂടുതൽ ആളുകൾക്ക് തൊഴിൽ നൽക്കത്തക്ക നിലയിലുള്ള പ്രവർത്തനങ്ങളാണ് ആവിഷ്കരിക്കുക.
സഞ്ചായത്തു കടവിലെ വനം വകുപ്പ് വക സ്ഥലവും, റവന്യൂ പുറമ്പോക്കും ഉപയോഗപ്പെടുത്തി ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കും.ഇവിടെ പെഡൽ ബോട്ട് സവാരിയും തുടങ്ങും.

ആനക്കൂടിന് എതിർ ഭാഗത്തുള്ള കോട്ടപ്പാറ മലയിലേയും ടൂറിസം സാധ്യതകൾ പരിശോധിക്കാൻ യോഗത്തിൽ തീരുമാനമായി.
കോന്നിയുടെ കാനന സൗന്ദര്യം ആസ്വദിക്കത്തക്ക നിലയിലുള്ള യാത്രകൾ ആനക്കൂട്ടിൽ നിന്നും ആരംഭിക്കും.ഈ യാത്രയ്ക്ക് ടൂറിസം കേന്ദ്രത്തിൽ നിന്ന് വാഹനവും ക്രമീകരിക്കും.
ആനയും, ആനക്കൂടും, അച്ചൻകോവിലാറും, കാനന യാത്രകളും, അടവിയും, നിരവധി പുതിയ കേന്ദ്രങ്ങളും ഉൾപ്പെടുത്തിയുള്ള പ്രകൃതിക്കിണങ്ങുന്ന ടൂറിസം പദ്ധതികളുടെ കേന്ദ്രമായി കോന്നിയെ മാറ്റുമെന്ന് എം.എൽ.എ പറഞ്ഞു.

യോഗത്തിൽ എം.എൽ.എയെ കൂടാതെ ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്യാം മോഹൻ ലാൽ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ജോജീ ജോർജ്ജ്, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!