കോന്നി വീനസ്‌ ബുക്സ്‌: പഴമക്കാരെ വായനയിലൂടെ നയിച്ച പുസ്തക പ്രസാധക മുത്തശ്ശി

കോന്നി വീനസ്‌ ബുക്സ്‌: പഴമക്കാരെ വായനയിലൂടെ നയിച്ച
പുസ്തക പ്രസാധക മുത്തശ്ശി

അഗ്നി @കോന്നി വാര്‍ത്ത ഡോട്ട് കോം

കോന്നി വാര്‍ത്ത ഡോട്ട് കോം :വായനദിന ചർച്ചകൾ നാടെങ്ങും ഓൺലൈനായും അല്ലാതെയും നടക്കുമ്പോൾ മലയാളി ഓർത്തുവെയ്ക്കേണ്ട ഒരു പേരുണ്ട്‌ . പുസ്തകപ്രസാധകരംഗത്തെ കാരണവസ്ഥാനീയരായ കോന്നി വീനസ്‌ ബുക്സ്‌. മലയാളത്തിലെ ആദ്യ പുസ്തകപ്രസാധകർ ആരെന്ന ചോദ്യത്തിന്റെ ഉത്തരമാണു രാജ്യത്തിന്റെ സ്വാതന്ത്ര്യലബ്ധിക്കും പതിറ്റാണ്ടുകൾക്കു മുൻപ്‌ പുസ്തകപ്രസിദ്ധീകരണം ആരംഭിച്ച കോന്നി വീനസ്‌ ബുക്സ്‌.

ഇന്നത്തെ പുസ്തക പ്രസാധകവമ്പന്മാരായ ഡി സി ബുക്സും കറന്റ്‌ ബുക്സും ഒന്നും നിലവിലില്ലാതിരുന്ന അക്കാലത്ത്‌ കോന്നി വീനസ്‌ ബുക്സ്‌ വഴിയാണു അക്കാലത്തെ പ്രമുഖരൊക്കെയും അവരവരുടെ സർഗ്ഗക്രിയാസാരങ്ങൾ പുസ്തകരൂപത്തിലാക്കി അച്ചടിച്ചിട്ടുള്ളത്‌.

ഇ കെ നായനാർ, ഗുരു നിത്യ ചൈതന്യയതി, ജഗതി എൻ കെ ആചാരി , എൻ പി ചെല്ലപ്പൻ പിള്ള, എം മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ , വേളൂർ കൃഷ്ണൻ കുട്ടി, വി കെ മാധവൻ കുട്ടി , പ്രൊഫ: കോന്നിയൂർ മീനാക്ഷിയമ്മ, സി പി നായർ ഐ എ എസ്‌,
പമ്മൻ തുടങ്ങി ആയിരക്കണക്കിനു പ്രമുഖരുടെ ആദ്യപുസ്തകങ്ങൾ പ്രകാശിതമായത്‌ കോന്നി വീനസ്‌ ബുക്സിലൂടെയാണ് .

മലയോര നാടായ കോന്നിയെക്കുറിച്ച്‌ ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്കെത്തുന്നത്‌ കോന്നി ആനക്കൂടും പിന്നെ വീനസ്‌ ബുക്സുമാണെന്ന് മലയാളത്തിന്റെ പ്രിയ നോവലിസ്റ്റ്‌ പെരുമ്പടവം ശ്രീധരൻ എഴുതിയിട്ടുണ്ട്‌.
കല്ലറ കൃഷ്ണൻ നായർ മെമ്മോറിയൽ സ്കൂൾ എന്ന കോന്നി കെ കെ എൻ എം ഹൈസ്കൂൾ ഉടമസ്ഥനും കല്ലറ കൃഷ്ണൻ നായരുടെ മകനുമായ ഇ കെ ശേഖർ എന്ന കോന്നിയിലെ ആദ്യകാല എഞ്ചിനീയറിംഗ്‌ ബിരുദധാരിയാണ് എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ച്‌ വീനസ്‌ ബുക്സ്‌ പുസ്തകപ്രസാധനശാലയ്ക്ക്‌ തുടക്കമിടുന്നത്‌.

പി എൻ പണിക്കരുടെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും കേരളത്തിലെ ആദ്യകാല ഗ്രന്ഥശാലകൾക്കും വലിയതോതിൽ കരുത്തുപകരാൻ വീനസ്‌ ബുക്സിനും ഇവിടെ നിന്ന് അച്ചടിച്ച്‌ പുറത്തിറങ്ങിയ കഴിഞ്ഞു.പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളൂ എന്ന ജർമ്മൻ ചിന്തകൻ ബ്രത്തോൾ ബ്രഹ്ത്തിന്റെ വാക്കുകളിൽ നിന്ന് ഊർജ്ജം പകർന്ന് കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും പുസ്തകപ്രേമികൾ കോന്നി പത്തനാപുരം റൂട്ടിൽ എലിയറയ്ക്കൽ ജംഗ്ഷനിൽ റോഡ്‌ സൈഡിലെ പുരാതന ഇരുനിലക്കെട്ടിടത്തിൽ സ്ഥിതി ചെയ്യുന്ന വീനസ്‌ ബുക്സിലേക്ക്‌ ധാരാളമായി എത്തിയിരുന്നു. പുസ്തകവായനയുടെ പൂക്കാലമായിരുന്നു അത്‌. ഇന്നിപ്പോൾ വീനസ്‌ ബുക്സ്‌ സ്ഥാപകൻ ഇ കെ ശേഖറിന്റെ കൊച്ചുമകളും സ്പീഡ് കാർട്ടൂണിസ്റ്റ്‌ ജിതേഷ്ജിയുടെ സഹധർമ്മിണിയുമായ ഉണ്ണിമായയാണ് വീനസ്‌ ബുക്സിന്റെയും പ്രസ്സിന്റെയും ഉടമസ്ഥയും മാനേജിംഗ്‌ ഡയറക്റ്ററും. കടലാസിലെ പമ്പരാഗത അച്ചടിയുടെയും പ്രസിധീകരണത്തിന്റെയും യുഗത്തിൽ നിന്ന് ഇന്റർന്നെറ്റ്‌ പബ്ലീഷിംഗ്‌ അഥവാ ഇ പബ്ലിഷിംഗ്‌ യുഗത്തിലേക്ക്‌ രൂപാന്തരം സംഭവിക്കുമ്പോൾ പിഡി എഫ്‌ ബുക്ക്‌ പബ്ളിഷിംഗ്‌ അടക്കമുള്ള ഇ പബ്ളിഷിംഗ്‌ രംഗത്തേക്ക്‌ കാലോചിതമായ ചുവടുമാറ്റത്തിനൊരുങ്ങുകയാണു കോന്നി വീനസ്‌ ബുക്സ്‌ എന്ന പ്രസാധകമുത്തശ്ശിയുടെ ഇപ്പോഴത്തെ സാരഥികളായ ഉണ്ണിമായയും പ്രിയതമനായ കാർട്ടൂണിസ്റ്റ്‌ ജിതേഷ്ജിയും

ഇ  കെ ശേഖറും ഭാര്യ സുശീലാ ശേഖറും ഇന്ദിരാഗാന്ധിക്കൊപ്പം

error: Content is protected !!